ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികള്‍ക്ക് വലിയ പ്രാധാന്യം: അഡ്വ. സെബാസ്റ്റ്യന്‍ പോള്‍

കൊച്ചി: ജനതയുടെ വളര്‍ച്ചയില്‍ ക്ലാസ് മുറികളുടെ പ്രാധാന്യം വളരെ വലുതാണെന്ന് മുന്‍ എം.പി അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. എറണാകുളം മറൈന്‍ െ്രെഡവ് മൈതാനത്ത് എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കരുത്താര്‍ന്ന പൊതു വിദ്യാഭ്യാസം കരുതലാര്‍ന്ന നേതൃത്വം’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ അദ്ദേഹം പൊതുവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയെ കുറിച്ച് സംസാരിച്ചു. തെരുവില്‍ അലഞ്ഞു നടന്ന് തന്നോടൊപ്പം കൂടുന്ന കുട്ടികള്‍ക്കു വിദ്യ പകര്‍ന്നു നല്‍കി ഉത്തരങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ സൃഷ്ടിക്കുന്ന സോക്രട്ടീസിന്റെ പഠന രീതിയും ഇന്ത്യന്‍ വിദ്യാഭ്യാസ ചരിത്രത്തിലെ ഗുരുകുല സമ്പ്രദായവും, പള്ളി മേധാവിയായിരുന്ന ചാവറയച്ഛന്റെ നിര്‍ദേശപ്രകാരം കേരളത്തില്‍ ഉയര്‍ന്നുവന്ന പള്ളിക്കൂടവും ബ്രിട്ടീഷ് വിദ്യാഭ്യാസവുമെല്ലാം അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ ഭാഗമായി. കേരളത്തിന്റെ ആദ്യ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി ,അധ്യാപകര്‍ക്ക് അന്തസോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കി നല്‍കിയത് പൊതു വിദ്യാഭ്യാസത്തിലെ നാഴികക്കല്ലായിരുന്നു. കേരളീയ നവോത്ഥാനത്തിന് ശിലയിട്ടത് പൊതു വിദ്യാഭ്യാസമായിരുന്നെന്നും സമൂഹത്തിന്റെ ശാക്തീകരണത്തിനും ഉന്നമനത്തിനും വിദ്യാഭ്യാസം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മറൈന്‍െ്രെഡവ് മൈതാനത്ത് നടന്ന പാനല്‍ ചര്‍ച്ചയില്‍ വിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടര്‍ ഹണി ജി അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ വടുതല സെന്റ് പീറ്റേഴ്‌സ് എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വേദിയില്‍ നാടകം അവതരിപ്പിച്ചു. വൈപ്പിന്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിലെ ഭിന്നശേഷി കുട്ടികള്‍ അവതരിപ്പിച്ച ഗാനമേള വേദിയില്‍ ആവേശമുണര്‍ത്തി.

സുസ്ഥിര വികസനം ജനകീയ പങ്കാളിത്തത്തോടെ കൈവരിക്കാം : സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് സെമിനാര്‍

ജനകീയ പങ്കാളിത്തത്തോടെ സുസ്ഥിര വികസനം എങ്ങനെ നടപ്പിലാക്കാം, പ്രാദേശികവത്കരണ ത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എങ്ങനെ നേടിയെടുക്കാം എന്ന ചര്‍ച്ചയുമായി എന്റെ കേരളം വിപണ പ്രദര്‍ശന മേളയില്‍ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സെമിനാര്‍.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കില സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്.ഡി.ജി) കോഓഡിനേറ്റര്‍ കെ.യു. സുകന്യ വിഷയം അവതരിപ്പിച്ചു.
സുസ്ഥിരവികസന ലക്ഷ്യങ്ങള്‍, പ്രാധാന്യം, അടുത്ത തലങ്ങളിലേക്കുള്ള വികസനം, സുസ്ഥിര വികസനത്തിലൂടെ വികസന തുടര്‍ച്ച ഉറപ്പാക്കാം തുടങ്ങിയ വിഷയങ്ങള്‍ ലളിതമായ രീതിയില്‍ സെമിനാറില്‍ അവതരിപ്പിച്ചു.
2030 ഓടെ രാജ്യങ്ങള്‍ കൈവരിക്കേണ്ട, യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ മുന്നോട്ടുവെച്ചിട്ടുള്ള സുസ്ഥിരവികസന ലക്ഷ്യങ്ങളെ കുറിച്ചും, ഇവ നേടിയെടുക്കുന്നതിന് പ്രാദേശിക തലത്തില്‍ നടപ്പാക്കേണ്ട സുസ്ഥിര വികസന ഉപലക്ഷ്യങ്ങളെക്കുറിച്ചും സദസിനെ പരിചയപ്പെടുത്തി.
സുസ്ഥിരമായ വികസനം പൂര്‍ണമായി നേടിയെടുക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും പ്രവര്‍ത്തിക്കേണ്ട രീതിയെക്കുറിച്ചും പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റത്തെക്കുറിച്ചും സെമിനാര്‍ ചര്‍ച്ച ചെയ്തു.
സുസ്ഥിരവികസനം പ്രാപ്തമാക്കാന്‍ സംസ്ഥാനത്ത് നവ കേരള കര്‍മ്മ പദ്ധതി പ്രകാരം വിവിധ മേഖലകളില്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങളുടെ സുസ്ഥിര വികസന നേട്ടങ്ങളുടെ സ്ഥിതി മനസിലാക്കാന്‍ കില നിര്‍മ്മിച്ച ഡാഷ്‌ബോര്‍ഡും വേദിയെ പരിചയപ്പെടുത്തി.
സെമിനാറില്‍ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി. ഷോജന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹണി. പി. അലക്‌സാണ്ടര്‍, സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പ് ജില്ലാ ഓഫീസര്‍ സി.എന്‍. രാധാകൃഷ്ണന്‍, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് റിസര്‍ച്ച് ഓഫീസര്‍ കെ.എ. ഇന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.

സംരംഭകരെ കോര്‍ത്തിണക്കി എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ വ്യവസായ വകുപ്പിന്റെ സ്റ്റാളുകള്‍

സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കണമെന്ന ആഗ്രഹത്തിലാണ് നെട്ടൂര്‍ മാധവപ്പിള്ളില്‍ സൂരജ് സ്ഥിര വരുമാനമുള്ള ജോലി ഉപേക്ഷിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം എന്ന ആശയമാണ് സൂരജിന് പ്രതീക്ഷ നല്‍കിയത്. അങ്ങനെയാണ് സംരംഭക വര്‍ഷത്തില്‍ തനിക്കും ഒരു സംരംഭകനാകണമെന്ന് തീരുമാനിച്ചത്. പലപ്പോഴും ബിസിനസിനെ കുറിച്ച് ആലോചിച്ചപ്പോഴെല്ലാം ബിസിനസ് തുടങ്ങുന്നതിന്റെ നൂലാമാലകള്‍ പിന്നോട്ട് വലിച്ചു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ഇത്തരം നൂലാമാലകള്‍ ഒരു കുടക്കീഴില്‍ ശരിയാക്കാം എന്ന പ്രതീക്ഷ സൂരജിലെ ബിസിനസുകാരനെ വീണ്ടും ഉണര്‍ത്തി. അങ്ങനെയാണ് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതും അധികമാരും കൈ വയ്ക്കാത്ത സോയ ബീന്‍ ഉപയോഗിച്ച് ബിസിനസ് ആരംഭിക്കുന്നതും.
സോയ ഉപയോഗിച്ച് മില്‍ക്ക്, പനീര്‍, ഫ്‌ലേവേര്‍ഡ് മില്‍ക്ക്, മസാല ടോഫു തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ സൂരജിന്റെ ഉടമസ്ഥതയില്‍ മരടില്‍ പ്രവര്‍ത്തിക്കുന്ന വെറ്റ് ഫുഡ് പ്രെഡക്ട് എന്ന കമ്പനി ഉല്പാദിപ്പിക്കുന്നുണ്ട്. 2022 ഡിസംബറില്‍ ആണ് കമ്പനി ആരംഭിച്ചത്. രാസ പദാര്‍ത്ഥങ്ങളില്ലാതെ കേരളത്തിലുടനീളം സോയ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ വനിതാ സംരംഭമായിട്ടാണ് സുമ പ്രാണ കെയ്‌സണ്‍ ഒ ഇ എം എന്ന സ്ഥാപനം ആരംഭിക്കുന്നത്. അക്കൗണ്ടന്റ് ആയിരുന്ന സുമ അവിടെ നിന്നും രാജിവെച്ചാണ് സംരംഭക ആകുന്നത്.

40 ലക്ഷം മുതല്‍മുടക്കി ആരംഭിച്ച ഈ സ്ഥാപനം 12 പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യമുള്ള സാനിറ്ററി നാപ്കിനുകള്‍ നശിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ടച്ച് സ്‌ക്രീന്‍ കിയോസ്‌കുകള്‍ എന്നിവയ്ക്കാണ് ഇവിടെ ആവശ്യക്കാര്‍ എത്തുന്നത്. കൂടാതെ വിദ്യാലയങ്ങളില്‍ കോയിന്‍ ഇട്ട് സാനിറ്ററി നാപ്കിനുകള്‍ വാങ്ങുന്നതിനുള്ള മെഷീനും ആവശ്യക്കാരുണ്ട്.
കേരളത്തിലെ ഹോം മെയ്ഡ് ചോക്ലേറ്റ് കൊണ്ട് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോര്‍ട്ട്‌കൊച്ചിയില്‍ അബ്ദുല്‍ സമദ് നിസാം ചെയ്തുകൊണ്ടിരുന്ന മെക്കാനിക്കല്‍ ജോലി ഉപേക്ഷിച്ച് സംരംഭകരാകുന്നത്. സര്‍ക്കാര്‍ സഹായത്തോടെ സ്വന്തമായി ചോക്ലേറ്റ് പ്രൊഡക്ഷന്‍ യൂണിറ്റ് ആണ് ആരംഭിച്ചിരിക്കുന്നത്. ക്യാരമല്‍, ആല്‍മണ്ട്, ബട്ടര്‍ സ്‌കോച്ച് തുടങ്ങി 50 തരം മോഡലുകളില്‍ ചോക്ലേറ്റ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ ആരുടെയെങ്കിലും കീഴില്‍ ജോലി ചെയ്യാന്‍ താല്പര്യപ്പെടാതെ സ്വന്തമായി പറക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേര്‍ക്ക് ആശ്രയമായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരും വ്യവസായ വകുപ്പും. ആകര്‍ഷണീയമായ വിധത്തില്‍ വിവിധ സംരംഭകരെ കോര്‍ത്തിണക്കിയാണ് എന്റെ കേരളം 2023 മെഗാ പ്രദര്‍ശന മേളയില്‍ വ്യവസായ വകുപ്പ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.
വീട്ടിലിരുന്ന് ചെയ്യാന്‍ സാധിക്കുന്ന ചെറിയ സംരംഭങ്ങള്‍ മുതല്‍ എല്‍ ഇ ഡി ഫാന്‍, കിച്ചന്‍ ക്യാബിനറ്റ് തുടങ്ങിയ വലിയ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ വരെ സംരംഭക വര്‍ഷത്തില്‍ സംസ്ഥാനത്താകമാനം ആരംഭിച്ചിട്ടുണ്ട്. ഇവയുടെ വ്യത്യസ്തത കോര്‍ത്തിണക്കിയാണ് സ്റ്റാളുകളുടെ ക്രമീകരണവും. 46 വ്യത്യസ്ത വിഭാഗങ്ങളിലായി 81 സംരംഭക യൂണിറ്റുകളുടെ സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഒരുക്കിയിരിക്കുന്നത്.
പരമ്പരാഗത മേഖലയിലെ കയര്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയില്‍ വ്യവസായ വകുപ്പിന്റെ സ്റ്റാളിലെ മുഖ്യ ആകര്‍ഷണമാണ്. ചേന്ദമംഗലം കൈത്തറിയുടെ ഭാഗമായി ഒരുക്കിയ സ്റ്റാളില്‍ കൈത്തറി വസ്ത്രങ്ങള്‍ നെയ്യുന്നത് നേരിട്ട് കാണാന്‍ അവസരം ഒരുക്കിയിട്ടുണ്ട്. കെല്‍ട്രോണില്‍ നിര്‍മ്മിക്കുന്ന നവീനമായ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ സ്റ്റാളുകള്‍ മുതല്‍ തുണി, ബാഗ് എന്നിവയുടെ യൂണിറ്റുകള്‍, അത്തര്‍, ശുദ്ധമായ വെളിച്ചെണ്ണ, ബാറ്ററി, ഫൈബര്‍ വാതിലുകള്‍, സോപ്പ് നിര്‍മ്മാണം, ഫുഡ് ഡ്രയര്‍ മെഷീന്‍, കൃത്യമ പല്ലുകള്‍ വരെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ സ്റ്റാളുകളിലൂടെ സാധിക്കുന്നുണ്ട്. സംരംഭങ്ങള്‍ക്ക് കരുത്തേകാന്‍ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്.സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 139815 സംരംഭങ്ങളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിച്ചത്. 8417 കോടിയുടെ നിക്ഷേപവും ഉറപ്പാക്കി, 299943 പേര്‍ക്ക് തൊഴിലും നല്‍കി. കൂടാതെ സംരംഭകരുടെ പരാതികള്‍ 30 ദിവസത്തിനുള്ളില്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍, സംരംഭകര്‍ക്ക് സബ്‌സിഡി പദ്ധതികള്‍, കെ സ്വിഫ്റ്റിലൂടെ അഞ്ചു മിനിറ്റിനുള്ളില്‍ എം എസ് എം ഇ ലൈസന്‍സ്, സര്‍ക്കാരിന്റെ വ്യാവസായിക നയം തുടങ്ങി സര്‍ക്കാരിന്റെ വിവിധ സേവനങ്ങളെ കുറിച്ചും കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായി പ്രത്യേക പരിപാടികളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദര്‍ശന മേളയില്‍ ഒരുക്കിയിട്ടുണ്ട്.