രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വം :പി. സായ്നാഥ്

ഇൻഡ്യയിൽ സാമ്പത്തിക അസമത്വം ദരിദ്രരെ കൂടുതൽ ദരിദ്രർ ആക്കിക്കൊണ്ടിരിക്കുന്നു

വർത്തമാനം ബ്യുറോ

സാമ്പത്തിക അസമത്വം ദരിദ്രരെ കൂടുതൽ ദരിദ്രർ ആക്കിക്കൊണ്ടിരിക്കുന്നു

ഗവർണറുടെ നടപടികൾ ഫെഡറലിസത്തെ തകർക്കുന്നത്: പി.സായ്നാഥ്

 

കൊല്ലം: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാമ്പത്തിക അസമത്വമാണെന്ന് മാധ്യമപ്രവർത്തകനും മാഗ്‌സസെ അവാർഡ് ജേതാവുമായ പി.സായ്നാഥ്. മുതിർന്ന മാധ്യമപ്രവർത്തകൻ ഇഗ്നേഷ്യസ് പെരേര രചിച്ച് കേരള മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘ബോംബേ ടു മുംബൈ’ പുസ്തക പ്രകാശനം ഭക്ഷ്യസുരക്ഷ കമ്മീഷൻ ചെയർമാൻ കെ. വി. മോഹൻകുമാറിന് കൈമാറി കൊല്ലം ബീച്ച് ഹോട്ടലിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് 2020 കാലഘട്ടത്തിൽ 98 ശതകോടീശ്വരൻമാരാണ് ഉണ്ടായിരുന്നത്.
ജി.ഡി.പി 7.7% കുറഞ്ഞ 2020-21 കാലയളവിൽ മാത്രം 42 പുതിയ ശതകോടീശ്വരൻമാരും.രാജ്യത്തെ ആകെ വളർച്ചാ നിരക്കിന്റെ 26% ത്തിനടുത്ത് വളരെ ചുരുങ്ങിയവരിലേക്ക് മാത്രം എത്തുന്ന സാമ്പത്തിക അസമത്വം ദരിദ്രരെ കൂടുതൽ ദരിദ്രർ ആക്കിക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

കർഷക സമരം കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നില്ല, മറിച്ച് ഭരണഘടന ആർട്ടിക്കിൾ 32ൽ ഉറപ്പ് നൽകുന്ന ഭരണഘടനാ പരിഹാരങ്ങൾ എന്ന മൗലികാവകാശം സംരക്ഷിക്കാൻ കൂടി ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളാ മീഡിയ അക്കാദമിയും കൊല്ലം പ്രസ്സ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച ചടങ്ങിൽ, മീഡിയ അക്കാദമി ചെയർമാൻ ആർ. എസ്.ബാബു അധ്യക്ഷനായി.
എം.മുകേഷ് എം. എൽ. എ മുഖ്യാതിഥിയായി പങ്കെടുത്തു. കൊല്ലം പ്രസ്സ് ക്ലബ് പ്രസിഡൻ്റ് ജി.ബിജു, സെക്രട്ടറി സനൽ. ഡി. പ്രേം, ഫാത്തിമ മാതാ നാഷണൽ കോളേജ് മലയാളം വകുപ്പ് മേധാവി ഡോ. പട്രീഷ്യ ജോൺ, ഇഗ്നേഷ്യസ് പെരേര, കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ എന്നിവർ സംസാരിച്ചു.

 

ഗവർണറുടെ നടപടികൾ ഫെഡറലിസത്തെ തകർക്കുന്നത് : പി സായ്നാഥ്


കൊല്ലം: രാജ്യത്തെ ഫെഡറൽ ഘടനക്ക് നിരക്കാത്ത പ്രവർത്തനങ്ങളാണ് ഗവർണറിൽ നിന്നും കാണുന്നതെന്ന് പ്രമുഖ പത്രപ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ പി സായ്നാഥ്. കൊല്ലം പ്രസ്സ് ക്ലബ്ബും കേരള മീഡിയ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച സംവാദത്തിൽ മാധ്യമ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും വർഷങ്ങളായി രാജ്യത്തെ ഫെഡറലിസം ഭീഷണി നേരിടുകയാണെന്നും ഇപ്പോഴത്തെ ഗവർണറുടെ പ്രവർത്തനങ്ങൾ ഭരണഘടന ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങൾക്കു മുൻപേ താൻ പരിചയപ്പെട്ട ആദർശശാലിയും മൗലിക വാദത്തിനെതിരെ സംസാരിച്ചിരുന്ന വിപ്ലവകാരിയുമായ ആരിഫ് മുഹമ്മദ് ഖാനിൽ നിന്ന് ഇന്നത്തെ ഗവർണറിലേക്ക് ഉണ്ടായ മാറ്റത്തിൽ അദ്ദേഹം അത്ഭുതം കൊണ്ടു.

ഫെഡറലിസം നേരിടുന്ന ഭീഷണികൾ തടുക്കാൻ മാധ്യമങ്ങൾക്കാവും, എന്നാൽ കോർപ്പറേറ്റ് സ്വാധീനങ്ങൾ കാരണം അത് സാധിക്കാതെ പോകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് അദൃശ്യമാകുന്ന ഇന്ത്യയല്ല,മറിച്ച് അന്ധമാകുന്ന ഇന്ത്യയാണ് എന്ന മുന്നറിയിപ്പും നൽകിയാണ് അദ്ദേഹം അവസാനിപ്പിച്ചത്.

കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏഷ്യനെറ്റ് എക്സിക്യുടീവ് എഡിറ്റർ എസ്.ബിജു മോഡറേറ്റർ ആയി.