സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം എന്റെ കേരളം ; സംസ്ഥാനതല ഉദ്ഘാടനം ശനിയാഴ്ച്ച എറണാകുളത്ത്‌

എന്റെ കേരളം 2023: കൊച്ചിയില്‍ ഇനി ആഘോഷങ്ങളുടെ ഏഴ് രാവുകള്‍

ഉദ്ഘാടനം മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ ജനക്ഷേമ, വികസന ചരിത്രത്തില്‍ മുന്നേറ്റത്തിന്റെ പുതിയ അധ്യായം തുറന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങള്‍ക്ക് ശനിയാഴ്ച്ചഎറണാകുളത്ത് തുടക്കമാകും. വാര്‍ഷികാഘോഷത്തിന്റെയും എന്റെ കേരളം 2023 മെഗാ പ്രദര്‍ശനവിപണനകലാമേളകളുടെയും സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍െ്രെഡവ് മൈതാനിയില്‍ ശനിയാഴ്ച്ച വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏപ്രില്‍ ഒന്ന് മുതല്‍ എട്ട് വരെയാണ് എറണാകുളത്ത് സംഘടിപ്പിക്കുന്നത്. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള ആവിഷ്‌കരിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിന് വൈകിട്ട് ഏഴിന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്ണന്‍കുട്ടി, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പി.രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എം.എല്‍.എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി ഗണേശ് കുമാര്‍, കെ.പി. മോഹനന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിക്കും. ജില്ലയില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എമാരുമടക്കമുള്ള ജനപ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും. 63680 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ഒരുങ്ങുന്ന മേളയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 36 തീം സ്റ്റാളുകള്‍ ഉള്‍പ്പെടെ 170 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്.
സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനത്തില്‍ വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍, കുടുംബശ്രീ, സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവരും പങ്കെടുക്കുന്നുണ്ട്. വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് ക്ലിനിക്കുകള്‍, ടെക്‌നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്‌സിബിഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.
പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകള്‍ മേളയുടെ ആകര്‍ഷണമാകും. ഏപ്രില്‍ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ആധാര്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവിലിയനില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാള്‍. മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന്‍ അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, തൊഴില്‍ എംപ്ലോയ്‌മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.
സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്‌സൈസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോര്‍ ഡിസ്‌പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ ദിവസവും ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും.
ഉദ്ഘാടന ദിവസമായ ഏപ്രില്‍ ഒന്നിന് സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡ് അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ (ഏപ്രില്‍ 6 വരെ) വൈകിട്ട് ഏഴു മുതല്‍ ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുര്‍ഗ വിശ്വനാഥ് വിപിന്‍ സേവ്യര്‍ ഗാനമേള, താമരശ്ശേരി ചുരം ബാന്‍ഡ്, അലോഷിയുടെ ഗസല്‍ രാത്രി, ആട്ടം ചെമ്മീന്‍ ബാന്‍ഡ് എന്നിവ അരങ്ങേറും. ഏപ്രില്‍ എട്ടിന് വൈകിട്ട് ഏഴിന് നടക്കുന്ന ഗിന്നസ് പക്രു സൂപ്പര്‍ മെഗാഷോയോടെ മേള സമാപിക്കും.

എന്റെ കേരളം 2023: കൊച്ചിയില്‍ ഇനി ആഘോഷങ്ങളുടെ ഏഴ് രാവുകള്‍

കൊച്ചി: ചടുല സംഗീതത്തിന്റെ മാസ്മര താളങ്ങളില്‍ ചുവടുവയ്ക്കാന്‍ കൊച്ചി ഒരുങ്ങി. അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇനിയുള്ള ഏഴ് നാളുകള്‍ കൊച്ചിയില്‍ ആവേശം വാനോളം.
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എറണാകുളം മറൈന്‍ െ്രെഡവ് മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നത്. ഉദ്ഘാടന ദിവസമായ ഏപ്രില്‍ ഒന്നിന് വൈകിട്ട് എട്ടിന് സ്റ്റീഫന്‍ ദേവസ്യയുടെ മാന്ത്രിക വിരലുകള്‍ കീ ബോര്‍ഡില്‍ വിസ്മയം തീര്‍ക്കും. ജാസി ഗിഫ്റ്റിന്റെയും ആട്ടം കലാസമിതിയുടെയും മിന്നും പ്രകടനം മറൈന്‍ െ്രെഡവിലെത്തുന്ന കാഴ്ചക്കാരെ ആഘോഷക്കൊടുമുടിയേറ്റും. നാടന്‍ പാട്ടിന്റെ ആവേശം താമരശേരി ചുരം കയറും.
ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെ നടക്കുന്ന മേളയില്‍ എല്ലാ ദിവസവും വൈകിട്ട് (ഏപ്രില്‍ 7 ഒഴികെ) പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികള്‍ നടക്കും.

ഏപ്രില്‍ ഒന്നിന് സ്റ്റീഫന്‍ ദേവസിയുടെ ലൈവ് ബാന്‍ഡ് ഷോ വേദിയില്‍ അരങ്ങേറും.
ഏപ്രില്‍ രണ്ടിന് ജാസി ഗിഫ്റ്റിന്റെ മ്യൂസിക് നൈറ്റ്, ഏപ്രില്‍ മൂന്നിന് പിന്നണി ഗായകരായ ദുര്‍ഗ വിശ്വനാഥ് വിപിന്‍ സേവ്യര്‍ എന്നിവരുടെ ഗാനമേള, ഏപ്രില്‍ നാലിന് താമരശ്ശേരി ചുരം മ്യൂസിക് ബാന്‍ഡിന്റെ പരിപാടി, ഏപ്രില്‍ അഞ്ചിന് അലോഷി പാടുന്നു, ഏപ്രില്‍ ആറിന് ആട്ടം ചെമ്മീന്‍ ബാന്‍ഡിന്റെ ഫ്യൂഷന്‍ പരിപാടി, ഏപ്രില്‍ എട്ടിന് ഗിന്നസ് പക്രുവിന്റെ മെഗാ ഷോ തുടങ്ങിയ പരിപാടികള്‍ മേളയുടെ മുഖ്യ ആകര്‍ഷണമാണ്.
യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കി ആവിഷ്‌കരിച്ചിരിക്കുന്ന മേളയില്‍ യുവാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കാന്‍ 30 സ്റ്റാളുകള്‍ അണിനിരക്കുന്നുണ്ട്. ആഘോഷങ്ങള്‍ അവസാനിക്കാത്ത കൊച്ചിയുടെ മണ്ണില്‍ 63680 ചതുരശ്രഅടി വിസ്തീര്‍ണത്തിലാണ് പ്രദര്‍ശന വിപണന മേള ഒരുങ്ങുന്നത്.