നടനും സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു.

നടനും സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു.

തൃശൂർ : എഴുത്തുകാരനും നടനും സാംസ്കാരിക പ്രവർത്തകനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ (81) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്നു. ‌മാടമ്പിനെ കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായാണ് ജനനം. സാഹിത്യത്തിലും സിനിമയിലും മാത്രമല്ല, തത്വചിന്തയിലും വേദങ്ങളിലും മാതംഗശാസ്ത്രത്തിലുമെല്ലാം ആഴത്തിലുള്ള അറിവുണ്ടായിരുന്നു മാടമ്പിന്.

അശ്വത്ഥാമാവ്, മഹാപ്രസ്ഥാനം, അവിഘ്നമസ്തു, ഭ്രഷ്ട്, എന്തരോ മഹാനുഭാവുലു, നിഷാദം, പാതാളം, ആര്യാവർത്തം, അമൃതസ്യ പുത്രഃ, തോന്ന്യാസം എന്നിവയാണ് നോവലുകൾ. മകൾക്ക്, ഗൗരീശങ്കരം, സഫലം, കരുണം, ദേശാടനം എന്നിവയാണ് തിരക്കഥകൾ. പൈതൃകം, ആനച്ചന്തം, വടക്കുംനാഥൻ, കരുണം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒൻപതു നോവലുകളും അഞ്ചു തിരക്കഥകളും എഴുതിയിട്ടുണ്ട്. പത്തോളം സിനികളിൽ അഭിനയിച്ചു. മികച്ച തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (കരുണം), കേരള സാഹിത്യ അക്കാദമി പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സാവിത്രി അന്തര്‍ജനം. മക്കൾ: ഹസീന, ജസീന.