ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു

കൊളംബോ: പ്രതിസന്ധികളെ തുടര്‍ന്ന് കലാപ കലുഷിതമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു. ട്വിറ്റര്‍ വഴിയാണ് രാജി പ്രഖ്യാപനം. സര്‍ക്കാരിന്റെ തുടര്‍ച്ച ഉറപ്പാക്കാനും എല്ലാ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ഥന മാനിച്ച് ഒരു സര്‍വകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കുമെന്നും അതിനായി താന്‍ രാജിവെക്കുന്നു എന്നുമാണ് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തത്. പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതി കയ്യേറി സര്‍ക്കാരിനെതിരേയുള്ള പ്രക്ഷോഭം കനത്തതോടെയാണ്‌റനില്‍ വിക്രമസിംഗെ പദവി ഒഴിഞ്ഞത്. പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ റെനില്‍ വിക്രമസിംഗെ സ്പീക്കറുടെ വസതിയില്‍ അടിയന്തര യോഗം വിളിച്ചിരുന്നു. യോഗത്തില്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടേയും രാജിയാവശ്യപ്പെട്ടിരുന്നു. ശ്രീലങ്കന്‍ ഭരണഘടനയനുസരിച്ച് താല്‍ക്കാലിക പ്രസിഡന്റായി സ്പീക്കര്‍ മഹിന്ദ യാപ അബേവര്‍ധന ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തലസ്ഥാനമായ കൊളംബോയില്‍ ആയിരക്കണക്കിന് പ്രതിഷേധകരാണ് തടിച്ചുകൂടിയിട്ടുളളത്. പ്രക്ഷോഭം ശക്തമായതോടെ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ചിലയിടങ്ങളില്‍ പൊലീസുകരും പ്രക്ഷോഭകര്‍ക്കൊപ്പമുണ്ട്. ശ്രീലങ്കന്‍ കായിക താരങ്ങളും പ്രക്ഷോഭത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. ശ്രീലങ്കയിലെ കാന്‍ഡി റയില്‍വേ സ്‌റ്റേഷന്‍ പൂര്‍ണമയും പ്രതിഷേധക്കാരുടെ നിയന്ത്രണത്തിലായി. പ്രസിഡന്റ് വസതിയും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തിരിക്കുകയാണ്. രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയില്‍, മേയില്‍ മഹിന്ദ രാജപക്‌സെ രാജിവച്ചതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിലൂടെ യുഎന്‍പിയുടെ (യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി) റനില്‍ വിക്രമസിംഗെ പ്രധാനമന്ത്രിയായത്.