മലിനീകരണം കുറയ്ക്കുന്ന ഹൈഡ്രജന്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞതും മലിനീകരണം പൂര്‍ണമായി ഇല്ലാതാക്കുന്നതുമായ ഹൈഡ്രജന്‍ വാഹനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നു ഗതാഗത മന്ത്രി ആന്റണി രാജു. നോര്‍വെ എംബസി, ഇന്നൊവേഷന്‍ നോര്‍വെ, ദി എനര്‍ജി ആന്റ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് (ടി.ഇ.ആര്‍.ഐ) എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ ഷിപ്പിംഗ് ആന്റ് ഇ-മൊബിലിറ്റി ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കൊച്ചി മെട്രോ അനുബന്ധ സര്‍വ്വീസിന് ഉപയോഗിക്കാന്‍ 10 ഹൈഡ്രജന്‍ ബസുകള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പെന്നു മന്ത്രി പറഞ്ഞു. നോര്‍വെ പോലുള്ള രാജ്യങ്ങള്‍ പുനരുപയോഗ ഊര്‍ജ്ജ മേഖലയില്‍ നടത്തുന്ന പരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും പ്രയോജനപ്പെടുത്തണം. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ കാറായ ടൊയോട്ട മിറായ് രജിസ്റ്റര്‍ ചെയ്ത് ഗതാഗത വകുപ്പിന് കീഴിലുള്ള ശ്രീ ചിത്തിര തിരുനാള്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങിലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിനു നല്‍കിയ കാര്യവും മന്ത്രി പരാമര്‍ശിച്ചു. വാഹനപ്പെരുപ്പംമൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഒഴിവാക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഇ-മൊബിലിറ്റി, പുനരുപയോഗ ഊര്‍ജ്ജമെന്നും അദ്ദേഹം പറഞ്ഞു.
2030ഓടെ ഇന്ത്യയ്ക്ക് ആവശ്യമായ ഊര്‍ജത്തിന്റെ 50 ശതമാനവും പുനരുപയോഗ സ്രോതസുകളില്‍നിന്നു ലഭ്യമാക്കാനുള്ള പ്രയത്‌നത്തിലാണെന്ന് ടി.ഇ.ആര്‍.ഐ ഡയറക്ടര്‍ ജനറല്‍ ഡോ. വീഭാ ധവാന്‍ പറഞ്ഞു. നോര്‍വീജിയന്‍ അംബാസിഡര്‍ ഹാന്‍സ് ജേക്കബ് ഫ്രിഡന്‍ലന്റ്, ഇന്നൊവേഷന്‍ നോര്‍വേ ആന്റ് ഇന്ത്യ കണ്‍ട്രി ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ വ്ളാഡ്‌സ് കാര്‍ട്ടര്‍, ഏഷ്യ ആന്‍്ഡ് മിഡില്‍ ഈസ്റ്റ് ഇന്നൊവേഷന്‍ നോര്‍വെ റീജണല്‍ ഡയറക്ടര്‍ ഒലേ ഹെനസ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ആര്‍ ജ്യോതിലാല്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.