കെ എംഎം എല്‍ ലാഭവിഹിതം കൈമാറി

തിരുവനന്തപുരം: പൊതുമേഖലാ വ്യവസായ സ്ഥാപനം ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡിന്റെ 2021 -22 വര്‍ഷത്തെ ലാഭവിഹിതം സര്‍ക്കാരിന് കൈമാറി. വ്യവസായ മന്ത്രി പി.രാജീവും കെ.എം.എം.എല്‍ ചെയര്‍മാനും വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ സുമന്‍ ബില്ല ഐ.എ.എസും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. 9,27,98,160 രൂപയാണ് ലാഭവിഹിതമായി നല്‍കിയത്. മൂലധനത്തിന്റെ 30 ശതമാനമാണിത്. കെ.എം.എം.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ ചന്ദ്രബോസ്.ജെ ചടങ്ങില്‍ സന്നിഹിതനായി.
2021-22 സാമ്പത്തിക വര്‍ഷം ചരിത്ര നേട്ടമാണ് കെ.എം.എം.എല്‍ നേടിയത്. ഉല്‍പാദനത്തിലും വിപണനത്തിലും ലാഭത്തിലും സര്‍വകാല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. ഈ സാമ്പത്തിക വര്‍ഷം 32,800 ടണ്‍ വില്‍പ്പന നടത്തിയ സ്ഥാപനം 1058 കോടിയുടെ വിറ്റുവരവ് നേടി. 310.5 കോടിരൂപയാണ് 2021-22 സാമ്പത്തിക വര്‍ഷത്തെ ലാഭം. കെ.എം.എം.എല്‍ ന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ലാഭവും വിറ്റുവരവുമാണിത്.
കമ്പനിയുടെ പ്രധാന ഉല്‍പന്നമായ ടൈറ്റാനിയം ഡയോക്‌സൈഡ് ഉല്‍പാദനത്തിനാവശ്യമായ ബെനിഫിഷ്യേറ്റഡ് ഇല്‍മനൈറ്റ് (സിന്തറ്റിക് റൂട്ടൈല്‍) ഉല്‍പാദനത്തിലും സര്‍വകാല റെക്കോര്‍ഡാണ് കമ്പനി നേടിയത്. 44900 ടണ്‍ സിന്തറ്റിക് റൂട്ടൈല്‍ ഉല്‍പാദനം നടത്തി. മിനറല്‍ സെപ്പറേഷന്‍ യൂണിറ്റില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന സിലിമിനൈറ്റ് 6500 ടണ്‍ ഉല്‍പാദനമുണ്ടായി സര്‍വകാല റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 35100 ടണ്‍ ഉല്‍പാദനം നടത്തി ടൈറ്റാനിയം ഡയോക്‌സൈഡ് കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന ഉല്‍പാദനം ഈ സാമ്പത്തിക വര്‍ഷം നടത്തി. ടൈറ്റാനിയം ഡയോക്‌സൈഡ് നിര്‍മ്മാണ പ്രക്രിയയുടെ ‘ഭാഗമായി ഉണ്ടാകുന്ന ടൈറ്റാനിയം ടെട്രാ ക്ലോറൈഡ് (ടിക്കിള്‍) വിപണനത്തിലും ഇത്തവണ റെക്കോര്‍ഡ് നേട്ടം കൈവരിച്ചു. 5922 ടണ്‍ ടിക്കിള്‍ ഈ സാമ്പത്തിക വര്‍ഷം വിപണനം നടത്തി