ബിഗ് മേളയിലെ മുന്തിയ “ജാട” കൾ

ജാട കാണിക്കാനുള്ള ഇടമായി സിനിമയെ മാറ്റിയവരും ഒരു ജാടയുമില്ലാതെ സിനിമയൊരുക്കിയ വരും മേളയുടെ സമ്മിശ്ര കാഴ്ചകളായി. സിനിമ കണ്ടിറങ്ങിയവർ സിനിമയെ വിലയിരുത്തിയത് ഈ രീതിയിലായിരുന്നു.

തിരുവനന്തപുരം: ജാടയിൽ പൂത്ത സിനിമയും ജാട കയറാത്ത പൂമരങ്ങളുള്ള സിനിമയും ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന്റെ മഹത്വവും മഹത്വമില്ലായ്മയുമായ് മാറിയ നിമിഷങ്ങൾ. രണ്ടും കണ്ടത് സാദാ ആസ്വാദകർ മുതൽ സിനിമയുടെ ഉച്ചിയിൽ തൊട്ടവരിൽ വരെ. ജാട കാണിക്കാനുള്ള ഇടമായി സിനിമയെ മാറ്റിയവരും ഒരു ജാടയുമില്ലാതെ സിനിമയൊരുക്കിയ വരും മേളയുടെ സമ്മിശ്ര കാഴ്ചകളായി. സിനിമ കണ്ടിറങ്ങിയവർ സിനിമയെ വിലയിരുത്തിയത് ഈ രീതിയിലായിരുന്നു.

സനൽ കുമാർ ശശിധരന്റെ ‘വഴക്ക് ‘ ജാട സിനിമയുടെ അവസാനത്തെ വാക്കാണെന്ന് പൊതു സംസാരം. സിനിമ കണ്ടിറങ്ങിയാൽ അങ്ങനെ പറഞ്ഞു പോകും. പക്ഷേ, ജാട സിനിമയ്ക്ക് ജാട യായി നിൽക്കുന്നത് അപാരമായ ക്യാമറ വിഷ്വലാണ്. അതൊരു ജാട തന്നെയാണെന്ന് വിമർശകരും തലയും ചങ്കും കുലുക്കി സമ്മതിക്കും. ഈ പ്രപഞ്ചം ചുറ്റി ഭൂമിയിലേക്കിറങ്ങുന്ന ക്യാമറ ചെന്ന് നിൽക്കുന്നൊരു പോക്കുണ്ട്. അത് അപാര സംഗതിയാണെങ്കിലും ക്ഷമ പരീക്ഷിക്കൽ കൂടിയായി. ക്യാമറ നമ്മേ കൊണ്ടുപോവുന്നത്കാടിനും മേടിനും മീതേ നീലാകാശം കാണാതെ കണ്ണിന് കൗതുകമേകുന്ന കാഴ്ചകളുടെ മനോഹാരിത ഒളിഞ്ഞിരിക്കുന്ന കാട്ടുപാതയുട വിമ്മിഷ്ടത്തിലേക്ക്. അവിടെ തുടങ്ങുന്നു വഴക്കിന്റെ തമ്മിലടി. കാറിലിരുന്നു കൊണ്ട് ഭാര്യയുമായി സംസാരിക്കുന്ന ഭർത്താവ്. പ്രേമിച്ച് വിവാഹിതരായ ഇവർക്ക് പൊരുത്തപ്പെടാനാവുന്നില്ല. പ്രത്യേകിച്ച് ഭാര്യയ്ക്ക് . വിവാഹ മോചനം ആവശ്യപ്പെടുന്ന ഭാര്യ.
അടുത്ത വഴക്ക് ആദിവാസി കൂരയിലെത്തുന്നു. അത് മറ്റൊരു വഴക്കിന്റെ കൊടും തീവ്രതയാകുമ്പോൾ ‘തെറി’ വാക്കുകൾ അതിർ വരമ്പുകൾ ചവിട്ടിപ്പൊളിക്കുകയാണ്. അത് മറ്റൊരു തിരച്ചിലിൽ എത്തുമ്പോൾ ആദിവാസികളുടെ നക്സൽ ബന്ധം എന്ന് സംശയത്തിലേക്ക് നീളുന്നു. പിന്നെ മറ്റൊരു വഴക്കിലേക്ക്. തോക്കിൻ മുനയിലിലൂടെ വഴക്ക് നീളുമ്പോൾ വീണ്ടും അ ന്തമില്ലാത്ത ആകാശ കാഴ്ചയിലേക്കും ഭൂഗോളക്കിലേക്കും ചെന്നിറങ്ങുകയാണ്. ജാട സിനിമയല്ലാതെ മറ്റെന്താണിതെന്നാണ് സിനിമ കണ്ടിറങ്ങിയ ഒരു മുതിർന്ന സംവിധായകൻ ചോദിച്ചത്.
ആദിവാസി കളുടെ മറ്റൊരു ജീവിതമാണ് പ്രിയ നന്ദനൻ ധാബരിക്കുരുവി യിലൂടെ പറയുന്നത്. പതിനഞ്ചാം വയസിൽ തന്തയാരെന്നറിയാതെ ഗർഭം ധരിക്കേണ്ടിവരുന്ന പാവം ആദിവാസി പെൺകുട്ടികളുടെ നീറുന്ന ജീവിതത്തിന്റെ ഉള്ളറയിലേക്ക് കനലുകൾ വാരി എറിയുകയാണ്. പഠിക്കാൻ മോഹിക്കുന്ന പെൺകുട്ടികൾക്ക് തടസം തളളിക്കയറുന്ന അവിഹിത ഗർഭവും അനാചാരങ്ങളുമാണ്. ആ ഗർഭം പൊട്ടിച്ചൊഴുകുന്നിടത്ത് അവൾ സ്വാതന്ത്ര്യത്തിന്റെ കുളിർക്കാറ്റേൽക്കുന്നു.
രണ്ട് കഥാപാത്രങ്ങൾ സംഭാഷണത്തിലെ വരച്ചുകാട്ടുന്ന സിദ്ധാർ ത്ഥ ശിവയുടെ ‘ആണ്’ എന്ന സിനിമ ഒരു വെറൈറ്റിയാണ്. നമിതാ പ്രമോദും സജിതാ മഠവും കഥാപാത്രങ്ങളെ മികവുറ്റതാക്കിയതാണ് ഈ സിനിമയുടെ പുതുമ. ബോറടിച്ച് തകർന്ന് തരിപ്പണമാകുമായിരുന്ന ഈ സിനിമയുടെ ജീവൻ ഇവർ രണ്ടു പേരുമാണ്. നമിതയുടെ അഭിനയം ഇതിന്റെ ഓജസും തേജസുമാണ്. ജാടയുടെ മെമ്പൊടി അത്ര ഏശാത്ത സിനിമ എന്ന് വിശേഷിപ്പിക്കാമെങ്കിലും നീളുന്ന സംഭാഷണം ഒരു ഘട്ടത്തിൽ ബോറടിയിലേക്ക് വഴുതി വീഴുമെന്നാകുന്ന വേളയിൽ ക്ളൈമാക്സ് മാറി വരുന്നതാണ് ജാടയില്ലാത്തിടത്തേക്ക് സിനിമയെ മാറ്റുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ ‘ വന്നവർ’ അത്ര പാഴല്ല. വിദ്യാർത്ഥികൾ തന്നെ അഭിനയവും സംവിധാനവും നിർമ്മാണവുമെല്ലാം. പഠിച്ചിട്ട് തൊഴിലില്ലാതെ അലയുന്നവരുടെ ജീവിത ദുരിതങ്ങളുടെ ജാടയില്ലാ പടം.
ലൗവ് ആന്റ് ലൈഫ് ഒരു ജാടയുമില്ലാത്ത സുന്ദരമായ ഒരു പ്രണയ കാവ്യമായി പ്രേക്ഷകരുടെ മനമിളക്കിയത് മേളയുടെ ചന്തമായി.