മാധ്യമങ്ങള്‍ സത്യം വിളിച്ചുപറയണം, അധികാരത്തോടെ: സ്പീക്കര്‍

നിയമസഭയിൽ  ഗൗരവപൂര്‍വ്വമായ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ആ രീതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ സ്ഥലവും സമയവും നീക്കിവെക്കേണ്ടതുണ്ടെന്ന് സ്പീക്കർ 

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ അധികാരത്തോടെ സത്യം വിളിച്ചുപറയണമെന്നും ജനാധിപത്യത്തില്‍ മാധ്യമങ്ങളെ മാറ്റി നിര്‍ത്തി മുന്നോട്ടുപോകാനാകില്ലെന്നും. നിയമസഭയിൽ പൊതുജനത്തെ ബാധിക്കുന്ന ഗൗരവമായ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ആ രീതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ സ്ഥലവും സമയവും നീക്കിവെക്കേണ്ടതുണ്ടെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍. മാധ്യമപ്രവര്‍ത്തകര്‍ക്കായി കേരള നിയമ സഭാ സെക്രട്ടേറിയറ്റും നിയമസഭയിലെ പാര്‍ലമെന്ററി സ്റ്റഡി വിഭാഗവും (കെലാംപ്‌സ്) പത്ര പ്രവര്‍ത്തക യൂണിയനും (കെയുഡബ്ല്യൂ ജെ) യും സംഘടിപ്പിച്ച നിയമസഭാ റിപ്പോര്‍ട്ടിംഗ് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തില്‍ നാലാം തൂണായ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്. ആരോഗ്യപരമായ വിമര്‍ശനങ്ങള്‍ ഉണ്ടാകണം. പക്ഷെ, മാധ്യമപ്രവര്‍ത്തകന്‍ എന്ന പ്രിവിലേജ് ഉപയോഗിച്ച് മുതിർന്ന രാഷ്ട്രീയ നേതാക്കളോടടക്കം എന്തും ചോദിക്കുന്ന പ്രവണത ചുരുക്കം മാധ്യമപ്രവര്‍ത്തകരെങ്കിലും പിന്തുടരുന്നുണ്ട്.

ഇത്തരം കാര്യങ്ങളില്‍ ആത്മപരിശോധന നടത്തേണ്ടതുണ്ട്. പൊതുജനത്തെ ബാധിക്കുന്ന ഗൗരവപൂര്‍ണമായ വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച ആ രീതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ സ്ഥലവും സമയവും നീക്കിവെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിയമ സഭ ബാങ്ക്വാറ്റ് ഹാളില്‍ നടന്ന ശില്‍പശാലയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനായി.

വിവിധ സെഷനുകളില്‍ സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, കെലാംപ്‌സ് ഡയറക്ടര്‍ ജി.പി ഉണ്ണിക്കൃഷ്ണന്‍, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു,ഏഷ്യനെറ്റ് ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എസ്. ബിജു തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
നിയമ സഭ സെക്രട്ടറി എ.എം.ബഷീര്‍, കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കെ ലാംപ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മഞ്ജു വര്‍ഗീസ്  ശിൽപ്പശാലയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തകർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.