ഓണം വാരാഘോഷം സെപ്റ്റംബര്‍ 6 മുതല്‍ 12 വരെ; ടൂറിസം ഓണാഘോഷ ഫെസ്റ്റിവെല്‍ ഓഫീസ് തുറന്നു

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികളുടെ ഫെസ്റ്റിവെല്‍ ഓഫീസ് സംസ്ഥാന ടൂറിസം ഡയറക്ടറേറ്റില്‍ തുറന്നു. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെസ്റ്റിവെല്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 6 മുതല്‍ 12 വരെയാണ് ഓണം വാരാഘോഷം. സംസ്ഥാനതല ഓണാഘോഷം സെപ്റ്റംബര്‍ ആറിന് തിരുവനന്തപുരം നിശാഗന്ധിയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
കോവിഡിന്റെ രൂക്ഷത കുറഞ്ഞതോടെ ഇടവേളയ്ക്കുശേഷം ഇത്തവണ ഓണം വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് മനുഷ്യനെ ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചു. ഇപ്പോള്‍ ദു:ഖങ്ങളൊക്കെ മറന്ന് സന്തോഷിക്കാനുള്ള വേളയാണ്. എല്ലായിടത്തും ഓണം മാതൃകാപരമായി ആഘോഷിക്കും. സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും സര്‍വ്വ മേഖലകളെയും പങ്കെടുപ്പിച്ച് നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.


ഓണാഘോഷ പരിപാടികളില്‍ പാരമ്പര്യകലകള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ഘോഷയാത്ര കൂടുതല്‍ വൈവിധ്യത്തോടെ സംഘടിപ്പിക്കുമെന്നും ഓണാഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനായ പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ഐ.ബി. സതീഷ് എം.എല്‍.എ., ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓണാഘോഷ പരിപാടികളുടെ നടത്തിപ്പിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യ രക്ഷാധികാരിയും, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചെയര്‍മാനും, സ്പീക്കര്‍, പ്രതിപക്ഷനേതാവ്, മന്ത്രിമാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും തിരുവനന്തപുരം ജില്ലയിലെ എംപിമാരും എംഎല്‍എമാരും ഉപരക്ഷാധികാരികളുമായുള്ള കമ്മിറ്റിക്കാണ് രൂപം നല്‍കിയിട്ടുള്ളത്.