പരിമിതികളില്ലാത്ത സമൂഹ സൃഷ്ടിക്കായി സസ്‌നേഹം തൃശൂര്‍ പദ്ധതി

സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍

തൃശൂര്‍: വിവിധ സാമൂഹിക വികസന പദ്ധതികളെ ഏകോപിപ്പിച്ചും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിടുന്ന ഭാവനാത്മകമായ പരിപാടികള്‍ ആവിഷ്‌ക്കരിച്ചും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ‘സസ്‌നേഹം തൃശൂര്‍ പദ്ധതിക്ക് ഉജ്വല തുടക്കം. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിന് സാമൂഹിക, വികസന രംഗത്ത് മാതൃകയാകുന്ന പദ്ധതിയാണ് സസ്‌നേഹം തൃശൂര്‍ എന്ന് തൃശൂര്‍ റീജ്യണല്‍ തിയറ്ററില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ച് പട്ടികജാതി പട്ടികവര്‍ഗ ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. സമൂഹത്തില്‍ ഒറ്റപ്പെട്ട് പോയവരെ കൈപിടിച്ച് ഉയര്‍ത്താനും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യാനുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. പ്രത്യേക പരിഗണന ആവശ്യമുള്ളവര്‍ക്ക് തുല്യനീതി ഉറപ്പുവരുത്തി എല്ലാ വിഭാഗങ്ങളെയും വികസന നേട്ടങ്ങളുടെ ഭാഗമാക്കുകയാണ് സര്‍ക്കാര്‍. ഭിന്നശേഷിക്കാര്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക ജീവിതം സാധ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ സോള്‍ ഓഫ് തൃശൂര്‍ സ്മരണികയുടെ പ്രകാശനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ഭിന്നശേഷി എംപ്ലോയ ബിലിറ്റി പ്രോഗ്രാമിന്റെ ഉദ്ഘാടവും സസ്‌നേഹം തൃശൂര്‍ പദ്ധതിയുടെ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വികസന വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ നൈപുണ്യ വികസന പദ്ധതി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ നിര്‍വഹിച്ചു. ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴില്‍ കാര്‍ഡ് വിതരണവും ചടങ്ങില്‍ നടന്നു.
ദുര്‍ബല വിഭാഗങ്ങളിലെ ഭൂരഹിതര്‍ക്ക് പട്ടയം നല്‍കുന്നതിന് പ്രത്യേക പരിഗണന, ഊരുകളിലെ ആരോഗ്യ സംരക്ഷണം, ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഒരുക്കല്‍, ഇന്‍ക്ലൂസിവിറ്റി പ്രോട്ടോകോള്‍ നടപ്പിലാക്കല്‍, ‘കൈമൊഴി’ ആംഗ്യഭാഷാ സാക്ഷരതാ പദ്ധതി, സമ്പൂര്‍ണ ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ജില്ല, കാഴ്ച പരിമിതര്‍ക്കുള്ള ട്രാഫിക് സിഗ്‌നല്‍ സംവിധാനം, ഇന്‍ക്ലൂസിവിറ്റി കഫേ, സെന്‍സറി പാര്‍ക്ക്, പ്രൊജക്ട് ഫ്‌ലോട്ട് ജലരക്ഷ പരിപാടി തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ സസ്‌നേഹം തൃശൂരിന്റെ ഭാഗമായി നടപ്പിലാക്കുമെന്ന് പദ്ധതി വിശദീകരിച്ച് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി റീജിയണല്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ വികസന കമ്മീഷണര്‍ ശിഖ സുരേന്ദ്രന്‍, റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍, റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌ഗ്രെ, സബ് കലക്ടര്‍ മുഹമ്മദ് ഷഫീക്ക്, സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍, നിപ്മര്‍ എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സി ചന്ദ്രബാബു,
തൃശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കെ പോള്‍ തോമസ്, സിഐഐ തൃശൂര്‍ സോണല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പോള്‍ തച്ചില്‍, കെഎസ്എസ്‌ഐഎ ജില്ലാ സെക്രട്ടറി നോബി ജോസഫ്, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് കൃപകുമാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പി എച്ച് അസ്ഗര്‍ ഷാ, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍ കെ ശ്രീലത, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര,
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, മഹാത്മാഗാന്ധി നാഷണല്‍ ഫെല്ലോ സോനല്‍ കുരുവിള തുടങ്ങിയവര്‍ പങ്കെടുത്തു.