സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; പ്രണവ്, ദുൽഖർ, മോഹൻലാൽ, മമ്മൂട്ടി എന്നിവർ പട്ടികയിൽ  

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു.

തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് (kerala state film awards) പ്രഖ്യാപനം നാളെ നടക്കും. വൈകിട്ട് അഞ്ച് മണിക്ക് മന്ത്രി സജി ചെറിയാനാകും വിജയികളെ പ്രഖ്യാപിക്കുക.

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസ ചെയർമാനായ അന്തിമ ജൂറി ചിത്രങ്ങളെല്ലാം കണ്ട് വിലയിരുത്തി കഴിഞ്ഞു.

മമ്മൂട്ടി, മകൻ ദുൽഖർ സൽമാൻ, മോഹൻലാൽ, മകൻ പ്രണവ് എന്നിവരുടെ ചിത്രങ്ങൾ പരസ്പരം മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ അവാർഡ് പ്രഖ്യാപനത്തിലെ വലിയ പ്രത്യേകത.

ഇവർക്കൊപ്പം  ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും രംഗത്തുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ദിലീപ്, ബിജു മേനോൻ, ഫഹദ് ഫാസിൽ, ടൊവിനോ തോമസ്, ജോജു ജോർജ്, ചെമ്പൻ വിനോദ്, ആസിഫ് അലി, നിവിൻ പോളി, സൗബിൻ ഷാഹിർ, സണ്ണി വെയ്ൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരുടെ ചിത്രങ്ങളും അവർഡിനായി മത്സരിക്കുന്നുണ്ട്.

വൺ, ദ പ്രീസ്റ്റ് എന്നിവയാണ് മമ്മൂട്ടിയുടെ മത്സര ചിത്രങ്ങൾ. ദൃശ്യം–2 ആണ് മോഹൻലാൽ ചിത്രം. നിധിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കാവൽ എന്ന ചിത്രത്തിലൂടെ സുരേഷ് ​ഗോപിയും മത്സര രം​ഗത്തുണ്ട്. റിലീസ് ചെയ്തത് മുതൽ ഏറെ ശ്രദ്ധനേടിയ റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’, വിനീത് ശ്രീനിവാസന്റെ  ‘ഹൃദയം’ എന്നിവ മത്സരരംഗത്തുണ്ട്. ‘നിഷിദ്ധോ’,‘ആണ്’, ‘ഖെദ്ദ’, ‘അവനോവിലോന’, ‘ദ് പോർട്രെയ്റ്റ്സ് ’ എന്നിവ മികച്ച സിനിമയ്ക്കുള്ള മത്സരത്തിനുണ്ട്.

മഞ്ജു വാരിയർ, പാർവതി തിരുവോത്ത്, കല്യാണി പ്രിയദർശൻ, നിമിഷ സജയൻ, അന്ന ബെൻ, രജീഷ വിജയൻ, ദർശന രാജേന്ദ്രൻ, ഐശ്വര്യലക്ഷ്മി, ഉർവശി, സുരഭി, ഗ്രേസ് ആന്റണി, നമിത പ്രമോദ്, മീന, മംമ്ത മോഹൻദാസ്, മഞ്ജു പിള്ള, ലെന, സാനിയ ഇയപ്പൻ, ദിവ്യ പിള്ള, അഞ്ജു കുര്യൻ, ദിവ്യ എം.നായർ, വിൻസി അലോഷ്യസ്, ഡയാന തുടങ്ങിയവരാണ് മികച്ച നടിക്കുള്ള മത്സരത്തിനുള്ളത്.