ഹയര്‍ സെക്കന്‍ഡറി ഫലം: 83.87 ശതമാനം പേര്‍ക്ക് ഉപരിപഠന യോഗ്യത

വിജയ ശതമാനം കൂടുതല്‍ കോഴിക്കോട്, കുറവ് വയനാട്
78 സ്‌കൂളുകളില്‍ 100 % വിജയം
തിരുവനന്തപുരം: സംസ്ഥാനത്തെ 2022 മാര്‍ച്ച് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 83.87 ശതമാനം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 2028 സ്‌കൂളുകളിലായി സ്‌കൂള്‍ ഗോയിംഗ് റഗുലര്‍ വിഭാഗത്തില്‍ 3,61,091 പേര്‍ പരീക്ഷ എഴുതിയതില്‍ 3,02,865 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം 87.94 ശതമാനം പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ഒന്നാം വര്‍ഷത്തെ പരീക്ഷയുടെ സ്‌കോറുകള്‍ കൂടി കണക്കിലെടുത്താണ് പരീക്ഷാഫലം നിര്‍ണയിച്ചത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങള്‍ക്ക് ഇരട്ട മൂല്യനിര്‍ണ്ണയ രീതിയാണ് അവലംബിച്ചതെന്ന് പരീക്ഷാ ഫലം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി. വി. ശിവന്‍കുട്ടി പറഞ്ഞു.
1,89,370 പെണ്‍കുട്ടികളില്‍ 1,69,095 പേരും (89.29%), 1,73,306 ആണ്‍കുട്ടികളില്‍ 1,34,871 പേരും (77.82%) ഉന്നത പഠനത്തിന് യോഗ്യത നേടി. 1,79,153 സയന്‍സ് വിദ്യാര്‍ഥികളില്‍ 1,54,320 പേരും (86.14%), 72,983 ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥികളില്‍ 55,183 പേരും (75.61%), 1,08,955 കോമേഴ്‌സ് വിദ്യാര്‍ഥികളില്‍ 93,362 പേരും (85.69%) ഉന്നത പഠനത്തിന് യോഗ്യത നേടി. പട്ടികജാതി വിഭാഗത്തില്‍ 35,455 ല്‍ 21,599 പേരും (60.91%) പട്ടികവര്‍ഗ വിഭാഗത്തില്‍ 5,622 ല്‍ 3,002 പേരും (53.39%) ഒ.ഇ.സി. വിഭാഗത്തില്‍ 12,967 ല്‍ 9,493 പേരും (73.20%) ഒ.ബി.സി വിഭാഗത്തില്‍ 2,27,763 ല്‍ 1,96,886 പേരും (86.44%) ജനറല്‍ വിഭാഗത്തില്‍ 79,284 ല്‍ 71,885 പേരും (90.66%) ഉന്നത പഠനത്തിന് അര്‍ഹത നേടി.
ഗവണ്‍മെന്റ് മേഖലയിലെ സ്‌കൂളുകളില്‍ നിന്ന് 1,53,673 ല്‍ 1,25,581 പേരും (81.72%) എയ്ഡഡ് മേഖലയിലെ 1,83,327 ല്‍ 1,57,704 പേരും (80.02%) അണ്‍എയ്ഡഡ് മേഖലയിലെ 23,884 ല്‍ 19,374 പേരും (81.12%) ഉന്നത പഠനത്തിന് യോഗ്യരായി.
റഗുലര്‍ സ്‌കൂള്‍ ഗോയിംഗ് വിഭാഗത്തില്‍ 28,450 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടി. ഇതില്‍ 22,117 പേര്‍ പെണ്‍കുട്ടികളും 6,333 പേര്‍ ആണ്‍കുട്ടികളുമാണ്. സയന്‍സ് വിഭാഗത്തില്‍ 19,490 പേര്‍ക്കും ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 2,871 പേര്‍ക്കും കോമേഴ്‌സ് വിഭാഗത്തില്‍ നിന്ന് 6,089 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് ലഭിച്ചു. ഇതില്‍ 53 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും (1200/1200) ലഭിച്ചു.
52,432 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ അതിനു മുകളിലോ നേടിയപ്പോള്‍ 54,557 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി+ ഗ്രേഡോ അതിനു മുകളിലോ 61,893 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും ബി ഗ്രേഡോ അതിനു മുകളിലോ 64,059 പേര്‍ സി+ ഗ്രേഡോ അതിനു മുകളിലോ 41,419 പേര്‍ സി ഗ്രേഡോ അതിനു മുകളിലോ 56 പേര്‍ ഡി+ ഗ്രേഡോ അതിനു മുകളിലോ നേടി. 58,099 പേര്‍ക്ക് ഡി ഗ്രേഡും 72 പേര്‍ക്ക് ഇ ഗ്രേഡുമാണ് ലഭിച്ചിട്ടുള്ളത്.
വിജയ ശതമാനം ഏറ്റവും കൂടുതല്‍ കോഴിക്കോട് ജില്ലയിലും (87.79%) എറ്റവും കുറവ് വയനാട് ജില്ലയിലുമാണ് (75.07%). ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ (784 പേര്‍) പരീക്ഷയ്ക്ക് സജ്ജരാക്കിയ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 89.92% പേര്‍ ഉന്നത പഠനത്തിന് യോഗ്യരായി. മലപ്പുറം ജില്ലയിലെ എസ്.വി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പാലേമേട്, എം.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കല്ലിങ്ങല്‍പ്പറമ്പ, എന്നീ സ്‌കൂളുകളില്‍ യഥാക്രമം 741 ഉം 714 ഉം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. വിജയശതമാനം യഥാക്രമം 85.43 ഉം 96.64 ഉം ആണ്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ ഗ്രേഡിനര്‍ഹരാക്കിയ ജില്ല മലപ്പുറം (4,283) ആണ്. നൂറുശതമാനം വിജയം കരസ്ഥമാക്കിയ 78 സ്‌കൂളുകളാണുള്ളത്. മുപ്പതില്‍ താഴെ വിജയശതമാനമുള്ള സ്‌കൂളുകളുടെ എണ്ണം 17 ആണ്.
ഹയര്‍ സെക്കന്‍ഡറിയുടെ സിലബസ് പിന്തുടരുന്ന 15 ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നായി 1,518 പേര്‍ പരീക്ഷ എഴുതിയതില്‍ 1,043 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി (68.71%). 33 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് ലഭിച്ചു.
കേരള കലാമണ്ഡലം ആര്‍ട്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 67 വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്കിരുന്നതില്‍ 58 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. വിജയശതമാനം 86.57.
44,890 വിദ്യാര്‍ഥികള്‍ സ്‌കോള്‍ കേരള മുഖാന്തിരം രജിസ്റ്റര്‍ ചെയ്ത് പരീക്ഷ എഴുതി. ഇതില്‍ 21,185 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 47.19. 583 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ ഗ്രേഡ് നേടി. സയന്‍സ് വിഭാഗത്തില്‍ നിന്ന് 980 പേരില്‍ 911 പേരും (92.96%), ഹ്യൂമാനിറ്റീസ് വിഭാഗത്തില്‍ നിന്ന് 28,320 പേരില്‍ 12,977 പേരും (45.82%), കോമേഴ്‌സ് വിഭാഗത്തില്‍ നിന്ന് 15,590 പേരില്‍ 7,297 പേരും (46.81%) ഉപരിപഠനത്തിന് അര്‍ഹത നേടി. ഓപ്പണ്‍ പഠന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയ്ക്കിരുന്നത് മലപ്പുറം ജില്ലയിലാണ് 18,446 പേര്‍.
2010 മാര്‍ച്ച് മുതല്‍ 2021 മാര്‍ച്ച് വരെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്തവരും 2022 ജനുവരി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതിയവരും 2022 മാര്‍ച്ച് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുമടങ്ങുന്ന പ്രൈവറ്റ് കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗത്തില്‍ 15,324 പേര്‍ പരീക്ഷ എഴുതിയതില്‍ 5,636 പേര്‍ ഉപരി പഠന യോഗ്യത നേടി. വിജയശതമാനം 36.78.
ഒന്നും രണ്ടും വര്‍ഷത്തെ പൊതുപരീക്ഷകളുടെ സ്‌കോറുകളും നിരന്തര മൂല്യനിര്‍ണയ സ്‌കോറും പ്രായോഗിക പരീക്ഷയുടെ സ്‌കോറും സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വിഷയത്തിനും ലഭിച്ച മൊത്തം സ്‌കോറും ഗ്രേഡും സര്‍ട്ടിഫിക്കറ്റില്‍ ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്റെ വിതരണം ജൂലൈ മാസം പൂര്‍ത്തീകരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തി. 2013 മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂള്‍ സീലും പ്രിന്‍സിപ്പലിന്റെ ഒപ്പും രേഖപ്പെടുത്തിയാണ് നല്‍കുന്നത്. സര്‍ട്ടിഫിക്കറ്റിന്റെ കൗണ്ടര്‍ ഫോയിലുകള്‍ സ്‌കൂളില്‍ സൂക്ഷിക്കണം. കംപാര്‍ട്ട്‌മെന്റലായി പരീക്ഷ എഴുതി ഉന്നത പഠനത്തിനു യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്ക് അവര്‍ മുന്‍ പരീക്ഷയില്‍ യോഗ്യത നേടിയ സ്‌കോറുകളും ഇത്തവണ നേടിയ സ്‌കോറുകളും ചേര്‍ത്തുള്ള കണ്‍സോളിഡേറ്റഡ് സര്‍ട്ടിഫിക്കറ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതിനുള്ള സൗകര്യങ്ങള്‍ ഡയറക്ടറേറ്റില്‍ നിലവിലുണ്ട്. കുട്ടികളുടെ ഫോട്ടോയും മറ്റു അനുബന്ധ വിവരങ്ങളും ഉള്‍പ്പെടുത്തിയ പരിഷ്‌കരിച്ച സര്‍ട്ടിഫിക്കറ്റുകളാണ് 2020 മുതല്‍ നല്‍കി വരുന്നത്.
2022 മാര്‍ച്ചിലെ രണ്ടാം വര്‍ഷ പരീക്ഷയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. 2022 ലെ സേ/ ഇംപ്രൂവ്‌മെന്റ് പരീക്ഷാ നോട്ടിഫിക്കേഷന്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
വിദ്യാര്‍ഥികള്‍ക്ക് പുനര്‍മൂല്യനിര്‍ണയത്തിനോ ഉത്തരക്കടലാസുകളുടെ പകര്‍പ്പിനോ സൂക്ഷ്മ പരിശോധനയ്‌ക്കോ അപേക്ഷിക്കാം. ഇരട്ട മൂല്യ നിര്‍ണ്ണയം നടന്ന ഫിസിക്‌സ്, കെമിസ്ട്രി, മാത്തമറ്റിക്‌സ് വിഷയങ്ങള്‍ക്ക് പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്മ പരിശോധനയും ഉണ്ടായിരിക്കില്ല. എന്നാല്‍ അവര്‍ക്ക് ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് അപേക്ഷിക്കാം. അപേക്ഷകള്‍, അവരവര്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളിലാണ് സമര്‍പ്പിക്കേണ്ടത്. ഡയറക്ടറേറ്റില്‍ അപേക്ഷകള്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാഫോറങ്ങളുടെ മാതൃക സ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലിലും ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിന് 500 രൂപയും ഉത്തരക്കടലാസുകളുടെ പകര്‍പ്പിന് 300 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് 100 രൂപയുമാണ് പേപ്പറൊന്നിന് ഫീസ്. അപേക്ഷകള്‍ ജൂണ്‍ 22 മുതല്‍ സ്‌കൂളുകളില്‍ സമര്‍പ്പിക്കാം. നോട്ടിഫിക്കേഷന്‍ ഹയര്‍സെക്കന്‍ഡറി പോര്‍ട്ടലില്‍ ലഭിക്കും

വി.എച്ച്.എസ്.ഇയില്‍ ഉപരിപഠന യോഗ്യത 78.26ശതമാനം

ഈ വര്‍ഷത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ 78.26 ശതമാനം പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. പരീക്ഷ എഴുതിയ 29711 വിദ്യാര്‍ഥികളില്‍ 23251 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. പ്രൈവറ്റായി പരീക്ഷയെഴുതിയ 1299 പേരില്‍ 560 പേര്‍ ഉപരിപഠന യോഗ്യത നേടി. 43.11 ആണ് വിജയശതമാനം. ദേശീയ നൈപുണ്യ യോഗ്യതാ ചട്ടക്കൂട് (എന്‍എസ്‌ക്യുഎഫ് സ്‌കീം) അനുസരിച്ചുള്ള നൈപുണ്യ പരിശീലനം പൂര്‍ണമായി നടപ്പാക്കിയ ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് ഇത്തവണ നടന്നതെന്ന് ഫലപ്രഖ്യാപനം നടത്തി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
261 സര്‍ക്കാര്‍ സ്‌കൂളുകളും 128 എയ്ഡഡ് സ്‌കൂളുകളുമടക്കം 389 വി.എച്ച്.എസ്.ഇ. സ്‌കൂളുകളാണു പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ളത്. ഇതില്‍ 261 സര്‍ക്കാര്‍ സ്‌കൂളുകളില്‍ എന്‍എസ്‌ക്യുഎഫ് പാഠ്യപദ്ധതി പ്രകാരമാണു പരീക്ഷ നടത്തിയത്. കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിങ്(എന്‍എസ്‌ക്യുഎഫ്) സ്‌കീം റെഗുലര്‍ ആന്‍ഡ് പ്രൈവറ്റ്, കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് (റിവൈസ്ഡ് കം മോഡ്യുലാര്‍) സ്‌കീം (പ്രൈവറ്റ്), കണ്ടിന്യൂസ് ഇവാല്യുവേഷന്‍ ആന്‍ഡ് ഗ്രേഡിങ് റിവൈസ്ഡ് സ്‌കീം(പ്രൈവറ്റ്) എന്നീ സ്‌കീമുകളിലാണു പരീക്ഷ നടത്തിയത്. ഒമ്പതു പോയിന്റ് സ്‌കെയിലിങ്ങുള്ള ഗ്രേഡിങ് മൂല്യ നിര്‍ണയ രീതിയില്‍ പാര്‍ട്ട് ഒന്നിലും രണ്ടിലും യോഗ്യത നേടുന്നവര്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റിനും സ്‌കില്‍ സര്‍ട്ടിഫിക്കറ്റിനും അര്‍ഹരാകും. ഇവര്‍ക്ക് തൊഴില്‍ നേടുന്നതിനും അപ്രന്റിസ്ഷിപ്പിനും അര്‍ഹരാണ്. പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും യോഗ്യത നേടുന്നവരാണ് ഉപരിപഠനത്തിന് അര്‍ഹത നേടുന്നത്.
ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം കൊല്ലം ജില്ലയിലും (87.77) ഏറ്റവും കുറവ് കാസര്‍കോഡ് ജില്ലയിലും (64.97) ആണ്. 178 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. 10 സര്‍ക്കാര്‍ സ്‌കൂളുകളും അഞ്ച് എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം കൈവരിച്ചു. 28 സ്‌കൂളുകളില്‍ 50 ശതമാനത്തില്‍ താഴെയാണു വിജയം.
പൊതുവിഭാഗത്തില്‍നിന്നുള്ള 5144 വിദ്യാര്‍ഥികളില്‍ 4288 പേര്‍ ഉപരി പഠനത്തിനു യോഗ്യത നേടി. 83.36 ആണ് വിജയ ശതമാനം. ഒ.ബി.സി വിഭാഗത്തില്‍ 20126 പേര്‍ പരീക്ഷയെഴുതിയതില്‍ 15919 പേരും(79.10%) ഒ.ഇ.സി. വിഭാഗത്തില്‍ 1501 പേര്‍ പരീക്ഷയെഴുതിയതില്‍ 1142 പേരും(76.08%) ഉപരി പഠനത്തിനു യോഗ്യത നേടി. പട്ടികജാതി വിഭാഗത്തില്‍നിന്ന് 2689 പേര്‍ പരീക്ഷയെഴുതിയതില്‍ 1768 പേര്‍ ഉപരിപഠനത്തിനു യോഗ്യരായി. 65.75 ആണ് വിജയ ശതമാനം. പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് 251 പേര്‍ പരീക്ഷയെഴുതിയതില്‍ 134 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. വിജയശതമാനം 53.39.
സംസ്ഥാനത്തെ നാലു ബധിര മൂക സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം തയാറാക്കിയ ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തില്‍ പരീക്ഷകള്‍ നടത്തി. ഗവ. വി.എച്ച്.എസ്.എസ്. ആന്‍ഡ് ടി.എച്ച്.എസ്. ഫോര്‍ ഡെഫ് ജഗതി, സി.എസ്.ഐ. വി.എച്ച്.എസ്.എസ്. ഫോര്‍ ഡെഫ് തിരുവല്ല, കുന്നംകുളം ഗവ. ഡെഫ് വി.എച്ച്.എസ്.എസ്, ഒറ്റപ്പാലം ഗവ. വി.എച്ച്.എസ്.എസ്. ഫോര്‍ ഡെഫ് എന്നിവയാണു നാലു സ്‌കൂളുകള്‍. നാലു സ്‌കൂളും 100 ശതമാനം വിജയം നേടി.
ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയവും സൂക്ഷ്്മ പരിശോധനയും നടത്തുന്നതിന് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് മതിയായ ഫീസ് സഹിതം പഠനം പൂര്‍ത്തിയാക്കിയ സ്‌കൂളില്‍ ജൂണ്‍ 27നു വൈകിട്ട് നാലിനുള്ളില്‍ സമര്‍പ്പിക്കം. ഒന്നിലധികം വിഷയങ്ങളുണ്ടെങ്കിലും ഒരു അപേക്ഷാ ഫോം മതിയാകും. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പ് അപേക്ഷയ്ക്കൊപ്പം ഉള്ളടക്കം ചെയ്യണം ഇരട്ട മൂല്യനിര്‍ണയം നടത്തിയ ഫിസിക്സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങള്‍ക്ക് സൂക്ഷ്മ പരിശോധന, പുനര്‍ മൂല്യനിര്‍ണയം എന്നിവ ഉണ്ടായിരിക്കില്ല.
ഉത്തരക്കടലാസുകള്‍ പുനര്‍ മൂല്യനിര്‍ണയം നടത്തുന്നതിന് പേപ്പര്‍ ഒന്നിന് 500 രൂപയും സൂക്ഷ്മ പരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയുമാണ് ഫീസ്. പുനര്‍ മൂല്യനിര്‍ണയ ഫലം ജൂലൈയില്‍ പ്രസിദ്ധീകരിക്കും. 2022 മാര്‍ച്ചിലെ പരീക്ഷയ്ക്കു രജിസ്റ്റര്‍ ചെയ്യുകയും ഉപരിപഠന യോഗ്യത നേടാന്‍ കഴിയാതാകുകയോ വിവിധ കാരണങ്ങളാല്‍ പരീക്ഷയ്ക്കു ഹാജരാകാതിരിക്കുകയോ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് പരാജയപ്പെട്ട എല്ലാ വിഷയങ്ങള്‍ക്കും/ഹാജരാകാതിരുന്ന എല്ലാ വിഷയങ്ങള്‍ക്കും സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. സേ പരീക്ഷയുടേയും ഇംപ്രൂവ്മെന്റ് പരീക്ഷയുടേയും തീയതിയും വിശദാംശങ്ങളും പിന്നീടു പ്രസിദ്ധീകരിക്കും.