കെഎസ്എഫ് ഡിസിയുടെ ‘നിഷിദ്ധോ’ മികച്ച രണ്ടാമത്തെ ചിത്രം

 

വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിയിലെ ആദ്യ സിനിമ

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ സ്ത്രീശാക്തീകരണ കാഴ്ചപ്പാടില്‍ കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ് ഡിസി) നിര്‍മ്മിച്ച ആദ്യ സിനിമയായ ‘നിഷിദ്ധോ’ 52ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച രണ്ടാമത്തെ ചിത്രം. കെഎസ്എഫ് ഡിസിയുടെ ‘വനിതകളുടെ സംവിധാനത്തിലുള്ള സിനിമ’ പദ്ധതിക്ക് കീഴിലുള്ള ചിത്രത്തിന്റെ സംവിധായിക നവാഗതയായ താര രാമാനുജന്‍ ആണ്. റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത ചവിട്ട് എന്ന സിനിമയ്‌ക്കൊപ്പമാണ് നിഷിദ്ധോ പുരസ്‌കാരം പങ്കിട്ടത്.
26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച നിഷിദ്ധോ മികച്ച നവാഗത സംവിധായികയ്ക്കുള്ള കെആര്‍ മോഹനന്‍ പുരസ്‌കാരം നേടിയിരുന്നു. ബംഗളൂരു, കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നും കേരളത്തിലേക്ക് കുടിയേറിയ തൊഴിലാളിയും തമിഴ് യുവതിയുമായുള്ള ബന്ധവും അവരുടെ ജീവിത സംഘര്‍ഷങ്ങളുമാണ് നിഷിദ്ധോ പ്രമേയമാക്കുന്നത്. കനി കുസൃതിയും തന്‍മയ് ധനാനിയയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വനിതകളുടെ സംവിധാനത്തിലുള്ള സിനിമ പദ്ധതിക്ക് കീഴില്‍ വനിതാ സംവിധായകര്‍ക്ക് പ്രതിവര്‍ഷം രണ്ട് സിനിമകള്‍ നിര്‍മ്മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്‌