ആര്‍ക്കും എന്തും വിളിച്ചുപറയാനുള്ള സ്ഥലമല്ല കേരളം; എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ആര്‍ക്കും എന്തും വിളിച്ചുപറയാന്‍ കേരളത്തില്‍ പറ്റില്ലെന്നും കേരളം ഭരിക്കുന്നത് ഇടതുമുന്നണിയാണെന്നും മുഖ്യമന്ത്രി പിണറായിവിജയന്‍.
എല്ലാ വര്‍ഗീയതയെയും ഒരുപോലെ നേരിടുമെന്നും എന്തും വിളിച്ചു പറഞ്ഞാല്‍ നാട് അംഗീകരിക്കില്ലെന്നും അദ്ദേഹംപറഞ്ഞു. . മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അംഗീകരിക്കില്ല. വര്‍ഗീയ ശക്തികളോട് ഒരു തരത്തിലും ഉള്ള വിട്ട് വീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
കടവന്ത്രയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പി സി ജോര്‍ജ് മതസ്പര്‍ദ്ധ സൃഷ്ടിക്കാന്‍ ശ്രമിച്ചു. ബിജെപി പിന്തുണയോടെയായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗം. വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജോര്‍ജിനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു. ചിലതിനോട് വേദം ഓതിയിട്ട് കാര്യമില്ല. പി സി ജോര്‍ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു. നേരത്തെ ഒളിവില്‍ പോയത് പോലെ ഒളിവില്‍ പോകാന്‍ സാധ്യത ഇല്ല. ഇത് ഒരു സമീപനത്തിന്റെ പ്രശ്‌നമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി മുന്നണി മത നിരപേക്ഷ നയത്തില്‍ ഉറച്ചു നില്‍ക്കുന്നു. അത് കൊണ്ട് തന്നെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഗീയശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും വര്‍ഗീയ ശക്തികളുടെ അഴിഞ്ഞാട്ടത്തിനുള്ള ശ്രമത്തിന്റെ ചെറുപതിപ്പാണ് ആലപ്പുഴയില്‍ കണ്ടതെന്നും പത്തുവയസ്സുകാരനെ കൊണ്ട് വര്‍ഗീയമുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു, ഇതെല്ലാം ചെയ്യിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കൊച്ചിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്‌റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്.
വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണു കോടതി ഉത്തരവ്. അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ പ്രസംഗമാണു കേസിനിടയാക്കിയത്. ഈ മാസം ആദ്യം പുലര്‍ച്ചെ അഞ്ചിന് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കിയെങ്കിലും കോടതി ജോര്‍ജിനു ജാമ്യം അനുവദിക്കുകയായിരുന്നു. കുറ്റം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചുകൊണ്ടായിരുന്നു കോടതി ഉത്തരവ്.കോടതി വിലക്ക് നിലനില്‍ക്കെ, എറണാകുളം വെണ്ണലയില്‍ ജോര്‍ജ് സമാനപ്രസംഗം നടത്തിയതായി ചൂണ്ടിക്കാട്ടി പൊലീസ് ജോര്‍ജിന്റെ ജാമ്യം റദ്ദാക്കാന്‍ തിരുവനന്തപുരം കോടതിയെ സമീപിക്കുകയായിരുന്നു. വെണ്ണല പ്രസംഗത്തിന്റെ പൊലീസ് ഹാജരാക്കിയ ദൃശ്യം കണ്ടശേഷമാണു കോടതി ജാമ്യം റദ്ദാക്കിയത്‌