ചലച്ചിത്ര ലഹരി ജനങ്ങളിലെത്തിക്കാന്‍ മീഡിയ സെല്‍; ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി വീണാ ജോര്‍ജ്ജ്

തിരുവനന്തപുരം: താരസാന്നിധ്യങ്ങള്‍ക്കപ്പുറത്തുള്ള ചര്‍ച്ചകള്‍ പൊതുജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തമാണ് ഐ.എഫ്.എഫ്.കെ മീഡിയ സെല്ലിനുണ്ടാകേണ്ടതെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. 27ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയോട് അനുബന്ധിച്ചുള്ള മീഡിയ സെല്ലിന്റെ ഔദ്യോഗിക ഉദ്ഘാടനം ടാഗോര്‍ തിയേറ്ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
മേളയില്‍ സ്ത്രീ ചലച്ചിത്രപ്രവര്‍ത്തകരുടെ പങ്കാളിത്തം വര്‍ദ്ധിച്ചുവരുന്നത് മികച്ച മാറ്റമായിട്ടാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളില്ല എന്ന പ്രത്യേകതയും ഡിസംബര്‍ 9ന് തലസ്ഥാനത്ത് നടക്കുന്ന ചലച്ചിത്രമേളയുടെ ആകര്‍ഷണമാണെന്നും മന്ത്രി പറഞ്ഞു. അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല മാനവീകതയ്ക്കായുള്ള കാഴ്ചകളാണ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലൊരുക്കിയിട്ടുള്ളതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു പറഞ്ഞു.
ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, ദൈനംദിന വിശേഷങ്ങള്‍, അറിയിപ്പുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ശബ്ദശകലങ്ങള്‍ എന്നിവയും മീഡിയാ പാസും മേളയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട കിറ്റും മീഡിയാ സെല്ലില്‍ നിന്നും മാധ്യമങ്ങള്‍ക്ക് ലഭിക്കും. ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍ നിന്നും തെരഞ്ഞെടുത്തവരാണ് മീഡിയെ സെല്ലില്‍ സേവനങ്ങള്‍ നല്‍കുന്നത്.
ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, അക്കാദമി എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം ശങ്കര്‍ രാമകൃഷ്ണന്‍, ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം ജോബി, ഫെസ്റ്റിവല്‍ ഡെപ്യൂട്ടീ ഡയറക്ടര്‍ എച്ച്. ഷാജി, മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദിപീക സുശീലന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ അബ്ദുള്‍ റഷീദ്, മീഡിയ റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുരേഷ് കുമാര്‍, പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ട്രഷറര്‍ സുരേഷ് വെള്ളിമംഗലം എന്നിവര്‍ പങ്കെടുത്തു.