ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിര്‍മാണത്തിന് ഉത്തരവായി

ആദ്യഘട്ടത്തില്‍ എഴുപതിനായിരത്തോളം പേര്‍ക്ക് വീട് നല്‍കാനാകുമെന്നാണ് പ്രതീക്ഷ
തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെയുആര്‍ഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ ഗുണഭോക്താക്കളുടെ വീട് നിര്‍മ്മാണം തുടങ്ങുന്നത്. 2017ലെ പട്ടികയില്‍ നിന്ന് ഇനിയും കരാര്‍ വെച്ച് ഫണ്ട് അഭ്യര്‍ഥന നടത്തിയിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് പകരം 2020 പട്ടികയിലുള്ളവര്‍ക്ക് അവസരം നല്‍കും. ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍ നിന്നും ഫണ്ട് അഭ്യര്‍ഥന നടത്താത്ത ഗുണഭോക്താക്കളുടെ എണ്ണത്തിന് തുല്യമായ എണ്ണം ഗുണഭോക്താക്കളെ പുതിയ പട്ടികയില്‍ നിന്ന് തെരഞ്ഞെടുക്കാം.
ലൈഫ് 2020 ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പട്ടികജാതി, പട്ടികവര്‍ഗ, ഫിഷറീസ് ഭവനരഹിത ഗുണഭോക്താക്കളെയും അതിദരിദ്ര സര്‍വേയിലൂടെ കണ്ടെത്തിയ ഭവനരഹിതരെയുമാണ് ആദ്യം പരിഗണിക്കുക. ഒരു ഗുണഭോക്താവിന് വായ്പാ ഘടകമായി പരമാവധി 2,20,000 രൂപ വിനിയോഗിക്കാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിനല്‍കി. ഇതുവഴി ആദ്യഘട്ടത്തില്‍ എഴുപതിനായിരത്തോളം പേര്‍ക്ക് വീട് നല്‍കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2017ലെ ലൈഫ് പട്ടികയിലെ ഭൂമിയുള്ള ഭവനരഹിതര്‍ക്കും, 2019ലെ പട്ടികജാതി/ പട്ടികവര്‍ഗ/ ഫിഷറിസ് അഡീഷണല്‍ ലിസ്റ്റിലെയും അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും വീട് നല്‍കിക്കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ ഈ വര്‍ഷം ഭവനപദ്ധതിക്കായി വകയിരുത്തിയ വികസനഫണ്ടും ത്രിതല പഞ്ചായത്ത് വിഹിതമായി ലഭിക്കാന്‍ സാധ്യതയുള്ളതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വകയിരുത്താന്‍ സാധിക്കുന്നതുമായ പരമാവധി തുകകളും വിനിയോഗിച്ച് ഭൂമിയും വീടും നല്‍കാനുള്ള പദ്ധതി ലൈഫ് 2020 പട്ടിക പ്രകാരം ഏറ്റെടുക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ ഗുണഭോക്താക്കള്‍ മറ്റൊരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയില്‍ ഭൂമി വാങ്ങിയാലും, ഭൂമി വാങ്ങുന്നതിനും വീട് നിര്‍മ്മിക്കുന്നതിനുമുള്ള തുക ഗുണഭോക്താവിനെ തെരഞ്ഞെടുത്ത തദ്ദേശ സ്വയം ഭരണ സ്ഥാപനം തന്നെ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍പ് ഈ വിഷയത്തില്‍ ചില അവ്യക്തതകള്‍ നിലനിന്നതിനാല്‍ നിര്‍ദേശം പുതുക്കി പുതിയ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ടെന്നും മന്ത്രിഅറിയിച്ചു.
ലൈഫ് ഭവന പദ്ധതിയിലൂടെ ഇതിനകം 3,14,425 വീടുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. 29,189 വീടുകള്‍ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലാണ്. ഭൂരഹിതരായ ഭവനരഹിതരുടെ വിഷയം മനസോടിത്തിരി മണ്ണ് പദ്ധതിയിലൂടെ പരിഹരിക്കാനും ഊര്‍ജിത ശ്രമം സര്‍ക്കാര്‍ നടത്തുന്നുണ്ട്. എല്ലാവര്‍ക്കും വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.