ഗ്രന്ഥശാലകൾ സാംസ്കാരിക കേരളത്തിൻ്റെ അടിക്കല്ലുകൾ: വി കെ മധു

വർത്തമാനം ബ്യുറോ

കൊല്ലം: കേരളത്തിൻ്റെ സാമൂഹിക വികസനത്തിൽ ഗ്രന്ഥശാലകൾ നിർവഹിച്ചിരിക്കുന്നത് നിർണായകമായ ഒരു ദൗത്യമാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു അഭിപ്രായപ്പെട്ടു. വെളിനല്ലൂർ പഞ്ചായത്തിലെ മുളയിറച്ചാലിൽ പുതുതായി സ്ഥാപിക്കപ്പെട്ട എം. കെ അയൂബ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിൻ്റെയും സാംസ്കാരിക കേന്ദ്രത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളീയ സമൂഹത്തെ ഒരു പരിധി വരെ അന്ധ വിശ്വാസങ്ങളിൽ നിന്ന് മോചിപ്പിക്കാൻ ഗ്രന്ഥശാലകളിലൂടെ നടന്ന വിജ്ഞാന പ്രസരണങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കവിയും സാംസ്കാരിക പ്രവർത്തകനുമായ കുരീപ്പുഴ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജാതീയമായി നിൽക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്ന് ഒരു പരിഷ്കൃത സമൂഹമെന്ന നിലയിൽ നാം ഇനിയും കൂടുതൽ മോചിതമാകേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.എം അൻസർ, കൊല്ലം ജില്ലാ പഞ്ചയത്തംഗം അഡ്വ. എസ് ഷൈൻ കുമാർ, ബ്ലോക്ക് പഞ്ചയത്തംഗം അഡ്വ. ജയന്തി ദേവി, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി കെ ജോൺസൺ, ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ബി വേണുഗോപാൽ, പഞ്ചായത്ത് നേതൃ സമിതി കൺവീനർ എസ്. നാസർ, കരിങ്ങന്നൂർ മുരളി, പി ആനന്ദൻ, എ മജീദ്, ജി കെ മുരുകേഷ്, കെ സജീവ് കുമാർ ലൈബ്രേറിയൻ അൻസി എം ആർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി എം എസ് ഷൈജു സ്വാഗതം പറഞ്ഞു. പ്രസിഡൻ്റ് ബി ശ്രീകുമാർ അധ്യക്ത വഹിച്ചു.