എൽ.ജെ.പി മാജിക്കിനായി സിനിമാപ്രേമികളുടെ നീണ്ട നിര

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രമായ ‘നൻപകല്‍ നേരത്ത് മയക്കം’ ചലച്ചിത്ര മേളയിൽ കാണാൻ തിയേറ്ററും കടന്ന് നീണ്ട നിരയായിരുന്നു. അഭൂതപൂര്‍വമായ തിക്കും തിരക്കുമാണ് ചിത്രം കാണാൻ ഉണ്ടായത്. ചിത്രത്തിന് ലഭിച്ച സ്വീകാര്യതയില്‍ നന്ദി പറഞ്ഞ് സംവിധായകൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ. ‘നൻപകൽ നേരത്ത്’ സിനിമാകൊട്ടകയും കവിഞ്ഞൊരുപാട് ദൂരം ഒഴുകിയ നിങ്ങളുടെ സ്നേഹം കണ്ടു, ഒരുപാടൊരുപാട് നന്ദി എന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്‍ബുക്കില്‍ കുറിച്ചത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിലുള്ള ആദ്യത്തെ ചിത്രമാണ് ‘നൻപകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിക്ക് പുറമേ അശോകൻ, രമ്യാ പാണ്ഡ്യൻ, അശ്വത് അശോക് കുമാര്‍, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, സഞ്‍ജന ദിപു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നു. നോവലിസ്റ്റ് എസ് ഹരീഷിന്റേതാണ് തിരക്കഥ. പ്രേക്ഷക പങ്കാളിത്തത്താൽ അമ്പരപ്പ് നിറഞ്ഞ കാഴ്ചയായിരുന്നു ‘നൻപകല്‍ നേരത്ത് മയക്ക’ത്തിന്റെ വേള്‍ഡ് പ്രീമിയര്‍. കേരള രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തിലായിരുന്നു ചിത്രം പ്രദര്‍ശിപ്പിച്ചത്.