മഹാരാഷ്ട്ര പ്രതിസന്ധി:വിമതര്‍ക്കാശ്വാസം

നോട്ടിസിന് മറുപടിനല്കാനുള്ള സമയം ജൂലൈ 12വരെ നീട്ടിനല്കി സുപ്രിംകോടതി

ന്യൂദല്‍ഹി: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയില്‍ ശിവസേന വിമത എം എല്‍ എമാര്‍ക്ക് ആശ്വാസം. ശിവസേന വിമത എം എല്‍ എ മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നല്കിയ കത്തിനെതുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി വിമത എം എല്‍ എമാര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ അയച്ച നോട്ടിസിന് മറുപടിനല്കാന്‍ വിമത എം എല്‍ എമാര്‍ക്ക് ജൂലൈ 12 വരെ സുപ്രിംകോടതി സമയം അനുവദിച്ചു.
അയോഗ്യരാക്കാതിരിക്കാന്‍ ഇന്നു വൈകുന്നേരത്തിനകം കാരണം ബോധിപ്പിക്കണമെന്നാണ് ഡപ്യൂട്ടി സ്പീക്കര്‍ നോട്ടിസ് നല്‍കിയിരുന്നത്. ഇതാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നീട്ടിയത്. വിമതപക്ഷത്തെ 16 എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ വിമതനേതാവ് ഏക്‌നാഥ് ഷിന്ദേയാണ് സുപ്രീം കോടതിയെ സമീപിച്ചത്.നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് ഷിന്ദേയെ മാറ്റി ഉദ്ധവ് പക്ഷത്തെ അജയ് ചൗധരിയെ നിയമിച്ചതും ഡപ്യൂട്ടി സ്പീക്കറിനെതിരായ അവിശ്വാസപ്രമേയം തള്ളിയതും ഹര്‍ജിയില്‍ ചോദ്യം ചെയ്തിരുന്നു. ഡപ്യൂട്ടി സ്പീക്കറെ നീക്കുന്നതില്‍ തീരുമാനമാകുന്നതുവരെ എംഎല്‍എമാര്‍ക്കെതിരെ നടപടി പാടില്ലെന്നായിരുന്നു ആവശ്യം.
ഹര്‍ജിയില്‍ മഹാരാഷ്ട്ര ഡപ്യൂട്ടി സ്പീക്കര്‍ക്കും ശിവസേന കക്ഷി നേതാക്കള്‍ക്കും സുപ്രീം കോടതി നോട്ടിസ് അയച്ചു. ഡപ്യൂട്ടി സ്പീക്കര്‍ നര്‍ഹരി സീതാറാം സിര്‍വാളിനും ശിവസേനാ നിയമസഭാ കക്ഷി നേതാവ് അജയ് ചൗധരി, ചീഫ് വിപ് സുനില്‍ പ്രഭു എന്നിവര്‍ക്കാണ് നോട്ടിസ്. കേന്ദ്രസര്‍ക്കാരിനും നോട്ടിസ് നല്‍കി. അഞ്ച് ദിവസത്തിനകം എതിര്‍ സത്യവാങ്മൂലം നല്‍കണം. ജൂലൈ 11നു കേസ് വീണ്ടും പരിഗണിക്കും.
എന്തുകൊണ്ടാണ് ഹൈക്കോടതിയെ ആദ്യം സമീപിക്കാത്തതെന്ന് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെബിപാര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. സര്‍ക്കാര്‍ സംവിധാനത്തെ ഭരണകക്ഷിയിലെ ന്യൂനപക്ഷ വിഭാഗം അട്ടിമറിച്ചിരിക്കുകയാണെന്നും നിയമനടപടികള്‍ നടക്കുന്നതില്‍ സംസ്ഥാനത്ത് അനുകൂല അന്തരീക്ഷമല്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.