കേരളത്തിന്റെ സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടി രാജ്യത്തിന് മാതൃക: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ച ഭക്ഷണ പരിപാടിയില്‍ കേരളം രാജ്യത്തിനാകെ മാതൃകയാണെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ച ഭക്ഷണ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി വിതരണം ചെയ്യുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം ബീമ പള്ളി യു.പി.എസില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സാര്‍വത്രികമായും സൗജന്യമായും സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നയമാണ്. ഇതിന്റെ ഭാഗമായാണ് വേനലവധിക്കാലത്ത് ഭക്ഷ്യ പൊതു വിതരണ വകുപ്പുമായി സഹകരിച്ച് വിദ്യാര്‍ഥികള്‍ക്കായി അരി വിതരണം ചെയ്യുന്നത്. 28 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി വീതം നല്‍കും. ഇതിന്റെ ചെലവുകള്‍ക്കായി സംസ്ഥാന വിഹിതത്തില്‍ നിന്ന് 71.86 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മധ്യവേനല്‍ അവധിക്കായി സ്‌കൂളുകള്‍ അടക്കുന്നതിന് മുമ്പ് അരി വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
അധ്യയന വര്‍ഷത്തിന് മുമ്പ് തന്നെ പാഠപുസ്തകം വിതരണം ചെയ്യാനും യൂണിഫോം കുട്ടികള്‍ക്ക് എത്തിക്കുന്നതിനും കഴിഞ്ഞു. പരീക്ഷാ ഫലം കൃത്യമായി പ്രഖ്യാപിക്കുന്ന സ്ഥിതിയിലായി. അടിസ്ഥാന സൗകര്യത്തോടൊപ്പം അക്കാദമിക മികവിനാണ് വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുന്നത്. ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുകള്‍ നയിക്കുന്ന അധ്യാപകര്‍ക്ക് സമഗ്ര ഓരോ അധ്യാപകരും രക്ഷിതക്കളായി മാറുന്ന സാഹചര്യം വിദ്യാഭ്യാസ സ്ഥാപനങ്ങളിലുണ്ടാകണം.
വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണവും അക്കാദമിക മികവും അധ്യാപകരുടെയും എസ് എം സിയുടെയും കൂട്ടുത്തുരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. ബീമ പള്ളി യു.പി. എസിനെ മോഡല്‍ സ്‌കൂളാക്കി ഉയര്‍ത്തുമെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ ജീവന്‍ ബാബു ചടങ്ങിന് സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍മാരായ മെലനിന്‍ പെരേര, സുധീര്‍ ജെ., സപ്ലെകോ റീജിയണല്‍ ഓഫീസര്‍ ജലജ , എസ് എം സി ചെയര്‍മാന്‍ എസ് ബാദുഷ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.