കേരളത്തില്‍ വ്യവസായ നിക്ഷേപ സാഹചര്യം ശക്തിപ്പെട്ടു: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: കേരളത്തില്‍ വ്യവസായ നിക്ഷേപത്തിനുള്ള അനുകൂലമായ സാഹചര്യം ശക്തിപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ്. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായ സംരംഭകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് നടപ്പാക്കുന്ന സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വകുപ്പ് പുതുതായി നടപ്പാക്കുന്ന പരാതി പരിഹാര സംവിധാനം ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭകരെന്ന ലക്ഷ്യം പ്രതീക്ഷിച്ചതിലും മികച്ച രീതിയില്‍ കൈവരിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോവിഡ് പ്രതിസന്ധിയുണ്ടായിട്ടും 17,000 നു മുകളില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തവണയും വലിയ രീതിയില്‍ വ്യവസായ സംരംഭങ്ങള്‍ വരുന്നുണ്ട്. വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരത്തിനായാണ് സ്റ്റാറ്റിയൂട്ടറി ഗ്രീവന്‍സ് അഡ്രസ് മെക്കാനിസം രൂപീകരിച്ചത്. പുതിയ സംവിധാനത്തില്‍ പരാതി നല്‍കിയാല്‍ നിശ്ചിത ദിവസത്തിനകം ഉറപ്പായും തീരുമാനമുണ്ടാകും. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകള്‍ക്കും ബാധകമാകത്തക്കവിധമുള്ള സ്റ്റാറ്റിയൂട്ടറി അധികാരത്തോടെയാണു പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം. ഇവിടെനിന്നുള്ള തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ 15 ദിവസത്തിനകം നടപ്പാക്കണം. 16 ദിവസമായാല്‍ 250 രൂപ പിഴ ഈടാക്കും. ഈ രീതിയില്‍ 10,000 രൂപ വരെ പിഴ ഇടാക്കാന്‍ അധികാരമുള്ള സംവിധാനമാണിത്. ഇത് വ്യവസായ മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തു മെച്ചപ്പെട്ട വ്യവസായ അനുകൂല സംസ്ഥാനമാണു കേരളമെന്നു മന്ത്രി വി. ശിവന്‍കുട്ടി ചടങ്ങില്‍ ചൂണ്ടിക്കാട്ടി. മികച്ച തൊഴിലുടമാ – തൊഴിലാളി ബന്ധം കേരളത്തിലുണ്ട്. സംസ്ഥാനത്ത് മികച്ച തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, ഡയറക്ടര്‍ എസ്. ഹരികിഷോര്‍, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ.എസ്.എസ്.ഐ.എ. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എ. ഫസലുദ്ദീന്‍, എഫ്.ഐ.സി.സി.എ. സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍ എം.ഐ. സഹദുള്ള, പി. ഗണേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.