സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കെഎസ്എഫ്ഇ മാതൃകാപരം: ധനമന്ത്രി

കൊല്ലം: സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കേരള സ്റ്റേറ്റ്് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് (കെഎസ്എഫ്ഇ) മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കെഎസ്എഫ്ഇ പുതുതായി ആരംഭിച്ച ഡയമണ്ട് ചിട്ടികളുടെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഏതൊരു ബാങ്ക് നിക്ഷേപത്തേക്കാള്‍ ലാഭകരമായാണ് കെഎസ്എഫ്ഇ ചിട്ടികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നതിനാല്‍ ഈ സ്ഥാപനത്തിന്റെ വിശ്വാസ്യത മികച്ചതാണ്. കൊവിഡ് കാലത്തുണ്ടായിരുന്ന മാന്ദ്യം മറികടന്നുകൊണ്ട് സാമ്പത്തിക ഉണര്‍വിന്റെ പ്രതിഫലനം സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തും ദൃശ്യമാണ്. വെല്ലുവിളികള്‍ മറികടന്ന് കെഎസ്എഫ്ഇ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇതിന് സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 40 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് കെഎസ്എഫ്ഇയ്ക്കുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം 2000 പേരെ കെഎസ്എഫ്ഇയില്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സാധാരണക്കാരന്റെ ഭവന-വാഹന-വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കെഎസ്എഫ്ഇ വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കൊല്ലം നഗരസഭ ഡെ. മേയര്‍ കൊല്ലം മധു പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് വലിയ ഉണര്‍വാണ് കെഎസ്എഫ്ഇ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. മികച്ച വളര്‍ച്ചാനിരക്കാണ് കെഎസ്എഫ്ഇ കൈവരിച്ചു വരുന്നതെന്ന് ചെയര്‍മാന്‍ കെ വരദരാജന്‍ പറഞ്ഞു. ഇത് ഗണ്യമായി വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമായാണ് ഡയമണ്ട് ചിട്ടികള്‍ പോലുള്ള ആകര്‍ഷകമായ പദ്ധതികള്‍ ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വ്യതിരിക്തമായ സാമ്പത്തിക ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കുകയാണ് കെഎസ്എഫ്ഇ ചെയ്യുന്നതെന്ന് എംഡി ഡോ. എസ് കെ സനില്‍ പറഞ്ഞു. സര്‍ക്കാര്‍, പൊതുജനങ്ങള്‍, ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ എന്നിവയ്‌ക്കെല്ലാം കെഎസ്എഫ്ഇ കൈത്താങ്ങാണ്. കേരളത്തിലെ ചിട്ടി വിപണിയെ നയിക്കുന്നത് തന്നെ കെഎസ്എഫ്ഇയാണ്. സാമ്പത്തിക ചംക്രമണത്തില്‍ കെഎസ്എഫ്ഇ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം നഗരസഭാംഗം ബി ശൈലജ, ജീവനക്കാരുടെ സംഘടനാ പ്രതിനിധികളായ മുരളീകൃഷ്ണ പിള്ള എസ്, എസ് അരുണ്‍ ബോസ്, സുശീലന്‍, എസ് വിനോദ്, ഏജന്റ് പ്രതിനിധി ഇ കെ സുനില്‍, ഉപഭോക്താവായ കെ ജാജി മോള്‍, തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ചിട്ടി വരിക്കാര്‍ക്ക് 4.76 കോടി രൂപയുടെ വജ്ര-സ്വര്‍ണ ആഭരണങ്ങള്‍ നല്‍കുന്നതാണ് ഈ പദ്ധതി. സംസ്ഥാനതലത്തിലെ ഒന്നാം സമ്മാനത്തിന് 25 ലക്ഷം രൂപയ്ക്ക് തത്തുല്യമായ വജ്രാഭരണങ്ങളാണ് നല്‍കുന്നത്. മേഖലാ തലത്തിലും ശാഖാതലത്തിലും സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി നല്‍കും.