ഐഎഫ്എഫ്കെ 2022: ‘വഴക്ക്’ അകത്തും പുറത്തും

തിരുവനന്തപുരം,: തീയേറ്ററിനകത്ത് ‘വഴക്ക്’ തുടങ്ങിയിട്ടില്ല, സീറ്റ് കിട്ടാതെ മറ്റൊരുകൂട്ടം ചെറുപ്പക്കാർ പുറത്ത് വഴക്കും ബഹളവുമായി. സനൽകുമാർ ശശിധരന്റെ വഴക്കിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിസർവേഷൻ രീതിയിലാണ് സിനിമ കാഴ്ച എന്നുള്ളത് കൊണ്ട് തന്നെ ചിലർക്ക് സീറ്റ് കിട്ടാത്തതിലുള്ള വിഷമം സംവിധായകൻ തന്നെ പറഞ്ഞു. ഒരു അഭിഭാഷകന്റെ ജീവിതത്തിലെ നിർണായകമായ ഒരു ദിവസം അയാൾക്ക് ചുറ്റും നടക്കുന്ന അസാധാരണമായ സംഭവങ്ങൾ പറയുന്ന ചിത്രമാണ് വഴക്ക്. ലോങ്ങ് സീനുകളിലൂടെ ടോവിനോയും കനി കുസൃതിയും സിനിമയുടെ മറ്റൊരു തലത്തെയാണ് പരിചയപ്പെടുത്തുന്നത്. സിനിമയുടെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വഴക്കുകളുടെ ഒരു സീരിസ് കോമ്പിനേഷനാണ് ചിത്രത്തിലുടനീളം. സിദ്ധാർത്ഥൻ എന്ന കഥാപാത്രത്തെയാണ് ടോവിനോ ചെയ്തിരിക്കുന്നത്. സിദ്ധാർഥൻറെ മാനസികാവസ്ഥ അതിഗംഭീരമായി അവതരിപ്പിച്ച ടോവിനോയുടെ പ്രകടനവും അഭിനന്ദനം അർഹിക്കുന്നു. രഘു എന്ന കഥാപാത്രം അവതരിപ്പിച്ച അസീസ് നെടുമങ്ങാടിന്റെയും സതി ആയി എത്തുന്ന കനിയുടെയും പ്രകടനങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. ഇരുവരും അവരുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് വഴക്കിൽ പുറത്തെടുത്തിരിക്കുന്നത്. പ്രേക്ഷകരുടെ ഭാവനയ്ക്ക് വിട്ടുകൊണ്ടാണ് സംവിധായകൻ സനൽകുമാർ ശശിധരൻ ചിത്രം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. സിനിമ കാണാൻ കുറച്ചു വഴക്ക് ഒക്കെ നടക്കുന്നുണ്ടെങ്കിലും സനൽ കുമാർ ശശിധരന്റെ വഴക്കിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.