അറിവിന്റെ പുത്തന്‍ സൂര്യോദയത്തിലേക്ക് കുരുന്നുകളെ ക്ഷണിച്ച് പ്രവേശനോത്സവഗീതം

 

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : അറിവിന്റെ പുത്തന്‍ പുലരിയിലേക്ക് കുരുന്നുകളെ ക്ഷണിച്ച് തയാറാക്കിയ ഈ അധ്യയനവര്‍ഷത്തെ പ്രവേശനോത്സവഗീതം പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഗാനത്തിന്റെ ഓഡിയോ പ്രകാശനം നിര്‍വഹിച്ചു.
ജൂണ്‍ ഒന്നിന് നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങില്‍ പുതുതായി സ്‌കൂളുകളിലെത്തുന്ന കുരുന്നുകളെ സ്വാഗതം ചെയ്ത് ഗീതം അവതരിപ്പിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ 8.30ന് തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇത്തവണ വെര്‍ച്വല്‍ പ്രവേശനോത്സവമാണെങ്കിലും കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന്റെ ആവേശവും സന്തോഷവും ഒട്ടും ചോര്‍ന്നുപോകാതെ പുതിയ അധ്യയന വര്‍ഷത്തേക്ക് കൈപിടിച്ചാനയിക്കാന്‍ ഊര്‍ജ്ജം നല്‍കുംവിധമാണ് ഗീതം ഒരുക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് ഡിജിറ്റലായാണ് വിദ്യാഭ്യാസമെങ്കിലും ഭാവിയില്‍ സ്‌കൂളുകളിലെത്തുമ്പോള്‍ ഇതിലും മികച്ച അനുഭവങ്ങളും അറിവുകളും അവരെ കാത്തിരിക്കുന്നുവെന്നും പ്രവേശനോത്സവഗീതം വിളിച്ചോതുന്നു.
‘പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തന്‍ പുലരി പിറക്കുന്നേ’ എന്ന് തുടങ്ങി കുട്ടികളുടെ മനസ്സറിഞ്ഞുള്ള വരികള്‍ ഒരുക്കിയിരിക്കുന്നത് കവി മുരുകന്‍ കാട്ടാക്കടയാണ്. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് അദ്ദേഹം പ്രവേശനോത്സവഗീതം രചിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് പ്രസിദ്ധ സംഗീതസംവിധായകനായ രമേശ് നാരായണനാണ്. സ്റ്റീഫന്‍ ദേവസ്സിയുടേതാണ് ഓര്‍ക്കസ്‌ട്രേഷന്‍. സംസ്ഥാന അവാര്‍ഡ് ജേതാവായ ഗായിക മധുശ്രീ നാരായണനും നിരവധി സ്‌കൂള്‍ കുട്ടികളും ചേര്‍ന്നാണ് ഗാനാലാപനം. സമഗ്ര ശിക്ഷ കേരളമാണ് ഗീതത്തിന്റെ നിര്‍മാണം.
പ്രവേശനോത്സവഗീതത്തിന്റെ പ്രകാശനചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, സമഗ്ര ശിക്ഷ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ: എ.പി. കുട്ടിക്കൃഷ്ണന്‍, കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം അക്കാഡമിക് കോ-ഓര്‍ഡിനേറ്ററുമായ മുരുകന്‍ കാട്ടാക്കട തുടങ്ങിയവര്‍ സംബന്ധിച്ചു.