കേരളത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളില്‍: മന്ത്രി പി.രാജീവ്

 

കയറ്റുമതി പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും; സംസ്ഥാന, ജില്ലാ തലങ്ങളില്‍ നോഡല്‍ ഓഫീസര്‍മാര്‍

കയറ്റുമതി മേഖലയിലുള്ള പ്രതിനിധികളുമായി മന്ത്രി പി. രാജീവ് ചര്‍ച്ച നടത്തി

കൊച്ചി: സംസ്ഥാനത്തിന്റെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനുള്ളില്‍ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. കേരളത്തിലെ കയറ്റുമതി മേഖലയിലുള്ളവരുമായി കൊച്ചിയില്‍ നടത്തിയ മുഖാമുഖം പരിപാടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംസ്ഥാന തലത്തില്‍ രൂപീകരിക്കും. വ്യവസായവാണിജ്യ വകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ വ്യവസായ കേന്ദ്രം ഓഫീസുകളിലും കയറ്റുമതി പ്രോത്സാഹന കാര്യങ്ങള്‍ക്ക് മാത്രമായി നോഡല്‍ ഓഫീസര്‍മാരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം മാരിയറ്റ് ഹോട്ടലില്‍ കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസ്ഥാനത്തെ കയറ്റുമതി മേഖലയില്‍ നിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമാണ് പങ്കെടുത്തത്. കയറ്റുമതിക്കായി കൊമേഴ്‌സ് മിഷന്‍ ശക്തിപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. മെഡിക്കല്‍ ഡിവൈസസ്, ഇലക്ട്രോണിക്‌സ് മേഖലകളിലെ ആഗോള കമ്പനികളുടെ സ്‌റ്റോക്ക് യാഡ്, അസംബഌംഗ് സെന്ററുകള്‍ എന്നിവ കേരളത്തിലേക്ക് എത്തിക്കുന്നതിന് പദ്ധതി തയ്യാറാക്കും. വിമാനത്താവളങ്ങളോട് ചേര്‍ന്ന് കയറ്റുമതി ഉല്‍പന്നങ്ങളുടെ ഗുണനിലവാര പരിശോധനക്കും സംഭരണത്തിനുമുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ രക്ഷാ ഉപകരണ മേഖലയില്‍ ബഹുരാഷ്ട്ര കമ്പനികളാണ് വിപണിയുടെ എണ്‍പത് ശതമാനവും നിയന്ത്രിക്കുന്നതെന്ന് അഗാപ്പെ എം.ഡി തോമസ് ജോണ്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. ഇവയില്‍ പ്രധാന സ്ഥാപനങ്ങളെ കേരളത്തില്‍ എത്തിച്ചാല്‍ ഇവിടെ നിന്നുള്ള കയറ്റുമതിയും വര്‍ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രധാന കമ്പനികളുമായി കൂടിക്കാഴ്ചക്ക് പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. ഇലക്ട്രോണിക്‌സ് മേഖലയിലും പ്രധാന ആഗോള കമ്പനികളേയും ഘടക ഉല്‍പന്നങ്ങളുടെ വിതരണക്കാരേയും കേരളത്തിലേക്ക് എത്തിക്കാന്‍ പരിപാടി തയ്യാറാക്കും. സിങ്കപ്പൂര്‍ മാതൃകയില്‍ പ്രധാന ആഗോള കമ്പനികളുടെ സ്‌റ്റോക്ക്‌യാര്‍ഡുകള്‍ കേരളത്തില്‍ ആരംഭിക്കാനായിരിക്കും ശ്രമിക്കുക.
പാദരക്ഷാ കയറ്റുമതിയുമായി ബന്ധപ്പെട്ട ഗുണനിലവാര പരിശോധനക്ക് സൗകര്യം വേണമെന്ന് ആവശ്യമുയര്‍ന്നു. വിമാനത്താവളങ്ങളിലെ ടെര്‍മിനല്‍ കൈകാര്യച്ചെലവ് കയറ്റുമതിക്കാരുടെ ആവശ്യങ്ങള്‍ കൂടി കണ്ടു വേണം നിശ്ചയിക്കാനെന്നും കൊച്ചി തുറമുഖത്തെ തൊഴില്‍ പ്രശ്‌നങ്ങള്‍ രമ്യമായി കൈകാര്യം ചെയ്യുന്നതിന് സ്ഥിരം സമിതി വേണമെന്നും പ്രതിനിധികള്‍ ആവശ്യമുന്നയിച്ചു.
സമുദ്രോല്‍പന്ന കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ആലപ്പുഴയില്‍ ഫാക്ടറികളുടെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമായി ചന്തിരൂരില്‍ പുതിയ എഫഌവന്റ് ട്രീറ്റ്‌മെന്റ് പഌന്റ് സ്ഥാപിക്കാനുള്ള 16 കോടി രൂപയുടെ പദ്ധതിക്ക് സിഡ്ബി ധനസഹായം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. അസംസ്‌കൃത വസ്തു ലഭ്യത ഉറപ്പു വരുത്തുന്നതിനായി അക്വാ കള്‍ച്ചര്‍ രംഗത്തെ സാധ്യതകളും ഉപയോഗിക്കും. മന്ത്രിമാരുടെ നോര്‍വ്വേ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായി ഇതിനുള്ള ചര്‍ച്ചകളും നടന്നു വരികയാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ സ്‌കൈ പോളിസി നിലവിലുള്ളതിനാല്‍ കൂടുതല്‍ ചരക്കു വിമാന സര്‍വ്വീസുകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കയറ്റുമതിക്കാര്‍ ആവശ്യപ്പെട്ടു.
കയര്‍, മറൈന്‍, ഫുഡ്, ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈന്‍ ആന്‍ഡ് മാനുഫാക്ചറിങ്, അലൂമിനിയം തുടങ്ങി, കേരളത്തിലെ വിവിധ കയറ്റുമതി മേഖലകളില്‍ നിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നോര്‍ക്ക, വ്യവസായം പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല ഐ.എ.എസ് വിഷയം അവതരിപ്പിച്ചു.
കെ.എസ്.ഐ.ഡി.സി ചെയര്‍മാന്‍ പോള്‍ ആന്റണി ഐ.എ.എസ്, കെ. എസ്.ഐ.ഡി.സി എംഡി എസ്.ഹരികിഷോര്‍, കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ വിജീഷ് കുമാര്‍ ഐ.ആര്‍.എസ്, ജോയിന്റ് ഡി.ജി.എഫ്.ടി. കെ.എം.ഹരിലാല്‍, എം.പി.ഇ.ഡി.എ ജോയിന്റ് ഡയറക്ടര്‍, മാര്‍ക്കറ്റിങ് പി.അനില്‍ കുമാര്‍, എ.പി.ഇ.ഡി.എ ബിസിനസ് ഡവലപ്‌മെന്റ് മാനേജര്‍ എസ്.മനീഷ, എഫ്.ഐ.ഇ.ഒ അസിസ്റ്റന്റ് ഡയറക്ടര്‍ ആന്‍ഡ് ഹെഡ് എം. സി രാജീവ് കെ.എസ്.ഐ.ഡി.സി എംഡിയും വ്യവസായ വകുപ്പ് ഡയറക്ടറുമായ എസ്.ഹരികിഷോര്‍ സ്വാഗതം പറഞ്ഞു.