നാദവിസ്മയമായി കൊറിയയുടെ ‘യൂ ടോപിയ’

കൊച്ചി: കാല ദേശങ്ങളെ അതിശയിക്കുന്ന കലയുടെ സാര്‍വ്വലൗകികതയുടെ പ്രഖ്യാപനമായി ബിനാലെയോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചി കൊച്ചിന്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ അരങ്ങേറിയ ‘യൂ ടോപിയ’ സംഗീതാവിഷ്‌കാരം. അന്താരാഷ്ട്ര പ്രശസ്തയായ ദക്ഷിണ കൊറിയന്‍ സംഗീതജ്ഞ സിയോ ജുങ്മിനും അവരുടെ ബാന്‍ഡും അവതരിപ്പിച്ച മ്യൂസിക് ഷോ തിങ്ങിനിറഞ്ഞ പ്രേക്ഷകരെ ഹരം കൊള്ളിച്ചു.
25 തന്ത്രികളുള്ള ഗയാഗം എന്ന വാദ്യോപകരണത്തില്‍ സിയോ ജുങ്മിന്‍ നാദവിസ്മയം തീര്‍ത്തപ്പോള്‍ ഒഴുകുന്ന ചുവടുകളുമായി ബാന്‍ഡ് അംഗം ദൃശ്യവിരുന്നൊരുക്കി. ചില വേളകളില്‍ സുഷിരവാദ്യ പ്രകടനവും കലാവിഷ്‌കാരത്തില്‍ ഇഴചേര്‍ന്നു. കൊറിയന്‍ പരമ്പരാഗത സംഗീതമാണ് സിയോ ജുങ്മിനും സംഘവും സമകാല ശൈലിയില്‍ അവതരിപ്പിച്ചത്. പ്രകൃതിയിലെ, നിത്യജീവിതത്തിലെ സൂക്ഷ്മ സ്വരങ്ങള്‍ പോലും ഭാവത്തികവില്‍ സംഗീതത്തില്‍ സന്നിവേശിപ്പിക്കുന്നതാണ് സിയോയുടെ പ്രതിഭ. ഒന്‍പതുവര്‍ഷമായി അന്തരാഷ്ട്ര വേദികളില്‍ സജീവമാണ് ഇവരുടെ ബാന്‍ഡ്.
ബിനാലെ ഫൗണ്ടേഷനും ചെന്നൈ ഇന്‍കോ സെന്ററും ചേര്‍ന്ന് കൊറിയന്‍ സാംസ്‌കാരിക, ടൂറിസം, കായിക മന്ത്രാലയത്തിന്റെയും കൊറിയന്‍ ആര്‍ട്ട്‌സ് കൗണ്‍സിലിന്റെയും ആര്‍ട്ട്‌സ് മാനേജ്‌മെന്റ് സര്‍വ്വീസിന്റെയും സെന്റര്‍ സ്‌റ്റേജിന്റെയും സഹകരണത്തോടെയാണ് സംഗീതസായാഹ്നം സംഘടിപ്പിച്ചത്.