പരിസ്ഥിതി സംരക്ഷണത്തിനായി കെ എം.എം.എൽ ആക്ഷൻ പ്ലാൻ നടപ്പാക്കും

വർത്തമാനം ബ്യുറോ

ആസിഡ് റീജറേനേഷൻ പ്ലാന്റിന്റെ ആധുനീകരണം, ജിയോട്യൂബ് ഉപയോഗിച്ചുള്ള ഖരമാലിന്യ സംസ്‌ക്കരണം, മലിനീകരണത്തിന് കാരണമായ അയൺ ഓക്സൈഡ് ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണം തുടങ്ങിയവ അടങ്ങുന്നതാണ് ആക്ഷൻ പ്ലാൻ

 

തിരുവനന്തപുരം: ചവറ കെ.എം.എം.എല്ലിന്റെ പരിസരപ്രദേശമായ ചിറ്റൂരില്‍ ഉൾപ്പടെയുള്ള പ്രദേശങ്ങളുടെ പരിസ്ഥിതി സംരക്ഷണത്തിനായി ആക്ഷൻ പ്ലാൻ നടപ്പാക്കും. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ നേതൃത്വത്തിലുള്ള സംയുക്ത സമിതിയുടെ അവലോകന യോഗത്തിലാണ് തീരുമാനം. ആസിഡ് റീജറേനേഷൻ പ്ലാന്റിന്റെ ആധുനീകരണം, ജിയോട്യൂബ് ഉപയോഗിച്ചുള്ള ഖരമാലിന്യ സംസ്‌ക്കരണം, മലിനീകരണത്തിന് കാരണമായ അയൺ ഓക്സൈഡ് ഉപയോഗിച്ചുള്ള മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണം തുടങ്ങിയവ അടങ്ങുന്നതാണ് ആക്ഷൻ പ്ലാൻ. ഇതിന്റെ പ്രാഥമിക രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. കേന്ദ്ര സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തി, സമയബന്ധിതമായ അന്തിമ രൂപരേഖ അടുത്ത ആഴ്ച്ച തയാറാക്കും.കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് റീജിയണല്‍ ഡയറക്ടര്‍ ചന്ദ്ര ബാബു, ഡപ്യൂട്ടി കളക്ടർ റോയ്‌കുമാർ, കെ.എം.എം.എല്‍ എം.ഡി ജെ.ചന്ദ്രബോസ്, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചീഫ് എൻവിയോൺമെന്റ് എൻജിനീയർ എസ്.ശ്രീകല എന്നിവർ പങ്കെടുത്തു.