ഉന്നത വിദ്യാഭ്യാസ മേഖലയുടെ ശാക്തീകരണത്തിന് പ്രത്യേക കര്‍മപദ്ധതി: മന്ത്രി ഡോ. ആര്‍. ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ കാലത്തിനൊത്തു നവീകരിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക കര്‍മ്മ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. ജൂലൈ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരള സര്‍വകലാശാലയ്ക്ക് നാക് അ++ അംഗീകാരം ലഭിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറണമെന്ന് മന്ത്രി പറഞ്ഞു. സര്‍വകലാശാലകള്‍ ഇതിന്റെ പതാകവാഹകരാകണം. ലോകമെമ്പാടും വൈജ്ഞാനിക മേഖലകളില്‍ തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതു പ്രകടമാണ്. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസമേഖലയും ഇതിനൊപ്പം മാറേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഭാഗമായാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ ശാക്തീകരണ പദ്ധതി പ്രഖ്യാപിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തല്‍, ഗവേഷണ നിലവാരം വര്‍ദ്ധിപ്പിക്കല്‍, വൈജ്ഞാനിക സമൂഹമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടല്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാകും.
കേരള സര്‍വകലാശാലയ്ക്ക് ലഭിച്ച നാക്ക് എപ്ലസ്പ്ലസ് അംഗീകാരം ഉന്നതവിദ്യാഭ്യാസരംഗത്ത് ശാക്തീകരണത്തിന് കൂടുതല്‍ കരുത്ത് പകരുന്നതാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. താണു പത്മനാഭന്റെ പേരില്‍ കേരള സര്‍വകലാശാലയില്‍ ഇന്റര്‍ ഡിസിപ്ലിനറി കേന്ദ്രം ആരംഭിക്കും. കേരള സര്‍വകലാശാലയ്ക്ക് ലഭിച്ച അംഗീകാരം സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകള്‍ക്കും പ്രചോദനമാണ്. അംഗീകാരത്തിനായി പ്രയത്‌നിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും സര്‍വകലാശാല സിന്‍ഡിക്കേറ്റിനെയും മന്ത്രി അനുമോദിച്ചു.
കാര്യവട്ടം ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. വി.പി. മഹാദേവന്‍ പിള്ള, മുന്‍ വൈസ് ചാന്‍സലര്‍ മാരായ ഡോ.ബി. ഇക്ബാല്‍, ഡോ. എം.കെ. രാമചന്ദ്രന്‍ നായര്‍, ഡോ. എ. ജയകൃഷ്ണന്‍, എംജി സര്‍വകലാശാലയുടെയും കേന്ദ്ര സര്‍വകലാശാലയുടെയും മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജയിംസ്, സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ പ്രൊഫ. പി.പി. അജയകുമാര്‍, പ്രൊഫ. എസ് കെവിന്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.