മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങള്‍ ; കെ കെ ശൈലജയും പുറത്ത്

മുഖ്യമന്ത്രി പിണറായിവിജയന്‍ ഒഴികെയുള്ള ഏല്ലാ മന്ത്രിമാരെയും പുതുമുഖങ്ങളാക്കി സി പി എം തീരുമാനം

സി പി ഐ മന്ത്രിമാരും പുതുമുഖങ്ങള്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായിവിജയന്‍ ഒഴികെയുള്ള ഏല്ലാ മന്ത്രിമാരെയും പുതുമുഖങ്ങളാക്കി സി പി എം തീരുമാനം. സിപി എം പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും മുഖ്യമന്ത്രിയായും പിണറായി വിജയനെ സിപിഎം സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. മന്ത്രിമാരായി എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, വി ശിവന്‍കുട്ടി, മുഹമ്മദ് റിയാസ്, ഡോ. ആര്‍ ബിന്ദു, വീണാ ജോര്‍ജ്, വി അബ്ദുള്‍ റഹ്മാന്‍ എന്നിവരെ നിശ്ചയിച്ചു.സ്പീക്കര്‍ സ്ഥാനാര്‍ഥിയായി എം ബി രാജേഷിനേയും, പാര്‍ട്ടി വിപ്പായി കെ കെ ശൈലജയേയും തീരുമാനിച്ചു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയായി ടി പി രാമകൃഷ്ണനേയും തീരുമാനിച്ചു. യോഗത്തില്‍ എളമരം കരീം അധ്യക്ഷത വഹിച്ചു. പി ബി അംഗങ്ങളായ എസ് രാമചന്ദ്രന്‍പിള്ള, പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം എ ബേബി എന്നിവര്‍ പങ്കെടുത്തു.
ആദ്യ പിണറായി സര്‍ക്കാരില്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജയെ രണ്ടാം മന്ത്രിസഭയിലും പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായിവിജയനല്ലാതെയുള്ള സി പി എം പ്രതിനിധികളെല്ലാം പുതുമുഖങ്ങളായിരിക്കണമെന്ന തീരുമാനമാണ് സി പി എം നേതൃയോഗങ്ങളിലുണ്ടായത്. അതിനിടെ എല്‍ ഡി എഫ് മന്ത്രിസഭയിലേക്കുള്ള സി പി ഐ മന്ത്രിമാരെയും സി പി ഐ നേതൃത്വം നിശ്ചയിച്ചു. സി പി ഐ മന്ത്രിമാരും പുതുമുഖങ്ങളാണ്.
സി പി ഐയുടെ നാലുപേരും പുതുമുഖങ്ങളാണ്. ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട കെ രാജന്‍, ചേര്‍ത്തലയില്‍ നിന്നുള്ള പി പ്രസാദ്, ചടയമംഗലത്തുനിന്നുള്ള ജെ ചിഞ്ചുറാണി, നെടുമങ്ങാട് നിന്നുള്ള ജി ആര്‍ അനില്‍ എന്നിവര്‍ മന്ത്രിമാരാകം. അടൂര്‍ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാകും. മുന്‍മന്ത്രിയും കാഞ്ഞങ്ങാട് എംഎല്‍എയുമായ ഇ ചന്ദ്രശേഖരന്‍ സിപിഐ നിയമസഭാകക്ഷി നേതാവാകും. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം കാനം രാജേന്ദ്രനാണ് മന്ത്രിമാരെ പ്രഖ്യാപിച്ചത്. സിപിഐയില്‍നിന്നും ആദ്യമായാണ് ഒരു വനിത മന്ത്രിയാകുന്നത്.
കെ കെ ശൈലജയെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായ വിമര്‍ശമുയരുന്നുണ്ട്. മന്ത്രി സഭയില്‍ പുതു തലമുറ വരുന്നത് സ്വാഗതാര്‍ഹമാണെന്നും തന്നെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നതിനെ ആരും വൈകാരികമായെടുക്കേണ്ടതെന്നും പാര്‍ട്ടി തീരുമാനമനുസരിച്ചാണ് താന്‍ മന്ത്രിയായതെന്നും വ്യക്തിയല്ല സംവിധാനമാണ് പ്രവര്‍ത്തിക്കുന്നതെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.