ദേശീയ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്; കേരളത്തിന്റെ വിജയത്തോടെ കൊല്ലത്തു തുടക്കമായി

വർത്തമാനം ബ്യൂറോ

 

കൊല്ലം; 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിന് ആശ്രാമം മൈതാനത്ത് വർണ്ണാഭമായ തുടക്കം. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ 19 ടീമുകളും, പെൺകുട്ടികളുടെ വിഭാ​ഗത്തിൽ 18 ടീമുകളും പങ്കെടുക്കുന്ന മത്സരം ഇരവിപുരം എംഎൽഎ എം. നൗഷാദ് ഉദ്ഘാടനം ചെയ്തു.


ബേസ്ബോൾ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ കൃഷ്ണമൂർത്തി റിട്ട ഐപിഎസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സെക്രട്ടറി ജനറൽ ഹരീഷ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് അശോക് കെ ശർമ്മ, സംസ്ഥാന സെക്രട്ടറി ആനന്ദ്ലാൽ ടിപി, സോഫ്റ്റ്ബോൾ അസോസിയേഷൻ സംസ്ഥാന ട്രഷറർ എം രമേശൻ, സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. കെ രാമാഭദ്രൻ, മുൻ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസം​ഗിച്ചു. ഓർ​ഗനൈസിം​ഗ് ജനറൽ കൺവീനർ നൗഫിൻ ബി സ്വാ​ഗതവും, ഫൗണ്ടർ സെക്രട്ടറി അരുൺ ടി.എസ് നന്ദിയും പറഞ്ഞു.

ചാമ്പ്യൻഷിപ് മികച്ച കവറേജ് നൽകുന്ന ഒരു ദൃശ്യ മാധ്യമത്തിനും, ഒരു പത്ര മാധ്യമത്തിനും 5000 രൂപ വീതമുള്ള മാധ്യമ പുരസ്‌കാരങ്ങൾ സമ്മാനിക്കും.സമഗ്ര കവറേജിൽ റിപ്പോർട്ടുകൾ, ഫോട്ടോകൾ, വീഡിയോ സ്റ്റോറികൾ, വീഡിയോ ക്യാമറമാൻ എന്നിവയും പരിഗണിക്കപ്പെടും. അവാർഡിനുള്ള എൻട്രികൾ 30 തീയതി ഉച്ചക്ക് 12 മണിക്ക് മുൻപ് 9037707060 എന്ന നമ്പറിൽ അയക്കാം

ദേശീയ ബേസ്ബോൾ കേരളത്തിന്റെ വിജയത്തോടെ തുടക്കം 

കൊല്ലം;ആശ്രാമം മൈതാനത്ത് ആരംഭിച്ച 30 മത് ദേശീയ ജൂനിയർ ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തോടെ തുടക്കം. ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഒഡീഷ്യയെ (16-5) നും പെൺകുട്ടികളുടെ വിഭാ​ഗത്തിൽ മധ്യപ്രദേശിനെ (13-1)നുമാണ് കേരളം പരാജയപ്പെടുത്തിയത്.

ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ഉത്തർപ്രദേശ് ജമ്മുകാശ്മീരിനെ (11-9), രാജസ്ഥാൻ ഛണ്ടി​ഗഡിനെ ( 14- 4 ) നും , പെൺകുട്ടികളുടെ വിഭാ​ഗത്തിൽ ആന്ധ്ര രാജസ്ഥാനെ ( 11- 1 ) നും, പഞ്ചാബ് ജമ്മുകാശ്മീരിനെ ( 16-1 ) നും പരാജയപ്പെടുത്തി.

പ്രാഥമിക റൗണ്ടിലെ മറ്റ് മത്സരങ്ങൾ ചൊവ്വ, ബുധൻ ​ദിവസങ്ങളിൽ നടക്കും, 30 ന് ആണ് ഫൈനൽ മത്സരങ്ങൾ നടക്കുക.