കൊച്ചി: ജലമാര്‍ഗമുളള ടൂറിസത്തിലും ചരക്ക് ഗതാഗതത്തിലും ചുവടുറപ്പിച്ച കെ.എസ്.ഐ.എന്‍.സി. ടൂറിസം മേഖലയില്‍ നെഫര്‍റ്റിറ്റി ക്രൂയിസിലൂടെ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നു. കപ്പലില്‍ നിന്നുള്ള ഒരൊറ്റ മാസത്തെ വരുമാനം ഒരു കോടി കടന്നു. 48 മീറ്റര്‍ നീളവും 15 മീറ്റര്‍ വീതിയുമുളള നെഫര്‍റ്റിറ്റി എന്ന മിനി ക്രൂയിസ് ഷിപ്പില്‍ 200 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. മര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത ഈ കപ്പല്‍ പുറം കടലില്‍ പോകാന്‍ ഐ.ആര്.എസ്. ക്ലാസിലാണ് പണിതത്. 200 പേര്‍ക്ക് ഇരിക്കാവുന്ന ബാങ്ക്വറ്റ് ഹാള്‍, റെസ്റ്റോറന്റ്, കുട്ടികള്‍ക്കുളള കളിസ്ഥലം, സണ്‍ഡെക്ക്, ലോഞ്ച് ബാര്‍, 3ഉ തിയേറ്റര്‍ തുടങ്ങിയ ആകര്ഷണങ്ങള് നെഫര്റ്റിറ്റിയില് ഉണ്ട്. ചുരുങ്ങിയ ചിലവില്‍ അറബിക്കടലിന്റെ വശ്യമനോഹാരിത ആസ്വദിക്കുവാനുളള സുവര്‍ണ്ണ അവസരമാണ് ഇത് ഒരുക്കുന്നത്. ബിസിനസ്സ് മീറ്റിംഗുകള്‍ക്കും, വിവാഹചടങ്ങുകള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും അനുയോജ്യമായ സ്വപ്നതുല്യമായ അനുഭവം നെഫര്‍റ്റിറ്റി നല്കുന്നു. കൂടാതെ വ്യക്തിഗത ടിക്കറ്റ് യാത്രകളും നെഫര്‍റ്റിറ്റി ഒരുക്കുന്നുണ്ട്. നിരവധി വന്‍കിട കമ്പനികളായ ഏഷ്യന്‍ പെയിന്റ്സ്, സിന്തൈറ്റ്, കൂടാതെ ഡോക്ടര്‍മാരുടെ കോണ്‍ഫറന്‍സുകളും, കമ്പനി സെക്രട്ടറിമാരുടെ മീറ്റിംഗുകളും ഈ കപ്പലില്‍ നടന്നിരുന്നു. സിനിമകളുടെ പ്രൊമോഷനും ഷൂട്ടിനുമുള്ള ഇഷ്ട ലൊക്കേഷനായും നെഫര്‍റ്റിറ്റി ഈ ചുരുങ്ങിയ കാലയളവില്‍ മാറി. ഇന്ത്യന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, കുടുംബസമേതം നെഫര്റ്റിറ്റിയില് യാത്ര ചെയ്ത ശേഷം വേറിട്ട അനുഭവത്തെക്കുറിച്ച് വാചാലനായിരുന്നു. മോഹന്‍ലാല്‍ ഉള്‍പ്പെടെ പല സിനിമാതാരങ്ങളും നെഫര്റ്റിറ്റിയില് യാത്ര നടത്തിയിട്ടുളളതാണ്. കെ.എസ്.ആര്.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയുമായി നെഫര്‍റ്റിറ്റി സഹകരിക്കുന്നുണ്ട്. നാല് വര്‍ഷം മുമ്പ് ഈ കപ്പല്‍ കടലില്‍ ഇറക്കിയപ്പോള്‍ ഇതിന്റെ വിജയസാധ്യതകളെക്കുറിച്ച് ഏറെ ആശങ്കകളുണ്ടായിരുന്നു. ആദ്യ ഒരു വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് വലിയ ബാധ്യതയായി മാറിയ നെഫര്‍റ്റിറ്റിയെ കരകയറ്റാന്‍ നൂതന മാര്‍ക്കറ്റിംഗ് പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോഴാണ് കോവിഡ് മഹാമാരിയില്‍ ടൂറിസം മേഖല തകര്‍ന്നത്. എന്നാല്‍ കൃത്യമായ മാര്‍ക്കറ്റിങ്ങും, 24/7 കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള നിര്‍ണായകമായ തീരുമാനങ്ങളും, സമയോചിതമായ ഇടപെടലുകളുമാണ് നെഫര്‍റ്റിറ്റിയെ വന്‍ വിജയത്തിലെത്തിച്ചത്. മെയ് മാസത്തില്‍ മാത്രം മുപ്പതിലേറെ ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി ഒരു കോടി രൂപയോളം വരുമാനം ഉണ്ടാക്കിയ നെഫര്‍റ്റിറ്റി 100ശതമാനം ബുക്കിങ്ങില്‍ എത്തിയിട്ട് മാസങ്ങളായി. സാങ്കേതികമായി ഇതിലേറെ ട്രിപ്പുകള്‍ ഇടാന്‍ നിലവില്‍ സാധിക്കില്ല. കൊച്ചി ഫൈന്‍ ആര്‍ട്ട്സ് ഹാളിന് സമീപം പണി നടന്ന് കൊണ്ടിരിക്കുന്ന കെ.എസ്.ഐ.എന്‍.സി യുടെ സ്വന്തം ജെട്ടി പൂര്‍ത്തി ആയാല്‍ നെഫര്‍റ്റിറ്റിക്ക് കൂടുതല്‍ ട്രിപ്പുകള്‍ കുറഞ്ഞ ചെലവില്‍ എടുക്കാനാവും. നെഫര്‍റ്റിറ്റി യാത്രയ്ക്കുളള ടിക്കറ്റുകള്‍ ഓണ്‍ലൈനായി www.nefertiticruise.com എന്ന വെബ്സൈറ്റില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.