എസ്‌ ബി ഐ സാമൂഹ്യ സുരക്ഷാ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കൊല്ലം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊല്ലം റീജിയൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ കേന്ദ്രഗവൺമെന്റിന്റെ സാമൂഹ്യ സുരക്ഷാപദ്ധതികളിൽ പുതുതായി ചേർന്നവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സാമൂഹ്യസുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ബിഷപ്പ് ജെറോംനഗർ ബ്രാഞ്ചിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്. ബി. ഐ. ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ സാക്ഷ്യപത്രങ്ങൾ ഗുണഭോക്താക്കൾക്ക് കൈമാറി. പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന, പ്രധാൻ മന്ത്രി ജീവൻ ജ്യോതി ബീമ യോജന, അടൽ പെൻഷൻ യോജന തുടങ്ങിയ പദ്ധതികളിൽ ചേർന്നവർക്കാണ്‌ സാക്ഷ്യപത്രങ്ങൾ നൽകിയത്. ഡപ്യൂട്ടി ജനറൽ മാനേജർ സൂര്യ നാരായണൻ എം. ജി, റീജ്യണൽ മാനേജർ എം. മനോജ് കുമാർ , ചീഫ്‌ മാനേജർ നാനാ നടരാജ് തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ദേശീയ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്‌കാരം നേടിയ കൊല്ലം ജില്ലാ ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സ് ഗീത എ. ആറിനെ ആശുപത്രിയിൽ എത്തി ജനറൽ മാനേജർ മുഹമ്മദ് ആരിഫ് ഖാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഹാരം നൽകി ആദരിച്ചു.