സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ദേശീയ സെമിനാര്‍ ജനുവരിയില്‍ ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യ കമ്മിഷന്റെ നേതൃത്വത്തില്‍ ജനുവരി 16, 17 തീയതികളില്‍ തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലില്‍ ദേശീയ സെമിനാര്‍ നടത്തും. കുട്ടികള്‍ക്കുള്ള പോഷക സംരക്ഷണം; വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലാണ് സെമിനാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
ദേശീയ സെമിനാറിന്റെ ലോഗോ പ്രകാശനം ബുധനാഴ്ച ഭക്ഷ്യ കമ്മിഷന്റെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ഗോപിനാഥ് മുതുകാടില്‍ നിന്ന് പി.ആര്‍.ഡി. അഡീഷണല്‍ ഡയറക്ടര്‍ കെ. അബ്ദുള്‍ റഷീദ് ലോഗോ ഏറ്റുവാങ്ങി. കാരയ്ക്കാമണ്ഡപം വിജയകുമാറാണ് ലോഗോ രൂപകല്‍പന ചെയ്തത്. ചടങ്ങില്‍ ഭക്ഷ്യ കമ്മിഷന്‍ അധ്യക്ഷന്‍ കെ.വി. മോഹന്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ അംഗങ്ങളായ വി. രമേശന്‍, അഡ്വ. പി. വസന്തം, കെ. ദിലീപ് കുമാര്‍, യുനിസെഫ് കണ്‍സള്‍ട്ടന്റ് ഡോ. എലിസബത്ത്, ഭക്ഷ്യ കമ്മിഷന്‍ മെമ്പര്‍ സെക്രട്ടറി കെ.എസ്. ശ്രീജ എന്നിവര്‍ പങ്കെടുത്തു.