തെക്കന്‍ കേരളത്തിലെ ആദ്യ വയോജന സൗഹൃദ ആശുപത്രിയായി കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: വയോജന സൗഹൃദ ആശുപത്രിക്കുള്ള ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ അംഗീകാരം കിംസ്‌ഹെല്‍ത്തിന് ലഭിച്ചു. ഈ അംഗീകാരം ലഭിക്കുന്ന തെക്കന്‍ കേരളത്തിലെ ആദ്യ ആശുപത്രിയാണ് കിംസ്‌ഹെല്‍ത്ത്. കിംസ്‌ഹെല്‍ത്തിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.എംഐ സഹദുള്ളയ്ക്ക് അംഗീകാരത്തിന്റെ സാക്ഷ്യപത്രം ഐഎംഎ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ചെയര്‍മാന്‍ ഡോ. പ്രശാന്ത് സി വി കൈമാറി. കിംസ്‌ഹെല്‍ത്ത് ക്ലിനിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. രാജന്‍ ബി, സിഇഒ ജെറി ഫിലിപ്പ്, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (ക്വാളിറ്റി ആന്‍ഡ് ഇന്നൊവേഷന്‍) ശ്രീശുഭ കുറുപ്പ്, ഡെപ്യൂട്ടി ജനറല്‍മാനേജര്‍ (ഹെല്‍ത്ത്‌കെയര്‍ പ്രൊമോഷന്‍സ്) അനില്‍ പോള്‍ ജേക്കബ്, ചീഫ് നഴ്‌സിംഗ് ഓഫീസര്‍ ക്യാപ്റ്റന്‍ അജിത നായര്‍ എന്നിവര്‍ സംബന്ധിച്ചു.

വയോജനങ്ങള്‍ക്കായി കിംസ്‌ഹെല്‍ത്തില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വിവിധ സൗകര്യങ്ങള്‍ ഐഎംഎ സംഘം നേരിട്ടെത്തി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം നല്‍കിയിട്ടുള്ളത്. അടുത്ത രണ്ട് വര്‍ഷത്തേക്കാണ് അംഗീകാരത്തിന്റെ കാലാവധി. വയോജനങ്ങള്‍ക്കായി പ്രത്യേകം രജിസ്‌ട്രേഷന്‍-ബില്ലിംഗ് കൗണ്ടറുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവ കിംസ്‌ഹെല്‍ത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രിയ്ക്ക് പുറത്ത് വയോജനങ്ങള്‍ക്കായുള്ള കാത്തിരിപ്പു കേന്ദ്രങ്ങള്‍, എളുപ്പത്തില്‍ എഴുന്നേല്‍ക്കാനും ഇരിക്കാനും കഴിയുന്ന കസേരകള്‍ തുടങ്ങിയവ വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമാണ്. വയോജനങ്ങള്‍ ഒറ്റയ്ക്കാണ് വരുന്നതെങ്കില്‍ അവരെ സഹായിക്കുന്നതിനും എക്‌സ്‌റേ, സ്‌കാനിംഗ് പോലുള്ള വിവിധ ചികിത്സാ വിഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നതിനായി പ്രത്യേകം പരിശീലനം സിദ്ധിച്ച ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചു. വയോജനങ്ങള്‍ക്കായി പ്രത്യേകം ടെലിഫോണ്‍ ഹെല്‍പ് ലൈനും സജ്ജീകരിച്ചിട്ടുണ്ട്. ആവശ്യപ്പെടുന്ന രോഗികള്‍ക്ക് വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും വാഹനസൗകര്യവും ലഭ്യമാക്കും.