പിണറായി വിജയൻ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണാധികാരി: കെ.സുരേന്ദ്രൻ

ലഹരി മാഫിയ സംഘങ്ങളും ഗുണ്ടകളും അരങ്ങ് വാഴുന്ന പാർട്ടിയായി സിപിഎം മാറി. സിപിഎം പാലൂട്ടി വളർത്തിയ വിഷപാമ്പുകളാണ് ഇപ്പോൾ ഫണം വിടർത്തിയാടുന്നത്. ജനങ്ങളുടെ മേൽ കുതിര കയറായാനാണ് സിപിഎം യാത്ര നടത്തുന്നത്: കെ.സുരേന്ദ്രൻ

കോഴിക്കോട്:കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ഭരണമാണ് പിണറായി വിജയൻ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എല്ലാത്തിനും വില കൂട്ടി ജന ജീവിതം ദുസഹമാക്കിയ ശേഷം ജനങ്ങളെ ബന്ദിയാക്കി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കോഴിക്കോട് നടന്ന ബിജെപി സംസ്ഥാന ഭാരവാഹിയോഗത്തിൽ അദ്ധ്യക്ഷത വഹിക്കവെ അദ്ദേഹം പറഞ്ഞു. കറുപ്പ് തപ്പിയുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്. പൂർണമായും ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ട മുഖ്യമന്ത്രി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്.ഇസ്രയലിലേക്ക് വ്യാജകർഷകരെ അയക്കുന്ന ഭരണകൂടമാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്ത് മുഴുവൻ വ്യാജ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്.

എംവി ഗോവിന്ദന്റെ യാത്ര ജീർണോദ്ധാരണ യാത്രയാണ്. പിണറായി വിജയനെ പ്രതിരോധിക്കാനാണ് ഈ യാത്ര നടത്തുന്നത്. ലഹരി മാഫിയ സംഘങ്ങളും ഗുണ്ടകളും അരങ്ങ് വാഴുന്ന പാർട്ടിയായി സിപിഎം മാറി. സിപിഎം പാലൂട്ടി വളർത്തിയ വിഷപാമ്പുകളാണ് ഇപ്പോൾ ഫണം വിടർത്തിയാടുന്നത്. ജനങ്ങളുടെ മേൽ കുതിര കയറായാനാണ് സിപിഎം യാത്ര നടത്തുന്നത്. ഏകാധിപത്യവും ഗുണ്ടാ – ലഹരി മാഫിയകളുടെ അഴിഞ്ഞാട്ടവുമാണ് കേരളത്തിൽ നടക്കുന്നത്.

പാർലമെന്റിൽ  ധനമന്ത്രി നിർമ്മലാ സീതാരാമന്റെ മറുപടി വന്നതോടെ കള്ളക്കണക്ക് പറഞ്ഞ സംസ്ഥാന ധനമന്ത്രി ബാലഗോപാലിൻ്റെ മിണ്ടാട്ടം നഷ്ടമായി. ജിഎസ്ടി കുടിശ്ശികയായി 20,000 കോടി കിട്ടാനുണ്ടെന്ന് പറഞ്ഞ ബാലഗോപാൽ 780 കോടി മാത്രമാണ് കേരളത്തിന് കിട്ടാനുള്ളതെന്ന് സമ്മതിച്ചു കഴിഞ്ഞതായും കെ.സുരേന്ദ്രൻ പറഞ്ഞു.

എം.വി.ഗോവിന്ദൻ സ്വന്തം പാർട്ടിയെ നന്നാക്കാൻ ജീർണോദ്ധാരണ യാത്രയാണ് നടത്തേണ്ടതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഗുണ്ടകളും മാഫിയാ സംഘങ്ങളും പൂർണമായും സിപിഎമ്മിനെ കയ്യടക്കി. പാർട്ടി നിർദേശപ്രകാരമാണ് കൊലപാതകങ്ങൾ നടത്തിയതെന്ന് സ്വർണക്കടത്തു സംഘങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കൊലയാളി സംഘങ്ങളുടെ താവളമായി സിപിഎം മാറിയെന്നും സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ ബന്ദിയാക്കുന്ന പരിപാടി മുഖ്യമന്ത്രി അവസാനിപ്പിക്കണം. അധികാര ഹുങ്കു കാരണം പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി ജനങ്ങളെ കരുതൽ തടങ്കലിലാക്കുകയാണ്. ഈദി അമീനെ പോലെയുള്ള മുഖ്യമന്ത്രിയുടെ ഫാഷിസ്റ്റ് ഭരണ രീതി അവസാനിപ്പിച്ചില്ലെങ്കിൽ യുവജന സംഘടനയുടെ പ്രതിഷേധങ്ങൾ ബിജെപി ഏറ്റെടുത്ത് വ്യാപിപ്പിക്കും. മുഖ്യമന്ത്രി പോവുന്നിടത്തെല്ലാം പ്രതിഷേധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.