ഹര്‍ ഘര്‍ തിരംഗ: സ്‌കൂളുകളില്‍ ദേശീയ പതാകകള്‍ വിതരണം ചെയ്തു

എറണാകുളം ജില്ലയില്‍ 992 സ്‌കൂളുകളിലായി വിതരണം ചെയ്തത് 70,000ത്തോളം പതാകകള്‍

കൊച്ചി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള ‘ഹര്‍ ഘര്‍ തിരംഗ’യുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ദേശീയ പതാകകള്‍ വിതരണം ചെയ്തു. 992 സ്‌കൂളുകളിലായി 70,000ത്തോളം പതാകകളാണ് വിതരണം ചെയ്തത്.
ശനിയാഴ്ച്ച മുതല്‍ ഓഗസ്റ്റ് 15 വരെ ജില്ലയിലെ വീടുകളിലും സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പൗരസമൂഹങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലുമാണ് ദേശീയ പതാകകള്‍ ഉയര്‍ത്തുന്നത്.
മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്താനായി ജില്ലയില്‍ വിപുലമായ ഒരുക്കങ്ങളാണു നടത്തിയത്. കുടുംബശ്രീ വഴി ഒന്നര ലക്ഷം പതാകകളാണു നിര്‍മ്മിച്ചത്. സ്‌കൂളുകള്‍ വഴിയും തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുമാണ് പതാകകള്‍ വിതരണം ചെയ്യുന്നത്.
കുടുംബശ്രീ നിര്‍മിച്ച പതാകകള്‍ കൂടാതെ ചില സ്‌കൂളുകളും സ്വന്തമായി പതാകകള്‍ നിര്‍മിച്ചു. സ്‌കൂളുകളില്‍ നിന്ന് കുട്ടികളുടെ കൈവശമാണ് വീടുകളിലേക്ക് പതാകകള്‍ കൊടുത്തു വിട്ടത്. വിദ്യാര്‍ഥികള്‍ ഇല്ലാത്ത വീടുകളില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വഴി പതാകകള്‍ എത്തിക്കാനാണ് നിര്‍ദേശം.
ദേശീയ പതാകയോടുള്ള വൈകാരിക ബന്ധം വളര്‍ത്തുന്നതിനും ദേശീയ പതാകയെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 13 മുതല്‍ 15 വരെയാണ് പതാക ഉയര്‍ത്തേണ്ടത്. ദേശീയ പതാകയുടെ അന്തസ് നിലനിര്‍ത്തുംവിധം ഫഌഗ് കോഡ് പാലിച്ചുകൊണ്ടായിരിക്കണം ദേശീയ പതാക ഉയര്‍ത്തേണ്ടത്. ഇതിനായി കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ പാലിച്ച് എല്ലാവരും ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അഭ്യര്‍ത്ഥിച്ചിരുന്നു.

 

കുടുംബശ്രീ നിര്‍മിച്ചത് 22 ലക്ഷം ദേശീയ പതാകകള്‍
* എല്ലാ ജില്ലകളിലും ഓര്‍ഡര്‍ അനുസരിച്ചുള്ള ദേശീയ പതാക വിതരണം അന്ത്യഘട്ടത്തില്‍

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന ‘ഹര്‍ ഘര്‍ തിരംഗ’ യുടെ ഭാഗമായി കുടുംബശ്രീ ഇന്നുവരെ നിര്‍മിച്ചത് 22 ലക്ഷം ദേശീയ പതാകകള്‍. സംസ്ഥാനത്തെ വിവിധ സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്നതിനു വേണ്ടിയാണിത്. ഓഗസ്റ്റ് 12 നകം വിതരണം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശ പ്രകാരം ഓര്‍ഡര്‍ നല്‍കിയ എല്ലാ സ്ഥാപനങ്ങളിലേക്കുമുളള പതാക വിതരണം അന്ത്യഘട്ടത്തിലാണ്.
ഓഗസ്റ്റ് 13 മുതല്‍ 15 വരെ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുടുംബശ്രീ യുണിറ്റുകള്‍ക്ക് ദേശീയ പതാക നിര്‍മിക്കാനുളള അവസരം കൈവന്നത്.

കുടുംബശ്രീക്ക് കീഴിലുള്ള അഞ്ഞൂറിലേറെ തയ്യല്‍ യൂണിറ്റുകളില്‍ നിന്നായി മൂവായിരത്തോളം അംഗങ്ങള്‍ മുഖേനയായിരുന്നു പതാക നിര്‍മാണം. അതത് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് ഓര്‍ഡര്‍ ലഭിച്ചത്.
ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവരുടെ പിന്തുണയോടെയാണ് പതാക നിര്‍മാണവും. ഓരോ ജില്ലയിലും കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണ് ഇതിന്റെ ഏകോപന ചുമതല.

വീടുകളില്‍ ദേശീയ പതാക: എല്ലാവരും പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15 വരെ കേരളത്തിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.
സ്വാതന്ത്ര്യ ലബ്ധിക്കു വേണ്ടി പോരാടി ജീവത്യാഗം ചെയ്ത മഹാത്മാക്കള്‍ക്ക് ആദരവ് അര്‍പ്പിക്കുന്നതിനും സ്‌നേഹം വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടിയില്‍ എല്ലാവരും പങ്കാളികളാകണം. വീടുകള്‍, സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തണം. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചും ജനനന്‍മയും സുസ്ഥിര വികസനവും ഉറപ്പാക്കിയും നമുക്ക് മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ ഘര്‍ തിരംഗ: സെല്‍ഫിയെടുക്കാം അപ്ലോഡ് ചെയ്യാം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി വെര്‍ച്വലായി പതാക പിന്‍ ചെയ്യുന്നതിനും ദേശീയ പതാകയ്ക്കൊപ്പം സെല്‍ഫിയെടുത്ത് അപ് ലോഡ് ചെയ്യാനുമായി വെബ്സൈറ്റ് പുറത്തിറക്കി. www.harghartiranga.com എന്ന വെബ്സൈറ്റ് വഴി സെല്‍ഫി അപ്ലോഡ് ചെയ്യാം.

ഹര്‍ ഘര്‍ തിരംഗ: സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ പ്രധാന സ്ഥലത്തു
ദേശീയ പതാക പ്രദര്‍ശിപ്പിക്കണം
സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ തിരംഗയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദര്‍ശിപ്പിക്കണമെന്നു ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അറിയിച്ചു. സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ അനുസരിച്ച് സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വര്‍ഷത്തേയും പോലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തണമെന്നും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.