കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളില്‍ ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കും: മന്ത്രി പി.രാജീവ്

നര്‍ണിത്തോട് ശുചീകരണ പുരോഗതി വിലയിരുത്തി

കൊച്ചി:കരുമാല്ലൂര്‍, ആലങ്ങാട് പഞ്ചായത്തുകളിലെ ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനായി ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കരുമാല്ലൂര്‍ നര്‍ണിത്തോടിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി തോടിലൂടെ സഞ്ചരിച്ച് വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി രമണീയമാണ് രണ്ട് പഞ്ചായത്തിലേയും പ്രദേശങ്ങള്‍. കൃഷി മേഖലയായി മാറുന്നതോടൊപ്പം തോടുകളുടെ ശുചീകരണ പ്രവൃത്തികളും പൂര്‍ത്തിയാകുന്നതോടെ ഈ പ്രദേശങ്ങളില്‍ ഉത്തരവാദിത്ത ടൂറിസത്തിനുള്ള മുന്നേറ്റവും സാധ്യമാകും. മാസങ്ങള്‍ക്ക് മുമ്പ് പായലും അഴുക്കും ചെളിയും മൂടി കരയും തോടും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു തോട്. മണ്ഡലത്തില്‍ ജല സ്രോതസുകള്‍ വീണ്ടെടുക്കുന്ന പദ്ധതികളുടെ ഭാഗമായി ഓഞ്ഞിത്തോട്, നര്‍ണിത്തോട് മുതലായ തോടുകള്‍ തിരിച്ചു പിടിക്കാനുളള പ്രവര്‍ത്തനങ്ങള്‍ക്കാണ് നേതൃത്വം നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഏഴര കിലോമീറ്ററാണ് നര്‍ണിത്തോട് ശുചീകരിക്കുന്നത്. ഇപ്പോള്‍ ജലനിരപ്പ് ആറുമീറ്റര്‍ താഴേക്കു ലഭിക്കുന്ന രീതിയിലുള്ള മാറ്റം വന്നു. ശരാശരി പത്ത് മീറ്റര്‍ വീതിയാണ് ഇപ്പോള്‍ തോടിന് ലഭിച്ചിട്ടുള്ളത്. ഡിജിറ്റല്‍ സര്‍വേയ്ക്കു ശേഷം കുറേക്കൂടി വീതികൂട്ടാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പെരിയാറിന്റെ കൈവഴിയായ നര്‍ണിത്തോട്ടില്‍ 2022 ആഗസ്റ്റിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പായല്‍ മൂടി നീരൊഴുക്ക് തടസപ്പെട്ട തോട്ടിലെ പായല്‍ വാരി ആഴം കൂട്ടി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയുള്ള പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളാണ് നര്‍ണിത്തോടില്‍ നടക്കുന്നത്. പെരിയാറില്‍ ആരംഭിച്ച് പെരിയാറില്‍ തന്നെ അവസാനിക്കുന്ന 7380 മീറ്റര്‍ ദൈര്‍ഘ്യമുള്ള നര്‍ണിത്തോടിനെയാണ് പടിഞ്ഞാറന്‍ പാടശേഖരത്തിന്റെ കൃഷി ആശ്രയിക്കുന്നത്. നിലവില്‍ കുളവാഴയും പായലും നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി. മണ്ണും ചെളിയും 3750 മീറ്റര്‍ ദൈര്‍ഘ്യത്തില്‍ നീക്കം ചെയ്തു. ശേഷിക്കുന്ന ഭാഗത്തെ ചെളിയും മണ്ണും നീക്കുന്നതോടൊപ്പം തോടിന്റെ ഇരുകരയിലുമുള്ള കാടുകള്‍ വെട്ടിത്തെളിക്കും. അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് തോടിന്റെ ഭിത്തി സംരക്ഷിക്കും. 15 കുളിക്കടവുകളും തോടിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കും. കരുമാല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, വൈസ് പ്രസിഡന്റ് ജോര്‍ജ് മേനാച്ചേരി , അംഗങ്ങളായ ലീനാ ബാബു, ടി.കെ അയ്യപ്പന്‍, പറവൂര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ റെജി തോമസ്, ഓവര്‍സിയര്‍ വി.കെ ധന്യ, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍. യശോദാ ദേവി, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എസ്. കുമാരി സിന്ധു, പോലീസ്, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.