കോവിഡ്: സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയെന്ന് പ്രധാനമന്ത്രി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വിഭവങ്ങളുടെ ദൗര്‍ലഭ്യമുണ്ടാകില്ല

ന്യൂദല്‍ഹി:രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തില്‍ കോവിഡ് പ്രതിരോധ പോരട്ടങ്ങളില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയ കോവിഡ് 19 അവസ്ഥയെക്കുറിച്ച് മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഈ ഉറപ്പ് നല്കിയത്.
നാം ഒരൊറ്റ രാഷ്ട്രമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍, വിഭവങ്ങളുടെ ദൗര്‍ലഭ്യം ഉണ്ടാകല്ലെന്നും ഓക്‌സിജന്‍ ടാങ്കറുകളുടെ നീക്കത്തിലെ യാത്രാ സമയം കുറയ്ക്കുന്നതിന് റയില്‍വേയെയും വ്യോമസേനയെയും വിന്യസിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അവശ്യ മരുന്നുകളുടെയും കുത്തിവയ്പ്പുകളുടെയും പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയാന്‍ കര്‍ശനമായിരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു
അടുത്തിടെ പരമാവധി കോവിഡ് കേസുകളുണ്ടായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചനടത്തിയത്.
വൈറസ് പല സംസ്ഥാനങ്ങളെയും ടയര്‍ 2, ടയര്‍ 3 നഗരങ്ങളെയും ഒരേസമയം ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി മോദി മഹാമാരിയെ പ്രതിരോധിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടു. മഹാമാരിയുടെ ആദ്യ തരംഗത്തില്‍ ഇന്ത്യയുടെ വിജയത്തിന്റെ ഏറ്റവും വലിയ അടിസ്ഥാനംനമ്മുടെ ഐക്യ ശ്രമങ്ങളും ഐക്യ തന്ത്രവുമാണ്, ഈ വെല്ലുവിളിയെ നമുക്ക് അതേ രീതിയില്‍ തന്നെ നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിച്ചു. ആരോഗ്യ മന്ത്രാലയവും സംസ്ഥാനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും കാലാകാലങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ വിതരണത്തില്‍ സംസ്ഥാനങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ പ്രധാനമന്ത്രി മോദി കണക്കിലെടുത്തു . ഓക്‌സിജന്‍ വിതരണം വര്‍ധിപ്പിക്കാന്‍ നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും മന്ത്രാലയങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നു. വ്യാവസായിക ഓക്‌സിജനും അടിയന്തിര ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചു വിട്ടിട്ടുണ്ട്.മരുന്നുകളും ഓക്‌സിജനുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം ഏകോപിപ്പിക്കാനും പ്രധാനമന്ത്രി മോദി അഭ്യര്‍ത്ഥിച്ചു. ഓക്‌സിജന്റെയും മരുന്നുകളുടെയും പൂഴ്ത്തിവയ്പ്പും, കരിഞ്ചന്തയും തടയണമെന്ന് അദ്ദേഹം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ഏതെങ്കിലും സംസ്ഥാനത്തിന് വേണ്ടിയുള്ള ഓക്‌സിജന്‍ ടാങ്കര്‍ തടയുകയോ കുടുങ്ങുകയോ ചെയ്യുന്നില്ലെന്ന് എല്ലാ സംസ്ഥാനങ്ങളും ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് ഉന്നതതല ഏകോപന സമിതി രൂപീകരിക്കണമെന്ന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തില്‍ നിന്ന് ഓക്‌സിജന്‍ അനുവദിച്ചാലുടന്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ആവശ്യാനുസരണം ഓക്‌സിജന്‍ എത്തിക്കാന്‍ കഴിയുമെന്ന് ഈ ഏകോപന സമിതി ഉറപ്പാക്കണം. ഓക്‌സിജന്‍ വിതരണം സംബന്ധിച്ച യോഗത്തില്‍ ഇന്നലെ അധ്യക്ഷത വഹിച്ചതായും ഓക്‌സിജന്‍ വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എല്ലാ മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് മറ്റൊരു യോഗം ചേരുമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ അറിയിച്ചു.ഓക്‌സിജന്‍ ടാങ്കറുകളുടെ യാത്രാ സമയവും പ്രവര്‍ത്തന സമയവും കുറയ്ക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും കേന്ദ്ര ഗവണ്മെന്റ് കൈക്കൊള്ളുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി.ഇതിനായി റെയില്‍വേ ഓക്‌സിജന്‍ എക്‌സ്പ്രസ് ആരംഭിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രാ സമയം കുറയ്ക്കുന്നതിനായി ശൂന്യമായ ഓക്‌സിജന്‍ ടാങ്കറുകളും വ്യോമസേന വിമാനമാര്‍ഗം എത്തിക്കുന്നു.വിഭവങ്ങള്‍ നവീകരിക്കുന്നതിനൊപ്പം പരിശോധനയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആളുകള്‍ക്ക് സൗകര്യങ്ങള്‍ എളുപ്പത്തില്‍ ലഭിക്കുന്നതിനായി വിപുലമായ പരിശോധന നടത്തണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഈ സാഹചര്യത്തില്‍ നമ്മുടെ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി മന്ദഗതിയിലാകരുതെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയാണ് ഏറ്റവും വലിയ വാക്‌സിനേഷന്‍ പരിപാടി നടത്തുന്നതെന്നും ഇതുവരെ 13 കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 45 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും, ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിനായി കേന്ദ്ര ഗവണ്മെന്റ് ആരംഭിച്ച പരിപാടിയും അതേ രീതിയില്‍ തുടരും. മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കുന്നതിന് നമുക്ക് മിഷന്‍ മോഡില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്.
രോഗികളുടെ ചികിത്സയ്ക്കുള്ള എല്ലാ നടപടികളോടൊപ്പം ആശുപത്രി സുരക്ഷയും വളരെ പ്രധാനമാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ആശുപത്രികളില്‍ അടുത്തിടെ ഓക്‌സിജന്‍ ചോര്‍ച്ചയും തീപിടുത്തവും ഉണ്ടായതില്‍ ദുഖം പ്രകടിപ്പിച്ച പ്രധാനമന്ത്രി , സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ച് ആശുപത്രി ജീവനക്കാരെ കൂടുതല്‍ ബോധവാന്മാരാക്കേണ്ടതുണ്ടെന്ന് പറഞ്ഞു. പരിഭ്രാന്തിയിലാകാതിരിക്കാന്‍ ആളുകളെ നിരന്തരം ബോധവാന്മാരാക്കണമെന്നും പ്രധാനമന്ത്രി ഭരണകൂടത്തോട് ആവശ്യപ്പെട്ടു. സംഘടിതമായ ശ്രമങ്ങളിലൂടെ രാജ്യത്തുടനീളം ഈ മഹാമാരിയുടെ രണ്ടാം തരംഗം തടയാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.നിലവിലെ തരംഗത്തില്‍ സംസ്ഥാന ഗവണ്മെന്റുകള്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് അതത് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയെ അറിയിച്ചു. പ്രധാനമന്ത്രി നല്‍കിയ നിര്‍ദ്ദേശങ്ങളും നീതി ആയോഗ് അവതരിപ്പിച്ച മാര്‍ഗ്ഗരേഖയുംതങ്ങളുടെ പ്രതികരണങ്ങള്‍ മികച്ച രീതിയില്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.