മുളങ്കുടിലിനുള്ളില്‍ വനവിഭവങ്ങളുമായി പട്ടികവര്‍ഗ വികസന വകുപ്പ്

കൊച്ചി:എന്റെ കേരളം പ്രദര്‍ശന വേദിയില്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുകയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ഒരുക്കിയിരിക്കുന്ന മുള കൊണ്ടുള്ള കുടില്‍. മലയന്‍ ആദിവാസി
സമൂഹത്തിന്റെ വീടിന്റെ മാതൃകയാണിത്. ഒറ്റ മുള തടി ചതച്ച് നിര്‍മ്മിച്ചിരിക്കുന്ന ചുമരുകള്‍ ഏറെ ശ്രദ്ധേയമാണ്.

മുളവീടിനുള്ളില്‍ സന്ദര്‍ശകര്‍ക്കായി വന വിഭവങ്ങളുടെ പ്രദര്‍ശനവുമുണ്ട്. കാട്ടുതെള്ളി, കല്ലു വാഴ കുരു, കണ്ടന്‍ കൂവ, കാട്ടുകൂവ, കസ്തൂരി കൂവ, മലയിഞ്ചി, വട്ടും കായ, പുളിയിഞ്ചി, മുള അരി, കാട്ടുപത്രി, മരോട്ടി കുരു തുടങ്ങിയ വന വിഭവങ്ങള്‍ ഇവിടെ കാണാം. കുട്ടമ്പുഴയിലെ ആദിവാസികള്‍ മുള കൊണ്ട് നെയ്യ്‌തെടുത്ത കണ്ണാടി പായയാണ് സ്റ്റാളിന്റെ മറ്റൊരു ആകര്‍ഷണം.

ആദിവാസി വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന അപ്പാരല്‍ പാര്‍ക്കില്‍ നിന്നുള്ള തുണിസഞ്ചികളും സ്റ്റാളിലുണ്ട്. ആകര്‍ഷകമായ ഡിസൈനുകളില്‍ എംബ്രോയിഡറി വര്‍ക്കുകളോട് കൂടി മനോഹരമായാണ് സഞ്ചികള്‍ വില്പനയ്ക്ക് എത്തിയിരിക്കുന്നത്.

വനവിഭവ ശേഖരവുമായി വനംവന്യജീവി വകുപ്പ്

കൊച്ചി: മായമില്ലാത്ത വനവിഭവങ്ങളുടെ ശേഖരവുമായി ജനശ്രദ്ധയാകര്‍ഷിക്കുകയാണ് വനംവന്യജീവി വകുപ്പ്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലാണ് ആദിവാസികള്‍ ശേഖരിച്ച വന വിഭവങ്ങളുടെ പ്രദര്‍ശനവും വിപണനവും. മലയാറ്റൂര്‍ ഡിവിഷന്റെ കീഴിലുള്ള വനത്തിലെ ശുദ്ധമായ ചെറു തേന്‍, വന്‍തേന്‍, ചന്ദനതൈലം, പുല്‍തൈലം, യൂക്കാലി മുതലായവയും ചര്‍മ്മ രോഗങ്ങള്‍ക്ക് ഫലപ്രദ ഔഷധമായ ദന്തപ്പാല എന്നിവയും സ്റ്റാളില്‍ ലഭ്യമാണ്. കൂടാതെ പലതരം സുഗന്ധ ലേപനങ്ങളും ഇവിടെ നിന്ന് സ്വന്തമാക്കാം. ആദിവാസികള്‍ വനത്തില്‍ നിന്നും ശേഖരിക്കുന്ന വസ്തുക്കള്‍ ആദിവാസി വനസംരക്ഷണ സമിതിയില്‍ നിന്നും വാങ്ങി കോടനാടുള്ള ഉത്പാദന യൂണിറ്റുകളിലെത്തിച്ച് പാക്കിങ് ചെയ്യുന്നു. ആദിവാസി വിഭാഗങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് വിപണന സാധ്യത വര്‍ധിപ്പിക്കുക വഴി അവരുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. മായമില്ലാത്തതും ഗുണമേന്മ ഉള്ളതുമായ വന വിഭവങ്ങളാണ് സ്റ്റാളില്‍ നിന്നും ലഭിക്കുക. സ്റ്റാളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്‌ക്രീനില്‍ സോഷ്യല്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തുന്ന വീഡിയോയും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.