മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയാന്‍ ‘ഓപ്പറേഷന്‍ ഓയില്‍’ സ്‌പെഷ്യല്‍ ഡ്രൈവ്‌

ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ വില്‍ക്കാന്‍ സാധിക്കൂ
തിരുവനന്തപുരം: സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് സ്‌പെഷ്യല്‍ െ്രെഡവ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 100 ഓളം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പോരായ്മകള്‍ കണ്ടെത്തിയവര്‍ക്കെതിരെ നോട്ടീസ് നല്‍കുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുന്നതാണ്. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ എല്ലാ വെളിച്ചെണ്ണ നിര്‍മ്മാതാക്കളും നിര്‍ബന്ധമായും കരസ്ഥമാക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
സംസ്ഥാനത്ത് ഒരു നിര്‍മ്മാതാവിന് ഒരു ബ്രാന്‍ഡ് വെളിച്ചെണ്ണ മാത്രമേ പുറത്തിറക്കാന്‍ അനുവാദമുള്ളൂ. മായം കലര്‍ന്ന വെളിച്ചെണ്ണ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി ഇത് കര്‍ശനമായും നടപ്പിലാക്കും. ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ ഇല്ലാത്ത വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിനും ഇത്തരം വെളിച്ചെണ്ണ പിടിച്ചെടുക്കുന്നതിനും നിയമ നടപടിക്കു വിധേയമാക്കുന്നതുമാണ്. എണ്ണയില്‍ സള്‍ഫറിന്റെ സാന്നിധ്യം ഉണ്ടോയെന്നും പരിശോധിക്കും.
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സുരക്ഷിത ഭക്ഷണം ഉറപ്പ് വരുത്തുന്നതിനായി നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി. ഈ കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ മത്സ്യ, ഓപ്പറേഷന്‍ ജാഗറി തുടങ്ങിയവ നടപ്പിലാക്കി പരിശോധനകള്‍ ശക്തമാക്കി. ഒക്ടോബര്‍ മാസം മുതല്‍ വിവിധ ജില്ലകളിലായി 4905 പരിശോധനകളാണ് നടത്തിയത്. 651 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ അയച്ചിട്ടുണ്ട്. 294 സ്ഥാപനങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കി പിഴ ഈടാക്കി. വിവിധ ജില്ലകളിലായി 66 രാത്രികാല പരിശോധനകളും 25 ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ചുള്ള പരിശോധനകളും നടത്തി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 446 പരിശോധനകള്‍ നടത്തി. 6959 കിലോഗ്രാം കേടായ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. ഓപ്പറേഷന്‍ ഷവര്‍മയുടെ ഭാഗമായി 537 പരിശോധനകള്‍ നടത്തി. മാനദണ്ഡം പാലിക്കാത്ത 177 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു.
ഷവര്‍മ നിര്‍മാണത്തിന് സംസ്ഥാനം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയിട്ടുണ്ട്. ക്ലീന്‍ സ്ട്രീറ്റ് ഫുഡ് ഹബ്ബ് പദ്ധതി നടപ്പിലാക്കി. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ നികുതിയിതര വരുമാനത്തില്‍ സര്‍വകാല റെക്കോര്‍ഡ് നേടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയാണ് സ്വീകരിച്ചു വരുന്നത്. മികച്ച പ്രവര്‍ത്തനങ്ങളിലൂടെ ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് രണ്ടാം സ്ഥാനം ലഭിച്ചു. കൂടാതെ എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് ചലഞ്ചില്‍ സംസ്ഥാനത്തെ നാല് നഗരങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.