തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കണം: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സ്വരാജ് ട്രോഫി ജില്ലാ പഞ്ചായത്തില്‍ വിജയദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 202122 വര്‍ഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി രണ്ടാം സ്ഥാനം നേടിയതിനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച വിജയാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുംവര്‍ഷത്തില്‍ ജില്ലാ പഞ്ചായത്തിന് ഒന്നാം സ്ഥാനം നേടാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് ജില്ലാ പഞ്ചായത്തിന്റെ നേട്ടമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ഉമ തോമസ് എംഎല്‍എ പറഞ്ഞു.
നാടിന്റെ വികസനത്തിനും വിവിധ ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഇടയാക്കുന്ന വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ ഏറ്റെടുത്ത് വിജയകരമായി നടപ്പാക്കിയതിന്റെ ഫലമായാണ് ജില്ലാ പഞ്ചായത്തിന് പുരസ്‌കാരം കൈവരിക്കാനായതെന്ന് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. വരുംവര്‍ഷത്തില്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്ത് ആസൂത്രണം ചെയ്യുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ക്ഷീരസാഗരം പദ്ധതിയില്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കുള്ള 30 ലക്ഷം രൂപയുടെ ചെക്ക് ചടങ്ങില്‍ കൈമാറി.
ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടപ്പിലാക്കുന്നതിന് പരിശ്രമിച്ച ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, ജൂനിയര്‍ സൂപ്രണ്ട് ജോസഫ് അലക്‌സാണ്ടര്‍ എന്നിവര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക ഉപഹാരവും ചടങ്ങില്‍ കൈമാറി.
പദ്ധതികളും പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിന് മികച്ച രീതിയില്‍ സഹകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയുംജില്ലാ പഞ്ചായത്ത് അംഗങ്ങളെയും വിജയാഘോഷ പരിപാടിയില്‍ ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ജെ.ജോമി, റാണി കുട്ടി ജോര്‍ജ്ജ്, ആശ സനില്‍, കെ.ജി. ഡോണാ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, എ.എസ്. അനില്‍കുമാര്‍, മനോജ് മൂത്തേടന്‍, കെ.വി.രവീന്ദ്രന്‍ , ദീപു കുഞ്ഞുക്കുട്ടി , യേശുദാസ് പറപ്പിള്ളി, അനിമോള്‍ ബേബി, ഷൈമി വര്‍ഗീസ്, എല്‍സി ജോര്‍ജ് , റഷീദ സലിം, കെ.കെ.ദാനി, പി എം നാസര്‍, ജോയിന്റ് ഡയറക്ടര്‍ പി എം ഷെഫീക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പ്രകാശ് പി.ജി, ഫിനാന്‍സ് ഓഫീസര്‍ ജോബി തോമസ്, ജില്ലാ പഞ്ചായത്തിലെയും മറ്റ് വിവിധ വകുപ്പുകളിലെയും ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.