വിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് മേഖലകളില്‍ ഫിന്‍ലാന്റുമായി സഹകരണത്തിന് സാധ്യത

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, ടൂറിസം, സ്റ്റാര്‍ട്ടപ്പ് തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരണത്തിന് മുന്‍കൈയെടുക്കണമെന്ന് ഫിന്‍ലാന്റിലെ ഇന്ത്യന്‍ അംബാസിഡര്‍ രവീഷ് കുമാറുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച.
ഫിന്‍ലാന്റലെ അറുപതിനായിരത്തോളം ഇന്ത്യക്കാരില്‍ നല്ലൊരുഭാഗം മലയാളികളാണെന്ന സാധ്യത പരമാവധി പ്രയോജനപ്പെടുത്തണം. ടൂറിസം പ്രോത്സാഹനത്തിന്റെ ഭാഗമായി ഫിന്‍ലാന്റില്‍ നടക്കുന്ന ഏറ്റവും വലിയ ടൂറിസം ഫെയറില്‍ കേരളം പങ്കെടുക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ ചെയ്യണം.
കേരളത്തിലേക്ക് ഫിന്‍ലാന്റില്‍ നിന്നുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഫിന്‍ലാന്റിലെ പ്രധാനപ്പെട്ട ട്രാവല്‍ ഏജന്‍സി പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിച്ച് ടൂറിസം സാധ്യതകള്‍ നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ അവസരമൊരുക്കണമെന്നും അംബാസിഡര്‍ താല്‍പര്യം അറിയിച്ചു. ഇതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന 20 ഫിനിഷ് കമ്പനികളുമായി ചേര്‍ന്ന് തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് ശ്രമിക്കുമെന്ന് അംബാസിഡര്‍ അറിയിച്ചു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ സേവനങ്ങളും ഉല്‍പ്പന്നങ്ങളും ഫിന്‍ലാന്റില്‍ എത്തിക്കാന്‍ ധാരാളം അവസരങ്ങളുണ്ട്. കേരളത്തില്‍ നിന്നുള്ള കമ്പനികള്‍ ഫിന്‍ലാന്റില്‍ വന്ന് അവരുടെ പ്രവര്‍ത്തന മണ്ഡലങ്ങളുടെ വിശദാംശങ്ങള്‍ അവതരിപ്പിച്ച് ഫിന്‍ലാന്റ് കമ്പനികളുമായുള്ള സഹകരണ സാധ്യത ആരായാവുന്നതാണ്. കേരള ഫിന്‍ലാന്റ് ഇന്നവേഷന്‍ കോറിഡോര്‍ സ്ഥാപിച്ച് ഇരുപ്രദേശത്തെയും സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് അവസരമൊരുക്കാനുള്ള സന്നദ്ധതയും അംബാസിഡര്‍ അറിയിച്ചു.
പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഫിന്‍ലാന്റില്‍ നടന്ന ചര്‍ച്ചയുടെ തുടര്‍ച്ചയായി അവിടെ നിന്നുള്ള സംഘം കേരളം സന്ദര്‍ശിച്ചുവരികയാണ്. ഇതിന്റ ഭാഗമായാണ് അംബാസിഡര്‍ കേരളത്തിലെത്തിയത്.
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഫിന്‍ലാന്റിലെ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. അധ്യാപക, വിദ്യാര്‍ത്ഥി വിനിമയ പരിപാടിയുടെ സാധ്യത പരിഗണിക്കാവുന്നതാണെന്നും അംബാസിഡര്‍ പറഞ്ഞു.
വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പെടുന്ന വര്‍ക്കിംഗ് ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ അനുബന്ധമായി തയ്യാറാക്കുന്ന പദ്ധതിയുടെ അടിസ്ഥാനത്തില്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാവുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഫിന്‍ലന്‍ഡ് സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
കേരളത്തിലെത്തിയ ഫിന്‍ലന്‍ഡ് സംഘവുമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തി. കേരളത്തിലെയും ഫിന്‍ലന്‍ഡിലെയും വിദ്യാഭ്യാസ രംഗത്തെ സഹകരണ സാധ്യതകള്‍ മുന്‍നിര്‍ത്തി നടക്കുന്ന ചര്‍ച്ചകളുടെ ഭാഗമായാണു സംഘം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
കേരളവും ഫിന്‍ലന്‍ഡും തമ്മിലുള്ള ടീച്ചര്‍ എക്‌സ്‌ചേഞ്ച് ട്രെയിനിങ് പ്രോഗ്രാം, ശിശുവിദ്യാഭ്യാസം, വിദ്യാഭ്യാസ സാങ്കേതിക വിദ്യകള്‍, ശാസ്ത്ര ഗണിതശാസ്ത്ര വിദ്യാഭ്യാസം, വിവിധ തലങ്ങളിലുള്ള മൂല്യനിര്‍ണയ രീതികള്‍, കേരളത്തിലെ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും ഫിന്‍ലന്‍ഡും തമ്മിലുള്ള സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ധാരണയായി.
ഫിന്‍ലന്‍ഡിലെ ജൈവസ്‌കൈല സര്‍വകലാശാല എഡ്യൂക്കേഷന്‍ ആന്‍ഡ് സൈക്കോളജി വിഭാഗം ഡീന്‍ അന്ന മജില പോയ്‌കെസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവി സിപ്ര എസ്‌കെല ഹാപെനന്‍, യൂണിവേഴ്‌സിറ്റി ടീച്ചര്‍ പാസി ഇകോനെന്‍, ഗ്ലോബല്‍ ഇന്നൊവേഷന്‍ നെറ്റ്വര്‍ക്ക് ഇന്ത്യയിലെ യൂണിവേഴ്‌സിറ്റി ടീച്ചര്‍ അപൂര്‍വ ഹൂഡ എന്നിവരടങ്ങുന്ന സംഘമാണു പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രിയുമായും സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുമായും കൂടിക്കാഴ്ചകള്‍ നടത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, പ്ലാനിങ് ബോര്‍ഡ് അംഗം മിനി സുകുമാര്‍, ഉദ്യോഗസ്ഥര്‍, െ്രെപമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍നിന്നുള്ള അധ്യാപക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.