ബിനാലെയുടെ ചെറുപതിപ്പുകള്‍ കേരളത്തിലുടനീളം വ്യാപിപ്പിക്കുമെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

കൊച്ചി: കേരളത്തിലുടനീളം ബിനാലെയുടെ ചെറിയ പതിപ്പുകള്‍ വ്യാപിപ്പിക്കുവാന്‍ ടൂറിസം വകുപ്പ് ആലോചിക്കുന്നതായി ടൂറിസം, പൊതുമരാമത്ത് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ സമാപന സമ്മേളനം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആലപ്പുഴയില്‍ സംഘടിപ്പിച്ച ലോകമേ തറവാട് സംഘടിപ്പിച്ചിരുന്നു. അത്തരം ചെറു പതിപ്പുകള്‍ കൊച്ചിക്ക് പുറത്തേക്ക് വ്യാപിപ്പിക്കുവാന്‍ സാധിക്കുമെന്നാണ് അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. പൈതൃക സംരക്ഷണ, സംരംഭങ്ങളിലെ മാതൃകാപരമായ പരീക്ഷണങ്ങള്‍ കൂടിയാണ് ബിനാലെ. കോവിഡിന്റെ പിടിയില്‍ നിന്നും തിരിച്ചു കയറിയ കേരള ടൂറിസത്തിന് ബിനാലെ നല്‍കുന്ന ഊര്‍ജവും ആത്മവിശ്വാസവും ചെറുതല്ലെന്നും ടൂറിസം മന്ത്രി കൂട്ടിച്ചേര്‍ത്തു.
വെനീസ് ബിനാലെക്ക് കിടപിടിക്കുന്നതായിരുന്നു കൊച്ചി മുസിരിസ് ബിനാലെയെന്ന് അഭിമാനിക്കേണ്ടുന്നതാണെന്നും നിയമവ്യവസായ കയര്‍ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. മുണ്ട് മുറുക്കിയുടുത്തും ബിനാലെ നടത്താമെന്ന് കൊച്ചി മുസിരിസ് ബിനാലെ സംഘാടകര്‍ തെളിയിച്ചതായി മുന്‍ മന്ത്രി എം എ ബേബി സമാപന സന്ദേശത്തില്‍ പറഞ്ഞു. അന്തരിച്ച പ്രശസ്ത കലാകാരന്‍ വിവാന്‍ സുന്ദരത്തെ അനുസ്മരിച്ചുകൊണ്ടാണ് സമാപന ചടങ്ങ് ആരംഭിച്ചത്. ചടങ്ങില്‍ അഞ്ചാം പതിപ്പിന്റെ ക്യൂറേറ്റര്‍ ഷുബിഗി റാവുവിനെ മുന്‍ മന്ത്രി എം എ ബേബി പൊന്നാടയണിച്ച് ആദരിച്ചു. ഇടം പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ ജിജി സ്‌കറിയ, പി.എസ് ജലജ, രാധ ഗോമതി എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. സമാപന ദിനമായ തിങ്കളാഴ്ച വൈകുന്നേരം അ്ഞ്ചു മണിയോടെ കൊച്ചി മുസ് രിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി മുഖ്യ വേദിയായിരുന്ന ആസ്പിന്‍വാള്‍ ഹൗസില്‍ പതാക താഴ്ത്തി.
ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് സമകാലീന കലാ വിദഗ്ധര്‍ വിലയിരുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് തിരശീല വീണപ്പോള്‍ ജീവിതത്തിന്റെ എല്ലാതുറകളിലും ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമായി ഒന്‍പത് ലക്ഷത്തിലേറെ ആളുകള്‍ സന്ദര്‍ശിച്ച ബിനാലെ ഭേദ, വിവേചന രഹിതം എല്ലാവരുടെയും കലാമേളയായി മാറി.‘നമ്മുടെ സിരകളില്‍ ഒഴുകുന്ന മഷിയും തീയും’ എന്ന പ്രമേയത്തിലൂന്നി ഇന്ത്യന്‍ വംശജയായ സിംഗപ്പൂരിയന്‍ ആര്‍ട്ടിസ്റ്റ് ക്യൂറേറ്റ് ചെയ്ത ബിനാലെയുടെ അഞ്ചാം പതിപ്പ് 16 വേദികളിലായി 4.5 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്താണ് 120 ദിവസങ്ങളിലായി ജനകീയാഘോഷം തീര്‍ത്തത്. 40 രാജ്യങ്ങളില്‍ നിന്നുള്ള 88 സമകാലീന ആര്‍ട്ടിസ്റ്റുകളുടെ അവതരണങ്ങള്‍ പുതു സംവേദനവും അവബോധവും സൗന്ദര്യാത്മകതയും പ്രകാശിപ്പിച്ചു.
ഫോര്‍ട്ട്‌കൊച്ചിയില്‍ ആസ്പിന്‍വാള്‍ ഹൗസ്, പെപ്പര്‍ ഹൗസ്, ആനന്ദ് വെയര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ടി കെ എം വെയര്‍ഹൗസ്, ഡച്ച് വെയര്‍ഹൗസ്, കാശി ടൗണ്‍ഹൗസ്, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് കഫെ എന്നിവിടങ്ങള്‍വേദിയായി. എറണാകുളം ഡര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗാലറിയിലെ ‘ഇടം’ വേദിയില്‍ പ്രദര്‍ശിപ്പിച്ച കേരളത്തിലെ മികച്ച 34 മലയാളി ആര്‍ട്ടിസ്റ്റുകളുടെ ഇരുന്നൂറോളം രചനകള്‍ അന്തരാഷ്ട്ര കലാനിരൂപകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ജിജി സ്‌കറിയ, പി എസ് ജലജ, രാധ ഗോമതി എന്നിവരാണ് ഇവിടെ ക്യുറേറ്റര്‍മാരായത്.
ഏറ്റവും പുതുതലമുറ സമകാല കലാകാരന്മാരുടെ സര്‍ഗ്ഗവൈഭവം അവതരിപ്പിച്ച സ്റ്റുഡന്റ്‌സ് ബിനാലെ കോ ലാബ്‌സ് എന്ന് പേരിട്ട വേദികളിലാണ് അരങ്ങേറിയത്. മട്ടാഞ്ചേരി വി കെ എല്‍ വെയര്‍ഹൗസ്, അര്‍മാന്‍ ബില്‍ഡിംഗ്, കെ വി എന്‍ ആര്‍ക്കേഡ്, ട്രിവാന്‍ഡ്രം വെയര്‍ഹൗസ് എന്നിവടങ്ങളിലായി രാജ്യത്തെ 22 സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ കലാപഠന സ്ഥാപനങ്ങളില്‍ നിന്നുള്ള 51 അവതരണങ്ങള്‍ പുത്തന്‍ ചിന്തകളുടെയും ഭാവുകത്വങ്ങളുടെയും പ്രതികരണങ്ങളുടെയും നവോര്‍ജ്ജം പ്രസരിപ്പിച്ചു. അന്തരാഷ്ട്രതലത്തില്‍ ഉള്‍പ്പെടെ പ്രശസ്തരായ ഏഴ് ക്യൂറേറ്റര്‍മാര്‍ അണിയിച്ചൊരുക്കിയ ‘ഇന്‍ ദി മേക്കിംഗ്’ എന്ന പ്രമേയത്തിലൂന്നിയ പ്രദര്‍ശനത്തില്‍ ഭാഗഭാക്കായത് 196 കലാവിദ്യാര്‍ത്ഥികളാണ്.
അഫ്ര ഷെഫീഖ്, അംശു ചുക്കി, ആരുഷി വാട്!സ്, പ്രേംജിഷ് ആചാരി, സുവാനി സുരി, സാവിയ ലോപ്പസ്, യോഗേഷ് ബാര്‍വെ എന്നിവരാണ് കൊച്ചി മുസിരിസ് ബിനാലെയുടെ സുപ്രധാന ഘടകമായ സ്റ്റുഡന്റ്‌സ് ബിനാലെ വിഭാവന ചെയ്ത ക്യൂറേറ്റര്‍മാര്‍. ബിനാലെയുടെ കാലത്ത് മറ്റു സംസ്ഥാനങ്ങളിലെ കലാപഠന സ്ഥാപനങ്ങളില്‍ ശില്‍പശാലകളും ചര്‍ച്ചകളും സംഘടിപ്പിച്ചു.
ഫോര്‍ട്ടുകൊച്ചി അസോറ ഹോട്ടല്‍, കാശി ആര്‍ട്ട് കഫെ എന്നിവിടങ്ങളിലെ മുസിരിസ് പൈതൃക പദ്ധതി പ്രദര്‍ശനമായ ‘സ്‌പെക്ടേഴ്‌സ് ആന്‍ഡ് ദി സീ’ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ പ്രകാശിപ്പിച്ചു. കബ്രാള്‍യാര്‍ഡില്‍ വിഖ്യാത വാസ്തുശില്‍പി സമീറ റാത്തോഡ് രൂപകല്‍പന ചെയ്ത അവശിഷ്ടങ്ങളില്‍ തീര്‍ത്ത പവിലിയന്‍ ബിനാലെയുടെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി. പൊളിച്ചു മാറ്റുമ്പോള്‍ പുതുതായി അവശിഷ്ടങ്ങള്‍ ഉണ്ടാക്കാത്ത ‘പ്രത്യാശയുടെ പേടകം’ എന്നുപേരിട്ട മനോഹര സൗധം അവശിഷ്ടങ്ങളുടെ പുനരുപയോഗവും നിര്‍മ്മാണത്തിലെ കാവ്യാത്മകതയും വിളിച്ചു പറയുന്നതായി. മത്സരങ്ങളും പേടിയുമില്ലാത്ത കലായിടമായി ബിനാലെയുടെ ഭാഗമായ എബിസി (ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ കുട്ടികളുടെ കല) ആര്‍ട്ട് റൂമുകളില്‍ വിദൂര അവതരണകേന്ദ്രങ്ങളിലെ 15 എണ്ണം ഉള്‍പ്പെടെ നടന്നത് മൊത്തം 87 പഠന ചര്‍ച്ച ശില്‍പശാലകള്‍. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മാത്രമായി 30 കലാ ശില്‍പശാലകള്‍ നടന്നു. മുപ്പതിനായിരത്തോളം പേര്‍ പരിപാടികളില്‍ ഭാഗഭാക്കായെന്ന് എബിസി പ്രോഗ്രാം മാനേജര്‍ ബ്ലെയ്‌സ് ജോസഫ്. അതിജീവനം സാധ്യമാകുന്നതിന്റെ ആവിഷ്‌കാരമാണ് കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം സാധിതമാക്കിയ അഞ്ചാം ബിനാലെയെന്ന് ക്യൂറേറ്റര്‍ ഷുബിഗി റാവു പറഞ്ഞു. വിപണി മൂല്യത്തിനപ്പുറം വീണ്ടെടുപ്പിന്റെയും പരിവര്‍ത്തനത്തിന്റെയും കരുത്ത് കലാവതരണങ്ങള്‍ പ്രകടമാക്കി. അസാദ്ധ്യമെന്നു കരുതിയ കലയുടെ സാമൂഹികവത്കരണത്തിനും, ജനകീയവത്കരണത്തിനും കൊച്ചി മുസിരിസ് ബിനാലെക്ക് സാദ്ധ്യമാകുന്നു എന്നതാണ് അതിന്റെ വര്‍ദ്ധിതമായ ജനപങ്കാളിത്തം വസ്തുനിഷ്ഠമായി തെളിയിക്കുന്നതെന്ന് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. കോവിഡാനന്തര കാലത്ത് ജീവിതാവസ്ഥകള്‍ പുതുക്കി ആവിഷ്‌കരിക്കുന്നതിന്റെ പ്രഖ്യാപനമായി ബിനാലെ അഞ്ചാം പതിപ്പ്.സ്റ്റുഡന്റസ് ബിനാലെ അവാര്‍ഡുകള്‍ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. ഇന്റര്‍നാഷണല്‍ അവാര്‍ഡിന് ആര്‍ടിസ്റ്റുകളായ എം. താംങ്ഷങ്പ , ആശിഷ് ഫല്‍ദേശായി, സെലിന്‍ ജേക്കബ് വി എന്നിവര്‍ അര്‍ഹരായി. മാലിക് ഇര്‍തിസ, ലക്ഷ്യ ഭാര്‍ഗവ എന്നിവര്‍ ദേശീയ അവാര്‍ഡിനും മായ മിമ, രോകേഷ് പാട്ടീല്‍ എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി. സംസ്ഥാന സര്‍ക്കാരിന്റെ ദല്‍ഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസ്, എംഎല്‍എ കെ ജെ മാക്‌സി, ജില്ല കലക്ടര്‍ എന്‍ എസ് കെ ഉമേഷ്, കൊച്ചി മെട്രോ എംഡി ലോക്‌നാഥ് ബെഹ്‌റ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പദ്മജ എസ് മേനോന്‍, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രഷറര്‍ ബോണി തോമസ് എന്നിവരും ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളും ഉപദേഷ്ടാക്കളും സന്നിഹിതരായി. സമാപന സമ്മേളനത്തെ തുടര്‍ന്ന് പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് സംഗീത വിരുന്ന് അരങ്ങേറി.