മുങ്ങിപ്പോയ ഗോവന്‍ ഗ്രാമം ബിനാലെയില്‍ പുനരാവിഷ്‌കാരം; കാലാവസ്ഥാമാറ്റത്തില്‍ താക്കീതുമായി സഹില്‍ നായിക്

കൊച്ചി: മുങ്ങിപ്പോയ ഗ്രാമത്തിനു അതിന്റെ തനിമയില്‍ കലാചാരുതയോടെ ബിനാലെയില്‍ പുനരാവിഷ്‌കാരം. ഗോവയില്‍ നിന്നുള്ള പ്രശസ്ത കലാകാരന്‍ സഹില്‍ നായിക്കിന്റെ ‘ഓള്‍ ഈസ് വാട്ടര്‍ ആന്‍ഡ് ടു വാട്ടര്‍ വീ മസ്റ്റ് റിട്ടേണ്‍’ എന്ന ശില്‍പവിദ്യയും സാങ്കേതികവിദ്യയും ഉള്‍ച്ചേര്‍ന്ന പ്രതിഷ്ഠാപനം കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തതകളും ദുരിതങ്ങളും ലോകം നേരിടുന്ന കാലത്ത് ഒരു ഓര്‍മ്മപ്പെടുത്തലാണ്; താക്കീതും.
1961ല്‍ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ മോചിതമായി വൈകാതെ ആദ്യമുഖ്യമന്ത്രി ദയാനന്ദ് ബന്ദോദ്കര്‍ ആധുനികമായ ഒരു അണക്കെട്ട് കമ്മീഷന്‍ ചെയ്തു. ഇരുപതോളം ഗ്രാമങ്ങളും ഏക്കറുകണക്കിന് കണ്ടലിന്റെ ഉള്‍പ്പെടെ കാടും പാടങ്ങളും ജലാശയങ്ങളും റിസര്‍വോയര്‍ മുക്കിക്കളയുമെന്ന ആശങ്കകള്‍ക്കിടയിലും ഡാം പണിയുകയായിരുന്നു. പത്തു വര്‍ഷം പിന്നിട്ടപ്പോള്‍ പദ്ധതിപ്രദേശത്തെ ജലനിരപ്പ് ഉയരാന്‍ തുടങ്ങി. മേഖലയാകെ പതുക്കെപ്പതുക്കെ വെള്ളത്തില്‍ മുങ്ങി.

ഗ്രാമീണര്‍ പലായനത്തിന് നിര്‍ബന്ധിതരായി. മൂവായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 1980കളില്‍ വേനല്‍ക്കാലത്ത് മേഖലയിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍, നേരത്തെ ഉപേക്ഷിക്കപ്പെട്ട ഗ്രാമങ്ങളില്‍ ഒന്നായ കുര്‍ദി വീണ്ടും ദൃശ്യമായി. ഗ്രാമീണര്‍ പലരും പഴയ നാട്ടിലേക്ക് തിരിച്ചെത്തി. പിന്നീട് ഓരോ വേനലിലും വെള്ളമൊഴിയുമ്പോള്‍ ചരിത്ര പ്രധാന ഗ്രാമമായ കുര്‍ദിയിലേക്ക് നൂറുകണക്കിന് ഗ്രാമീണര്‍ മടങ്ങിയെത്തുന്നത് പതിവായി.
തന്റെ അയല്‍പ്രദേശമായ കുര്‍ദിയിലെത്തി കലാകാരന്‍ സഹില്‍ നായിക് ജനങ്ങളുമായി അടുത്തിടപഴുകി. അവരുടെ വാമൊഴി ചരിതവും പാട്ടുകളും ശേഖരിച്ചു. അവിടത്തെ പ്രകൃതി വിശദമായി രേഖപ്പെടുത്തി. സഹിലിന്റെ ഏഴുവര്‍ഷത്തെ നിരന്തരശ്രമത്തിന്റെ കലാപൂര്‍ണ്ണതയാണ് ബിനാലെയുടെ ആസ്പിന്‍വാള്‍ ഹൗസില്‍ ഒരുക്കിയ ‘ഓള്‍ ഈസ് വാട്ടര്‍ ആന്‍ഡ് ടു വാട്ടര്‍ വീ മസ്റ്റ് റിട്ടേണ്‍’ എന്ന പ്രതിഷ്ഠാപനം (ഇന്‍സ്റ്റലേഷന്‍). ഗ്രാമീണരുടെ ഓര്‍മ്മകള്‍ക്ക് പുതിയ ചട്ടക്കൂടൊരുക്കി കുര്‍ദിയുടെ നഷ്ടപ്പെട്ട സ്വത്വം വീണ്ടെടുക്കുകയാണ് ഈ കലാവിഷ്‌കാരം. 5.1 സൗണ്ട് സിസ്റ്റവും കുര്‍ദിയുടെ മൂന്ന് നാടന്‍പാട്ടുകളും ഇന്‍സ്റ്റലേഷനില്‍ ഉപയോഗിച്ചിട്ടുണ്ട്.
പാട്ടിന്റെ വരികള്‍ മുതിര്‍ന്ന ഗ്രാമീണരുടെ ഓര്‍മ്മകളില്‍ നിന്ന് സഹില്‍ പകര്‍ത്തിയെടുത്തതാണ്. ‘പ്രായംചെന്ന ഗ്രാമീണരുടെ ഓര്‍മകളില്‍ മാത്രമാണ് ഇപ്പോള്‍ കുര്‍ദിയുടെ അസ്തിത്വം. വെള്ളത്തില്‍ മുങ്ങിപ്പോകുന്നതിന് മുമ്പുള്ള കുര്‍ദിയുടെ ജീവിതചരിത്രം, കാലാവസ്ഥാമാറ്റത്തിന്റെ ദുരിതം എന്നിങ്ങനെ വിവിധതലങ്ങളിലാണ് കലാവിഷ്‌കാരത്തെ സമീപിച്ചത്. ആഗോളതാപനത്തിന്റെ അനന്തരഫലമായി അവശേഷിക്കുന്ന കുര്‍ദിയും അഞ്ചാറു വര്‍ഷത്തിനകം തുടച്ചുനീക്കപ്പെടും’ സഹില്‍ നായിക് പറയുന്നു.