കേരള ടൂറിസത്തിന്റെ #മൈകേരളസ്റ്റോറി മത്സരത്തിന് മികച്ച പ്രതികരണം

• റീല്‍സ്, ഷോട്സ് വീഡിയോകള്‍ ജനുവരി 31 വരെ അയക്കാം

തിരുവനന്തപുരം: ലോകമെങ്ങുമുളള റീല്‍സ്, ഷോട്സ് പ്രേമികള്‍ക്കായി കേരള ടൂറിസം സംഘടിപ്പിക്കുന്ന #മൈകേരളസ്റ്റോറി ഓണ്‍ലൈന്‍ മത്സരത്തിന് ആവേശകരമായ പ്രതികരണം. ഇതിനോടകം അഞ്ഞൂറില്‍പരം രജിസ്ട്രേഷനുകളാണ് ലഭിച്ചിട്ടുള്ളത്.


കേരളത്തെ കുറിച്ച് 10 സെക്കന്റ് മുതല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വെര്‍ട്ടിക്കല്‍ വീഡിയോ ആണ് തയ്യാറാക്കേണ്ടത്. പ്രകൃതിദൃശ്യങ്ങള്‍, വനവും വന്യജീവികളും, ചരിത്രവും പൈതൃകവും, കലാരൂപങ്ങള്‍, പാചകം, ആഘോഷങ്ങളും ഉത്സവങ്ങളും എന്നിവയായിരിക്കണം വീഡിയോയുടെ പ്രതിപാദ്യം. ഏറ്റവും മികച്ച 30 വീഡിയോകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. മികച്ച വീഡിയോകള്‍ കേരള ടൂറിസത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ ഫീച്ചര്‍ ചെയ്യും.
പുതിയ ഡെസ്റ്റിനേഷനുകള്‍ കണ്ടെത്താനും സഞ്ചാരികള്‍ക്ക് പരിചിതമാക്കാനുമുള്ള ടൂറിസം വകുപ്പിന്റെ ഉദ്യമത്തിന് പ്രചോദനമേകാന്‍ #മൈകേരളസ്റ്റോറി മത്സരത്തിനാകുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
മത്സരത്തില്‍ പങ്കെടുക്കാന്‍ www.keralatourism.org/contest/my-kerala-story എന്ന ലിങ്കില്‍ രജിസറ്റര്‍ ചെയ്ത് വീഡിയോകള്‍ അപ്ലോഡ് ചെയ്യാം. എംഒവി, എംപിത്രി ഫോര്‍മാറ്റുകളിലുളള വീഡിയോകളാണ് അപ്ലോഡ് ചെയ്യേണ്ടത്. 2023 ജനുവരി 31 ആണ് അവസാന തീയതി. മത്സരത്തില്‍ പങ്കെടുക്കാന്‍ പ്രായപരിധിയില്ല. ഒരാള്‍ക്ക് അഞ്ച് എന്‍ട്രികള്‍ വരെ സമര്‍പ്പിക്കാം. മത്സരത്തെ കുറിച്ചുളള വിശദവിവരങ്ങളും നിയമാവലിയും ഈ ലിങ്കില്‍ ലഭ്യമാണ്.
സോഷ്യല്‍ മീഡിയയുടെ സാധ്യത പ്രയോജനപ്പെടുത്തിക്കൊണ്ട് കേരള ടൂറിസത്തിന്റെ പ്രചാരണവും പ്രോത്സാഹനവുമാണ് #മൈകേരളസ്റ്റോറി മത്സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ടൂറിസം ഡയറക്ടര്‍ പ്രേംകൃഷ്ണന്‍ എസ്. പറഞ്ഞു.