ഹഡില്‍ ഗ്ലോബല്‍: നൂറിലധികം നിക്ഷേപകരെത്തും ; ദ്വിദിന സംഗമം കോവളത്ത് വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരങ്ങളൊരുക്കി ആഗോളതലത്തിലെ നൂറിലധികം നിക്ഷേപകര്‍ കേരളത്തിലേക്കെത്തുന്നു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തോടനുബന്ധിച്ചാണ് നിക്ഷേപകര്‍ കേരളത്തിലെത്തുന്നത്. ഡിസംബര്‍ 15, 16 തീയതികളില്‍ ദി ലീല, രാവിസ് കോവളം ഹോട്ടലില്‍ നടക്കുന്ന സംഗമം 15 ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജി ടെക് ചെയര്‍മാന്‍ വി കെ. മാത്യൂസ്, റിട്ടയേര്‍ഡ് ചീഫ് സെക്രട്ടറി ഡോ. കെ എം. എബ്രഹാം എന്നിവര്‍ സംസാരിക്കും. ചടങ്ങില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ പ്രവര്‍ത്തനങ്ങളേയും സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയേയും കുറിച്ചുള്ള കേരള സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ട് 2022 മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ഫിസിക്കല്‍ എഡിഷന്‍ ഹഡില്‍ ഗ്ലോബലില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മൂവായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് കെഎസ്യുഎം സിഇഒ അനൂപ് അംബിക പത്രസമ്മേളനത്തില്‍ അറിയിച്ചു. ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി സാമൂഹിക പ്രസക്തിയുള്ള കൂടുതല്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനും അതിനനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനുമുള്ള നയരൂപീകരണത്തിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റൗണ്ട് ടേബിള്‍ ചര്‍ച്ചയും സംഘടിപ്പിക്കുന്നുണ്ട്. വ്യാഴാഴ്ച 3 ന് നടക്കുന്ന പരിപാടിയിലൂടെ സംസ്ഥാനത്തു ഒരു സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ് പോളിസി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സാധാരണജനങ്ങള്‍ക്ക് പുതിയ ടെക്‌നോളജി അധിഷ്ഠിത സംരംഭങ്ങളിലേക്കും സ്റ്റാര്‍ട്ടപ്പുകളിലേക്കും എത്തിച്ചേരുക അപ്രാപ്യമെന്നു കരുതുന്ന ഒരു അവസ്ഥ നിലവിലുണ്ടെന്നും ഇതിനൊരു മാറ്റം ഉണ്ടാക്കാനാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അനൂപ് അംബിക പറഞ്ഞു. ഗ്രാമീണമേഖലയില്‍ നിന്ന് പുതിയ കണ്ടുപിടുത്തങ്ങളുമായെത്തുന്ന സാധാരണക്കാരെ ഹഡില്‍ ഗ്ലോബലിന്റെ ഭാഗമായി മുന്നോട്ടു കൊണ്ടുവരാനും അവരുടെ ഉല്പന്നങ്ങള്‍ക്ക് ഒരു ആഗോളവിപണി ഉണ്ടെന്ന് പരിചയപ്പെടുത്താനും ഇതിലൂടെ സാധിക്കും. ഇത് മികച്ച സാമൂഹ്യ സംരംഭക അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമാകും. ഗ്രാമീണ മേഖലയിലെ തിരഞ്ഞെടുക്കപ്പെട്ട രണ്ട് സംരംഭകരുടെ വിപണനമൂല്യമുള്ള ഉല്പന്നങ്ങളുടെ പ്രദര്‍ശനം ഹഡില്‍ ഗ്ലോബലില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നിക്ഷേപകരെത്തും. യുവ സംരംഭകര്‍ക്ക് ആശയങ്ങളുടെ രൂപകല്പന മുതല്‍ ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങി സംരംഭം വിജയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ മെന്റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ ഉല്പന്നങ്ങള്‍ നിലവില്‍ ഉപയോഗിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.
നൊബേല്‍ ജേതാവ് മുഹമ്മദ് യൂനുസിന്റെ പേരില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യൂനൂസ് സോഷ്യല്‍ ഫണ്ട് ബെംഗളൂരു, ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്‍ എന്നിവരുമായി ചേര്‍ന്നാണ് റൗണ്ട് ടേബിള്‍ ചര്‍ച്ച സംഘടിപ്പിക്കുന്നത്. കേരളത്തിലെ കുടുംബശ്രീ ഉള്‍പ്പടെയുള്ള സ്വയം സഹായ സംഘങ്ങള്‍, സോഷ്യല്‍ സ്റ്റാര്‍ട്ടപ്പ്-എന്‍ജിഒ പ്രതിനിധികള്‍, റിസര്‍ച്ച് സ്ഥാപന മേധാവികള്‍, യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. കേരളത്തിന്റെ തനതായ ഉല്പന്നങ്ങള്‍ ആഗോള മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനുള്ള സാധ്യതകള്‍, നിലവിലെ സാമൂഹിക സംരംഭങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ അത് പരിഹരിക്കാനാവശ്യമായ നടപടികള്‍ എന്നിവ ചര്‍ച്ചയുടെ ഭാഗമാവും.
സമ്മേളനത്തിന്റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഗ്രാന്റ് കേരള സ്റ്റാര്‍ട്ടപ്പ് ചലഞ്ചും സംഘടിപ്പിക്കും. ഇതില്‍ വിജയിയാകുന്ന ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പിന് 50 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.
നിക്ഷേപകരായ രാജേഷ് സാഹ്നി, നിയാസ ലൈയ്ക്, അനൂപ് ജയിന്‍, അവിരാല്‍ ഭട്‌നാഗര്‍, പദ്മജ, വിഷേഷ് രാജാറാം, ആശിഷ് തനേജ, കുര്‍ത്തി റൈയാനി, അരവിന്‍ ജി നംദേവ്, രാം കര്‍ത്ത, എഡ്വിന്‍ ജോണ്‍, പി. കെ. ഗോപാലകൃഷ്ണന്‍, അനില്‍ ജോഷി, ദീപിക ജെയ്്ന്‍, നീര ഇനാംദാര്‍, തേജ് കപൂര്‍ തുടങ്ങിയവര്‍ ദ്വിദിന സമ്മേളനത്തില്‍ പ്രഭാഷകരായെത്തും.സംരംഭകര്‍, നിക്ഷേപകര്‍, മെന്റര്‍മാര്‍, ഉപഭോക്താക്കള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരെ ഒരുമിച്ച് ഒരു വേദിയിലെത്തിക്കാന്‍ സമ്മേളനം സഹായകമാകും.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക-വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനുമുള്ള അവസരം ഹഡില്‍ ഗ്ലോബലിലുണ്ടാകും. നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപം നടത്താനുമുള്ള അവസരവും ഇതിലൂടെ ലഭിക്കും. അക്കാഡമിക് വിദഗ്ധരും സംരംഭകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തണമെന്ന ലക്ഷ്യവും ഹഡില്‍ ഗ്ലോബലിനുണ്ട്. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ അഞ്ച് വ്യത്യസ്ത പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. സ്റ്റാര്‍ട്ടപ്പുകളുടെ പുതിയ ഉല്പന്നങ്ങള്‍ എങ്ങനെ ഉപഭോക്താക്കളുടെ മുന്നില്‍ അവതരിപ്പിക്കണം എന്നതു മുതല്‍ എങ്ങനെ വിപണനം ചെയ്യണം എന്നു വരെയുള്ള കാര്യങ്ങള്‍ ഇതിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും.
ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ അവരുടെ അനുഭവങ്ങള്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. പുതിയ ആശയങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമായി നിക്ഷേപകരെത്തും. യുവ സംരംഭകര്‍ക്ക് ആശയങ്ങളുടെ രൂപകല്പന മുതല്‍ ബിസിനസ് തന്ത്രങ്ങള്‍, ഫണ്ട് സമാഹരണം, കമ്പോളവല്ക്കരണം തുടങ്ങി സംരംഭം വിജയിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ വിവിധ രംഗങ്ങളില്‍ വൈദഗ്ധ്യമുള്ളവര്‍ മെന്റര്‍മാരായെത്തും. വ്യാവസായിക പ്രമുഖര്‍, വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുക്കും.
ടെക് ടോക്കുകള്‍, സ്റ്റാര്‍ട്ടപ്പ് ഡെമോ, ഫയര്‍സൈഡ് ചാറ്റ്, നിക്ഷേപകരുമായുള്ള സ്പീഡ് ഡേറ്റിംഗ്, ഇന്‍ഡസ്ട്രി ചലഞ്ച്, സ്റ്റാര്‍ട്ടപ്പ് പിച്ചിംഗ്, മറ്റ് ബിസിനസ്-നിക്ഷേപ അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ എന്നിവ സമ്മേളനത്തിന്റെ സവിശേഷതയാണ്. 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിച്ചിംഗ് മത്സരം സമ്മേളനത്തിന്റെ ആദ്യദിനം നടക്കും. കേരള വ്യവസായ മന്ത്രി പി. രാജീവ്, തമിഴ്‌നാട് സര്‍ക്കാര്‍ വിവര സാങ്കേതികവിദ്യാവകുപ്പ് മന്ത്രി ടി. മനോ തങ്കരാജ്, കേരള സര്‍ക്കാര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സെക്രട്ടറി രത്തന്‍ യു കേല്‍ക്കര്‍, കെഎസ്യുഎം സിഇഒ അനൂപ് അംബിക, ഇന്ത്യയിലെ സ്വിസ്നെക്സിന്റെ സിഇഒയും സ്വിറ്റ്സര്‍ലന്‍ഡ് കോണ്‍സല്‍ ജനറലുമായ ജോനാസ് ബ്രണ്‍ഷ്വിഗ്, ഓസ്ട്രിയന്‍ എംബസിയിലെ വാണിജ്യ കൗണ്‍സിലറും ട്രേഡ് കമ്മീഷണറുമായ ഹാന്‍സ്-ജോര്‍ഗ് ഹോര്‍ട്‌നാഗല്‍, മല്‍പാനി വെഞ്ചേഴ്സ് സ്ഥാപകന്‍ ഡോ. അനിരുദ്ധ മല്‍പാനി, ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ സഹസ്ഥാപകയും സിഒഒയുമായ മേബല്‍ ചാക്കോ, ടിവിഎസ് ഹെഡ്-ഡിജിറ്റല്‍ ആന്‍ഡ് എഐ ഇന്നൊവേഷന്‍ അഭയ് ടണ്ടന്‍, സൈറി ചഹല്‍(സി ഇ ഒ ഷീറോസ്) ,യുണികോണ്‍ ഇന്ത്യ വെഞ്ചേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍ അനില്‍ ജോഷി, മാട്രിമോണി.കോം സ്ഥാപകന്‍ മുരുകവേല്‍ ജാനകിരാമന്‍, യുണീകോണ്‍ സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ പ്രതീക് മഹേശ്വരി (ഫിസിക്‌സ്‌വാലാ), നീരജ് സിങ് (സ്പിന്നി), അനീഷ് അച്യുതന്‍ (ഓപ്പണ്‍), ഡോ. വൈഭവ് കപൂര്‍(പ്രിസ്റ്റിന്‍ കെയര്‍), വസന്ത് ശ്രീധര്‍ (ഓഫ് ബിസിനസ്), അര്‍ജുന്‍ മോഹന്‍( സിഇഒ അപ്‌ഗ്രേഡ് ഇന്ത്യ) തുടങ്ങിയവരും ദ്വിദിന സമ്മേളനത്തില്‍ പ്രഭാഷകരായെത്തുന്നുണ്ട്.
മൂവായിരത്തിലധികം സ്റ്റാര്‍ട്ടപ്പുകളും നൂറിലധികം നിക്ഷേപകരും ഇരുന്നൂറിലധികം മെന്റര്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കും. 2018 മുതല്‍ നടക്കുന്ന ‘ഹഡില്‍ കേരള’ യില്‍ 5000ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ ഇതിനകം പങ്കെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകളില്‍ ഒന്നാണിത്.
എഡ്യൂടെക്, ഓഗ്്മെന്റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ് ടെക്, ഹെല്‍ത്ത് ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ – ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് / മെഷീന്‍ ലേണിംഗ് തുടങ്ങിയ മേഖലകളിലെ സംരംഭങ്ങള്‍ക്ക് ഹഡില്‍ ഗ്ലോബലില്‍ പങ്കെടുക്കാനാകും.