മങ്കിപോക്‌സ് : കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിലേക്ക് വിദഗ്ധസംഘത്തെ നിയോഗിച്ചു

Central expert team, monkey pox

ഡൽഹി: കേരളത്തിലെ കൊല്ലം ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും ആവശ്യമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുന്നതിനുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം വിദഗ്‌ധ സംഘത്തെ നിയോഗിച്ചു.

ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ, (എന്‍.സി.ഡി.സി) ജോയിന്റ് ഡയറക്ടര്‍ ഡോ: സാങ്കേത് കുല്‍ക്കര്‍ണി , ന്യൂഡല്‍ഹിയിലെ ഡോ. ആര്‍.എം.എല്‍ ഹോസ്പിറ്റലിലെ മൈക്രോബയോളജി വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍, ഡോ: അരവിന്ദ് കുമാര്‍ അച്ഛ്റ ഡെര്‍മറ്റോളജിസ്റ്റ് ഡോ: അഖിലേഷ് തോലേ , കേരളത്തിലെ ആരോഗ്യ കുടുംബക്ഷേമ മേഖലാ (കോഴിക്കോട്) അഡൈ്വസര്‍ ഡോ: പി. രവീന്ദ്രന്‍ എന്നിവര്‍ക്ക് പുറമെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും അടങ്ങുന്നതാണ് കേന്ദ്രസംഘം.

ഈ സംഘം സംസ്ഥാന ആരോഗ്യ അധികാരികളുമായി ചേര്‍ന്ന് പൊട്ടിപ്പുറപ്പെട്ട രോഗത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഇത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനെ അറിയിക്കുന്നതൊപ്പം ആരോഗ്യ മന്ത്രാലയത്തിലെ ദുരന്ത നിവാരണ സെല്‍ കൈക്കൊണ്ട പൊതുജനാരോഗ്യ നടപടികള്‍ സംസ്ഥാന ഗവണ്‍മെന്റിനെ ധരിപ്പിക്കുകയും ചെയ്യും.

സംഘം സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്ഥലത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ആവശ്യമായ പൊതുജനാരോഗ്യ ഇടപെടലുകള്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും. കേന്ദ്ര ഗവണ്‍മെന്റ് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് ഇത്തരം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെങ്കില്‍ സംസ്ഥാനങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടും സജീവമായ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.