ശബരിമലയും അയ്യപ്പനും പ്രമേയം; പ്രേക്ഷക ശ്രദ്ധനേടി മാളികപ്പുറം ട്രെയിലർ

തിരുവനന്തപുരം: നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്‌ത ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മേപ്പടിയാനും ഷെഫീക്കിന്റെ സന്തോഷത്തിനും ശേഷം ഉണ്ണിമുകുന്ദൻ നായകനാകുന്ന ചിത്രമാണ് മാളികപ്പുറം. എട്ട് വയസുകാരി കല്യാണിയുടെയും അവളുടെ സ്വപ്നവും സൂപ്പർഹീറോയുമായ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്‍റെ ട്രെയിലർ പ്രേക്ഷകരില്‍ കൌതുകം നിറയ്ക്കും വിധമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബാലതാരം ദേവനന്ദയാണ്. നാരായം, കുഞ്ഞിക്കൂനൻ, മിസ്റ്റർ ബട്ലർ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ശശിശങ്കറിന്‍റെ മകനാണ് വിഷ്ണു ശശിശങ്കര്‍. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണു തന്നെയാണ്. ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, രമേശ് പിഷാരടി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. ചിത്രത്തിൻറെ സംഗീതം, പശ്ചാത്തല സംഗീതം എന്നിവ ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.