രാഹുല്‍ ഗാന്ധിയുടെ ഓഫീസിനുനേരെ എസ് എഫ് ഐ ആക്രമണം: പ്രതിഷേധവുമായി കോണ്‍ഗ്രസ്; തിരിച്ചടിക്കാത്തത് മാന്യത ദൗര്‍ബല്യമായി കാണരുതെന്ന് കെ സുധാകരന്‍

അപലപിച്ച് മുഖ്യമന്ത്രി ;കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. എസ് എഫ് ഐയുടെ നടപടി ഗുണ്ടായിസമാണെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് അക്രമാസക്തമാവുകയും പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഫര്‍ണിച്ചറുകളുള്‍പ്പടെയുള്ളവ നശിപ്പിച്ചുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. എസ് എഫ് ഐ അക്രമണത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി.
അതിനിടെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെയുണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി പി എം സംസ്ഥാന നേതൃതവവും അക്രമത്തെ തള്ളി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് എസ് എഫ് ഐ അക്രമണമെന്നും ബി ജെ പി നേതൃത്വത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് ഈ നടപടിയെന്നും വിഡി സതീശന്‍ ആരോപിച്ചു.
കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. മുഖ്യമന്ത്രിയുടെ ആത്മാര്‍ഥതയില്‍ സംശയമുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകര്‍ക്കാന്‍ അക്രമികള്‍ക്ക് വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സിപിഎം സ്വന്തം അണികളെ നിലക്കുനിര്‍ത്താന്‍ തയ്യാറായില്ലെങ്കില്‍ ജനാധിപത്യ രീതിയില്‍ അതിശക്തമായ പ്രതിരോധം തീര്‍ക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും. തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിനും അറിയാം. ജനാധിപത്യത്തിന് ഭൂഷണമല്ലാത്തതിനാലാണ് അതിന് മുതിരാത്തത്. കോണ്‍ഗ്രസ് കാണിക്കുന്ന ആ മാന്യതയെ ദൗര്‍ബല്യമായി കരുതരുതെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി.
ദേശീയതലത്തില്‍ ബിജെപിയും സംഘപരിവാറും രാഹുല്‍ ഗാന്ധിയെ രാഷ്ട്രീയ കുടിപ്പകയുടെ പേരില്‍ വേട്ടയാടുമ്പോള്‍ കേരളത്തില്‍ സിപിഎം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകര്‍ത്ത് സംഘപരിവാര്‍ ശക്തികളെ സന്തോഷിപ്പിക്കുകയാണ്. ദേശീയതലത്തിലെ സംഘപരിവാര്‍ അജണ്ട കേരളത്തില്‍ സിപിഎം നടപ്പാക്കുകയാണ്. കറന്‍സി കടത്തലില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് സിപിഎം മനപൂര്‍വം കേരളത്തില്‍ അക്രമം അഴിച്ചുവിടുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം എന്ന മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് കുട്ടി സഖാക്കള്‍ തല്ലിത്തകര്‍ക്കുന്നത് കൈയ്യുംകെട്ടി നോക്കി നിന്നു. കെപിസിസി ആസ്ഥാനം തല്ലിത്തകര്‍ത്ത് എ.കെ ആന്റണിയെ വകവരുത്താന്‍ ശ്രമിച്ചവരെ ഇതുവരെ പൊലീസ് പിടികൂടിയില്ല. കന്റോണ്‍മെന്റ് ഹൗസ് ആക്രമിച്ച് പ്രതിപക്ഷനേതാവിനെ അപായപ്പെടുത്താന്‍ ശ്രമിച്ച ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ക്ക് സ്‌റ്റേഷന്‍ ജാമ്യം നല്‍കുന്ന പൊലീസാണ് കേരളത്തിലേത്. സിപിഎം ഗുണ്ടകളെ തൊട്ടാല്‍ തൊപ്പിപോകുമെന്ന ഭയമാണ് പൊലീസിന്. സിപിഎമ്മിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കുന്ന പൊലീസ് കേരളത്തിന് തന്നെ അപമാനമാണെന്നും സുധാകരന്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി എം പി യുടെ ഓഫീസിനു അക്രമണത്തില്‍ എസ് എഫ് ഐ മാപ്പുപറയണമെന്ന് കെ എസ് യു എറണാകുളം ജില്ല പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപ്പെട്ടില്ല എന്ന് ആരോപിച്ചു വയനാട് എം പി ഓഫീസ് ആക്രമിച്ചത് തനി കാടത്ത പരമായ നടപടി ആയെന്നും ഇതില്‍ ഉന്നത ആസൂത്രണം ഉണ്ടോ എന്നു കൂടി പരിശോധിക്കണമെന്ന് കെ എസ് യു ജില്ല പ്രസിഡന്റ് ആവശ്യപെട്ടു. രാഹുല്‍ ഗാന്ധി എം പി യുടെ ഓഫീസ് എസ് എഫ് ഐ ആക്രമിച്ചതില്‍ പ്രതിഷേദിച്ചു കെ എസ് യു എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു.